konnivartha.com/ കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തിൽ പണികൾ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
എച്ച്.എൻ.എല്ലിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്. ആർ.ടി.സി സമർപ്പിക്കും. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു, എക്സിക്യൂട്ടിവ് എൻജിനയർ ബാല വിനായകം, അസി. എൻജിനിയർ എം.ജെ. നാൻസി, എച്ച്.എൽ.എൽ പ്രോജക്ട് മാനേജർ അജിത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പത്ത് വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയാഥാർത്ഥ്യമാകുന്നത്. 2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന പദ്ധതി ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് വീണ്ടും സജ്ജീവമായത്. 2.41 ഏക്കർ സ്ഥലത്താണ് ഡിപ്പോ നിർമ്മാണം.
നേരത്തെ 1.45 കോടി രൂപ യാർഡ് നിർമ്മാണത്തിന് അനുവദിച്ചിരുന്നു. നിലച്ചുപോയ കരിമാൻതോട് – ഗുരുവായൂർ സർവ്വീസ് പുന:രാരംഭിക്കുന്നതിനും മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.