പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്.
തിരുവനന്തപുരം പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രൻ നായർ എന്നാണ് യഥാർത്ഥ പേര്. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, തിരുമല ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകങ്ങളിലൂടെ പൂജപ്പുര അഭിനയരംഗത്തേക്ക് വന്ന പൂജപ്പൂര രവി കലാനിലയം ഡ്രാമാവിഷൻ എന്ന പ്രശസ്ത നാടക കളരിയുടെ ഭാഗമായി പ്രവർത്തിച്ചു.
1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളിൽ സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ അഭിനയിച്ച “കള്ളൻ കപ്പലിൽതന്നെ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായി.