Trending Now

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ്: മുഖ്യമന്ത്രി

കെഫോണ്‍ നാടിനു സമര്‍പ്പിച്ചു
 മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ്

കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും എത്രയും വേഗം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമലക്കുടി ഉള്‍പ്പെടെ എല്ലായിടത്തും ഉടന്‍ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും കെഫോണ്‍ എന്ന റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ മെമ്പേഴ്സ് ലോഞ്ചില്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് – കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

‘അങ്ങനെ അതും നമ്മള്‍ നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി ഉദ്്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണു കെഫോണ്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കും – മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെയും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെയും ഉദാഹരണമാണു കെഫോണ്‍ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണുണ്ടായത്. അവിടെയാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത്. ആ നിലയ്ക്ക്, സര്‍ക്കാരിന്റെയും നാടിന്റെയും ജനകീയ ബദല്‍ നയങ്ങളുടെ ഉദാഹരണമായി മാറുകയാണ് കെഫോണ്‍ പദ്ധതി. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ ലഭ്യമാക്കിക്കഴിഞ്ഞു. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ നല്‍കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്കു കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. കെ-ഫോണിന്റെ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനുള്ള കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെതന്നെ ലഭിച്ചരുന്നു.
കോവിഡാനന്തരം രൂപപ്പെട്ട തൊഴില്‍ സംസ്‌കാരങ്ങളായ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം തുടങ്ങിയവയുടെ പ്രയോജനം പൂര്‍ണ തോതില്‍ ലഭിക്കുന്നതിനു മികച്ച ഇന്റര്‍നെറ്റ് സേവനം അനിവാര്യമാണ്. അതിനുള്ള ഉപാധിയാണു കെഫോണ്‍. കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ താമസിച്ചു ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ ആകര്‍ഷിച്ച്് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനമുണ്ടാക്കാന്‍ കെ-ഫോണിനു കഴിയും.

 

സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍നിന്നു ജനങ്ങള്‍ക്കു മോചനം നല്‍കാനും കെഫോണിനാകും. സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നു ചോദിച്ചവരുണ്ട്. പൊതുമേഖലയില്‍ ഒന്നും വേണ്ടെന്നും എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്റെ മൂലധന ശൈലിയില്‍ നിര്‍വഹിച്ചാല്‍ മതിയെന്നും ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഇത്തരം ആളുകള്‍ തന്നെയാണു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നും ദിവാസ്വപ്നമെന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചത്. കിഫ്ബിയിലൂടെയാണ് കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാനത്ത് തുടക്കമിട്ടത്. കെഫോണ്‍ നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവന്‍  പ്രദേശങ്ങളിലും എത്തിക്കാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കിഫ്ബി തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങള്‍ ചിന്തിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്‌സസ് ഉള്ളത്. ഗ്രാമപ്രദേശത്തത്ത് അത് 25 ശതമാനമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കവെയാണു കേരളത്തില്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ എതിരു പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്റര്‍നെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങള്‍ അങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ലോകം മുഴുവന്‍ മാറുന്നത് ഇക്കൂട്ടര്‍ കാണുന്നില്ല. കുടില്‍ വ്യവസായങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ഈ കാലത്തും അപരിഷ്‌കൃത ചിന്തകളുമായി നടക്കുന്നവര്‍ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചു വികസനം എന്നത് ഏതാനും  വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണ്. എന്നാല്‍, എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണു വികസനം എന്നാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

ഐടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. 33 വര്‍ഷം മുമ്പ് രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കിന് തിരുവനന്തപുരത്തു തുടക്കം കുറിച്ചത് ഈ ദീര്‍ഘവീക്ഷണത്തോടെയാണ്. ഇന്നിപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും കേരളത്തില്‍ത്തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്. 2016 മുതല്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഐടി മേഖല കൈവരിച്ചത്. 2016ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022ല്‍ അത് 17,536 കോടിയായി വര്‍ധിച്ചു. 2016ല്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നത് 2022ല്‍ 1,106 ആയി വര്‍ദ്ധിച്ചു. 2016ല്‍ 78,068 ജീവനക്കാരാണ് ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്തിരുന്നത്. ഇന്നത് 1,35,288 ആയി. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 2022-23 ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐടി കയറ്റുമതിയിലൂടെയുണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ 2,68,301 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തായി കേരളത്തില്‍ പുതിയ ഐടി ഓഫീസുകള്‍ ആരംഭിച്ചു ജി.എസ്.ടി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസില്‍) അംഗീകാരം കേരളത്തിനു ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചതും മറ്റൊരു അഭിമാനകരമായ നേട്ടം.

കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ബെല്‍ജിയത്തില്‍ നടന്ന ലോക ഇന്‍ക്യുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണുണ്ടാകുന്നത്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1,40,000 സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്നുലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. സംരംഭക വര്‍ഷ പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് ‘മിഷന്‍ തൗസന്‍ഡ്’ എന്ന പദ്ധതിയിലൂടെ 1,000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ളവയാക്കി വളര്‍ത്താനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയാണ്. അങ്ങനെ ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണു വ്യവസായ മേഖലയില്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നത്. നിലവിലുള്ള സംരംഭങ്ങള്‍ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട നിലയില്‍ തുടര്‍ന്നുപോകുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്.

2016ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 84 ശതമാനം വര്‍ധനവുണ്ടായി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2016ല്‍ 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയര്‍ന്നു. 54 ശതമാനത്തിലധികം വര്‍ദ്ധനവ്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12 ശതമാനവും വ്യാവസായിക അനുബന്ധ മേഖല 17.3 ശതമാനവും വളര്‍ച്ചയാണു കൈവരിച്ചത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 25 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 55 ശതമാനവും. കേരളത്തിന്റെ കടത്തെ ജിഎസ്ഡിപിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞു.

വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകള്‍ നല്‍കി. മൂന്നു ലക്ഷത്തോളം ആളുകള്‍ക്കു ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകള്‍ക്കാണ് 1,600 രൂപ നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ ആളുകള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്്. സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വര്‍ഷംകൊണ്ടു കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്കു തുല്യമായ നിലയിലേക്ക് ഉയര്‍ത്തുകയാണ്. അതിനായി കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണു കെ-ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി മുഖ്യമന്ത്രി കെ-ഫോണ്‍ മുഖാന്തരം ഓണ്‍ലൈനായി സംസാരിച്ചു. നിലമ്പൂരിലെ നഴ്സിങ് വിദ്യാര്‍ഥിനി വിസ്മയ, വയനാട് പന്തലാടിക്കുന്ന്് സെറ്റില്‍മെന്റ് നിവാസികള്‍, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാര്‍ എന്നിവരോടാണു മുഖ്യമന്ത്രി സംവദിച്ചത്.
ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

കെഫോണിന്റെ കൊമേഴ്സ്യല്‍ വെബ്പേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു. കെഫോണ്‍ ആപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും കെഫോണ്‍ മോഡം(ഒ.എന്‍.ടി) വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും പുറത്തിറക്കി. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍കര്‍, കെ-ഫോണ്‍ എം.ഡി. ഡോ. സന്തോഷ് ബാബു, കൗണ്‍സിലര്‍ മേരി പുഷ്പം, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ഡി.ഡി.ജി. ശോഭന, ഇ.ഡി.ബി.എല്‍. ശങ്കര സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തിലും ഉദ്ഘാടന ചടങ്ങുകള്‍ നടന്നു.
ജില്ലയില്‍ ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ ആറന്മുള മണ്ഡല തല പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും മൂന്നാളം ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അടൂര്‍ മണ്ഡല തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ തിരുവല്ല മണ്ഡലതല പരിപാടിയില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളില്‍ റാന്നി മണ്ഡലതല പരിപാടിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും  കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ കോന്നി മണ്ഡല തല പരിപാടിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തു.

 

കെ ഫോണ്‍ പദ്ധതി നാടിനെ വികസനനേട്ടങ്ങളിലേക്ക് കൊണ്ടുപോകും : ഡെപ്യൂട്ടി സ്പീക്കര്‍
കെ ഫോണ്‍ പദ്ധതി നാടിനെ ഡിജിറ്റല്‍ യുഗത്തിന്റെ പ്രാപ്യമായ എല്ലാ വികസനനേട്ടങ്ങളിലേക്കും കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  കെ ഫോണ്‍ പദ്ധതി അടൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം മൂന്നാളം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ആദ്യഘട്ടം എന്ന നിലയില്‍ 100 കണക്ഷനുകള്‍ ആണ് നല്‍കുന്നത്.

സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി വീടുകള്‍ക്കടക്കം കെ ഫോണിന്റെ സാധ്യതകള്‍ എത്തിക്കും. പൊതുജനങ്ങളില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന തരത്തിലാണ് കെ ഫോണ്‍ സജ്ജമാക്കിയിരിക്കുന്നത്.

നൂതനങ്ങളായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍  രൂപം നല്‍കിവരുന്നത്. ഈ ആധുനിക ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം അത്യന്താപേഷിതമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ആയി ആണ് പൊതുജങ്ങള്‍ക്ക് സേവനം നല്‍കുന്നത്. കുട്ടികളുടെ പഠനവുമായി ബന്ധപെട്ടും അഡ്മിഷന്‍ സംബന്ധമായും അങ്ങനെ ജീവിതത്തിന്റെ എല്ലാ തലത്തിലും ഇന്റര്‍നെറ്റിന്റെ ഉപയോഗവും ആവശ്യകതയും കൂടി വരികയാണ്. നൂതനമായ സാങ്കേതിക വിദ്യകളുടെ അനിവാര്യത കണക്കിലെടുത്തുകൊണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും വികാസനപരമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെഫോണ്‍. സുശക്തമായ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗല സംസ്ഥാനത്തിലുടനീളം  സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ 14000 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്കും മുപ്പതിനായിരത്തില്‍പരം ഓഫീസുകളിലേക്കും വ്യാപിക്കുകയാണ്. 20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കെ ഫോണ്‍ സേവനം ലഭ്യമാക്കുന്നത്. കെ എസ് ഇ ബിയും കെ എസ് ഐ ടി യും ചേര്‍ന്ന് സംയുക്തമായി കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് സമയത്താണ് ഇന്റര്‍നെറ്റിന്റെ ആവശ്യകത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമായതും ആ സമയത്താണ്. സാഹചര്യങ്ങള്‍ക്കനുസൃതമായി വളരെ വേഗത്തില്‍ വികസനപരമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യം വളരെ പ്രധാനപെട്ടതാണ്. മണ്ഡലത്തില്‍ കെ ഫോണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് സ്‌കൂളുകളാണ്  തെരെഞ്ഞെടുത്തിട്ടുള്ളത്. അതില്‍ ഒന്ന് മൂന്നാളവും രണ്ട് ചെന്നമ്പള്ളി സ്‌കൂളുമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ ഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍,
മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരകുറുപ്പ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രശാന്ത് ചന്ദ്രന്‍ പിള്ള, ഹെഡ്മിസ്ട്രസ് ലീന, അടൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി. രവീന്ദ്രന്‍, പിടിഎ പ്രസിഡന്റ് വിദ്യാ രാജേഷ്, കൗണ്‍സിലര്‍മാരായ അനിതാദേവി, ഡി. സജി, മഹേഷ് കുമാര്‍, അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

കെ ഫോണ്‍ വിവര സാങ്കേതിക വിദ്യാരംഗത്തെ വലിയ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്
കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന ചുവടുവയ്പ്പാണ് കെ ഫോണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ ഫോണ്‍ ആറന്മുള മണ്ഡല തല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജനങ്ങള്‍ക്കും ഒരേ പോലെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് കെ ഫോണ്‍. സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ ഇന്റര്‍നെറ്റിന്റെ വരവ് ഇല്ലാതെയാക്കി. ഇന്റര്‍നെറ്റ് മൗലിക അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് സാമൂഹിക മുന്നേറ്റത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന ഒന്നാണ് കെഫോണ്‍ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

 

ജില്ലയില്‍ കെ – ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതുവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പടെ 1331 സ്ഥാപനങ്ങളിലും ഇതിനകം കെ -ഫോണ്‍ കണക്ഷന്‍ നല്കിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

കെഫോണ്‍: സാധാരണക്കാരായ കുട്ടികളുടെ വളര്‍ച്ച ലക്ഷ്യം- അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
സാധാരണക്കാരായ കുട്ടികളും ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപെടുത്തി പഠിച്ച് വളര്‍ന്നു വരുന്ന സാഹചര്യം ഉണ്ടാകണം എന്നതാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം  കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വളരെ വേഗം വൈജ്ഞാനിക സമൂഹത്തിലേക്ക് നാം മാറുകയാണ്. വിജ്ഞാനം മൂലധനം ആകുന്ന കാലഘട്ടത്തില്‍ വിവസാങ്കേതികവിദ്യയുടെ സങ്കേതം സാധാരണക്കാരന്റെ കുട്ടികള്‍ക്കും ലഭ്യമാക്കി അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകണം. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇന്റര്‍നെറ്റ് പ്രാപ്തമാക്കി കൊടുക്കാതിരുന്നാല്‍ നാളെ മുഖ്യധാരയില്‍ നിന്ന് അവര്‍ പിന്തള്ളപെട്ട് പോകും എന്ന തിരിച്ചറിവ് ഉണ്ടാകണം.

 

ഈ കാലഘട്ടത്തിലെ അനിവാര്യമായ ഒരു വിപ്ലവമാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത. കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോള്‍ ഓരോ കുടുംബത്തിനും ജീവിത നിലവാരം ഉയരുകയും സാമൂഹിക മാറ്റത്തിനും വികസനത്തിനും നാന്ദികുറിക്കാനും സാധിക്കണം.
ഓഫീസ് സംവിധാനങ്ങള്‍, ഇടപാടുകള്‍ എല്ലാം ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന കാലത്തേക്ക് അതിവേഗം അടുക്കുകയാണ്. ചില ആളുകള്‍ മാത്രം ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുകയും സാധരണക്കാരായവര്‍ ഇതില്‍ നിന്നും വേര്‍പെട്ട് പോകുന്ന അവസ്ഥയായ ഡിജിറ്റല്‍ വിടവ് മറി കടക്കുന്നതിനാണ് കെഫോണ്‍ പദ്ധതി കൊണ്ടുവരുന്നത്.

 

ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ് അനിവാര്യമാണ്. എല്ലാ വിഭാഗം ആളുകളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വിവര സാങ്കേതികവിദ്യ  വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യം വയ്ക്കുമ്പോള്‍ സാമൂഹിക പുരോഗതിയെ സഹായിക്കുന്ന ഒരു സാങ്കേതിക മുന്നേറ്റമായി പദ്ധതിയെ പരിഗണിക്കാം. ഇന്റര്‍നെറ്റ് ഉപയോഗം പൗരാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ സുരക്ഷിതവും വിശ്വാസനീയവും ഇനിയും വിപുലീകരിക്കാവുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും മറ്റ് സംവിധാനങ്ങളും ഒരുക്കി ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ വീടുകളിലും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ 2017ല്‍ പ്രഖ്യാപിച്ച പദ്ധതി മുന്നോട്ട് പോയത് അതേ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിനാല്‍ ആണെന്നും എംഎല്‍എ പറഞ്ഞു.
ഐകെഎം നോഡല്‍ ഓഫീസര്‍ കെ. ബിനുമോന്‍ പദ്ധതി അവതരിപ്പിച്ചു.  തിരുവല്ല നിയോജക മണ്ഡലത്തില്‍ 236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കെ ഫോണ്‍ പദ്ധതി ലഭ്യമാക്കി.

 

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി, ജനതാദള്‍(എസ്) പ്രതിനിധി പ്രൊഫ.അലക്സാണ്ടര്‍ കെ.ശാമുവേല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡംഗം അഡ്വ. വി.ആര്‍. സുധീഷ്, സിപിഎം എല്‍.സി സെക്രട്ടറി വിശാഖ് കുമാര്‍, ആസൂത്രണസമിതി ചെയര്‍മാന്‍ അനൂപ് അബ്രഹാം, തിരുവല്ല തഹസില്‍ദാര്‍ പി.എ. സുനില്‍, കെഎസ്ഇബി അസി. എക്സി. എഞ്ചിനീയര്‍ എം.കെ. പ്രസീദ, കുറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

കെ-ഫോണ്‍ നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ പങ്കു വഹിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

മലയോര മണ്ഡലമായ കോന്നിയുടെ സാമൂഹ്യ മുന്നേറ്റത്തിന് കെ-ഫോണ്‍ വലിയ പങ്കുവഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഇന്റര്‍നെറ്റ് അടിസ്ഥാന ആവശ്യമായി അംഗീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പല രാജ്യങ്ങളിലും വലിയ കോര്‍പ്പറേറ്റുകളാണ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ദാതാക്കള്‍. എന്നാല്‍, ലോകത്തിന് ആകെ മാതൃകയായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനദാദാക്കളായി മാറിക്കഴിഞ്ഞു. സാധാരണക്കാരന് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കൊണ്ട്  കെ-ഫോണ്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്
ഇന്റര്‍നെറ്റിന്റെ കാലത്തേക്ക് കടന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്ത പല സ്ഥലങ്ങളും കോന്നിയിലുണ്ട്. ഇ

ങ്ങനെയുള്ള ഗ്രാമങ്ങളിലെ ഓരോ വീടുകളിലും  കെ-ഫോണ്‍ എത്തുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും ഏറെ സഹായകരമായ സ്ഥിതിയുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി, വാര്‍ഡ് അംഗങ്ങളായ ജി. രശ്മി, പ്രസന്നകുമാരി, തോമസ് ജോസ് അയ്യനേത്ത്, എം.വി. സുധാകരന്‍, കോന്നി തഹസില്‍ദാര്‍ കെ. മഞ്ജുഷ, കെഎസ്ഇബി പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനു കൃഷ്ണന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിന്ധു കെ.ജി. കുറുപ്പ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. സുജ തുടങ്ങിയവര്‍ പങ്കെടുത്തു.