Trending Now

പോപ്പുലര്‍ ഫിനാന്‍സ്: ഈ മാസം തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കും

 

konnivartha.com : വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ചുകളിലെ അവശേഷിക്കുന്ന സാധന സാമഗ്രികളും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കെട്ടിട ഉടമകളെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തിലാണ് ഈ മാസം തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായത്.

പോപ്പുലര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോന്നി വകയാറിലുള്ള രണ്ട് കെട്ടിടങ്ങളിലേക്കാണ് സാമഗ്രികള്‍ മാറ്റുന്നത്. സാധന സാമഗ്രികളുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മുന്‍പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കക്ഷികളുമായി യോഗം വിളിച്ചു ചേര്‍ത്ത് ഒഴിപ്പിക്കലിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ഓരോ ഓഫീസിലുമുള്ള സാധന സാമഗ്രികള്‍ ചിട്ടയായും ക്രമമായും വസ്തുവിവര പട്ടിക ക്രമ നമ്പറും അനുസരിച്ച് തരം തിരിക്കണം.

ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍, കോടതി ഉത്തരവുകള്‍ പാലിച്ച്, കൃത്യമായ രജിസ്റ്റര്‍ സൂക്ഷിച്ചു വേണം നിര്‍ദിഷ്ട സ്ഥലത്തേക്ക് സാധനങ്ങള്‍ മാറ്റാനെന്ന് കളക്ടര്‍ പറഞ്ഞു. സാധനങ്ങള്‍ സൂക്ഷിക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ കൈക്കൊണ്ടു കഴിഞ്ഞെന്നും ഒരാഴ്ചക്കുള്ളില്‍ തുടര്‍പ്രക്രിയകള്‍ പൂര്‍ത്തീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ അവരുടെ പ്രതിനിധിക്ക് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് മുക്ത്യാര്‍ എഴുതി ചുമതലപ്പെടുത്തി നല്‍കാം. ജൂണ്‍ മാസത്തില്‍ തന്നെ കെട്ടിട ഉടമകളുടെ പൂര്‍ണ സഹകരണത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും കെട്ടിടം വിട്ടുനല്‍കാനാവുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേശ്, താലൂക്ക് തഹസീല്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍, കെട്ടിടഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.