
konnivartha.com : പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പിടവൂർ ആവണീശ്വരം അയണിപ്പള്ളിൽ വീട്ടിൽ നിന്നും കൂടൽ വട്ടുതറ പ്രകാശ് എന്നയാളുടെ ഈഴനെത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജന്റെ മകൻ ശ്രീജിത്തി(28)നെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ മധുവിന്റെ മകൻ അനിരുദ്ധനെ (19) ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.
കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30 ന് വൈകിട്ട് 5 മണിക്കാണ് സംഭവം. കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കയ്യേറ്റവും അതിക്രമവും ഉണ്ടായത്. പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികൾ പെട്രോൾ ആവശ്യപ്പെടുകയും, വൈകിയപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.തുടർന്ന്, സ്ഥലം വിട്ട പ്രതികൾ, മൂന്നാം പ്രതിയേയും കൂട്ടി 6.45 ഓടെ തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു. വിവരം പറയാൻ വിസമ്മതിച്ച ഓഫീസ് ജീവനക്കാരൻ സോമനെ ഇടിവളയുമായി ഓഫീസിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മൂക്കിലും മുഖത്തും ഇടിക്കുകയും തടസ്സം പിടിച്ച മറ്റൊരു ജീവനക്കാരനായ അനിലിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇടിവള ശ്രീജിത്തിൽ നിന്നും ഇന്ന് കണ്ടെടുത്തു. ശാലിനിയുടെ മൊഴിപ്രകാരം കേസെടുത്ത കൂടൽ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തിരുവനന്തപുരം പാളയത്തുള്ള ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്തുവന്ന രണ്ടാം പ്രതിയെ അവിടെ നിന്നും ഇന്നലെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ കെ പി ബിജു, എസ് സി പി ഒ വിൻസെന്റ്, സി പി ഓമാരായ ഫിറോസ്, അരുൺ, അനൂപ്, പ്രവീൺ എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.