Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/06/2023)

കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന്

കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

ലൈബ്രേറിയന്‍ അഭിമുഖം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ആറിനു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രറി സയന്‍സില്‍ ബിരുദം/ ഡിപ്ലാമ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. സേവന കാലാവധി 2024 മാര്‍ച്ച് 31 വരെ. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-41. ഫോണ്‍: 04735227703.

ഗതാഗത നിയന്ത്രണം

കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം ബിഎം ആന്റ് ബിസി നടക്കുന്നതിനാല്‍ ഇന്നു (2) മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ തൃപ്പാറ-ചന്ദനപ്പളളി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ജൂണ്‍ 15 ന് ആരംഭിക്കുന്ന പിഎസ്സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി ആന്റ് എംഎസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469

 

ഖരമാലിന്യ സംസ്‌കരണം: ഗ്രാമ-നഗരസഭ തലത്തില്‍ ഹരിതസഭ ജൂണ്‍ അഞ്ചിന്

ഖരമാലിന്യ പരിപാലന സംസ്‌കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള
ഒന്നാംഘട്ടമായ അടിയന്തിരഘട്ട പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെയുള്ള കാമ്പയിനും ജൂണ്‍ അഞ്ചിന് പൂര്‍ത്തിയാകും. ഒന്നാംഘട്ട സമാപനമായ ജൂണ്‍ അഞ്ചിന് ഹരിതസഭ ഗ്രാമ/നഗരസഭ തലത്തില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റിന് സമര്‍പ്പിക്കും.

ഖരമാലിന്യ പരിപാലന സംസ്‌ക്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കലും ജൈവ മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഉത്പാദകരുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകളെ ആശ്രയിച്ച് ജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം നടക്കുന്നുവെന്ന് ഉറപ്പാക്കല്‍, ഹരിതകര്‍മ്മസേന വഴി 100 ശതമാനം വാതില്‍പ്പടി ശേഖരണം, മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ മനോഹരമാക്കി പൂര്‍ണമായി വീണ്ടെടുക്കല്‍, ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹരിതസഭ സംഘടിപ്പിക്കേണ്ടത്. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി-സര്‍വീസ് സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ-അയല്‍ക്കൂട്ട സെക്രട്ടറി/പ്രസിഡന്റ്, സിഡിഎസ്-എഡിഎസ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍എസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകന്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍സ്, വാര്‍ഡുതല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍, ഘടകസ്ഥാപന പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷണേഴ്സ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കുറഞ്ഞത് 150 പേരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.

ഹരിതസഭയില്‍ അവലോകന റിപ്പോര്‍ട്ട് അവതരണവും റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചയും ഉണ്ടാകും. ചര്‍ച്ചയ്ക്കു ശേഷം സോഷ്യല്‍ ഓഡിറ്റ് ടീമിന് തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്‍ റിപ്പോര്‍ട്ട് കൈമാറും. ഇതോടനുബന്ധിച്ച് ശുചിത്വ പ്രതിജ്ഞയും ചെയ്യും. ജില്ലയില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ളവര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചതായും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ അറിയിച്ചു.

സി-പ്രോഗ്രാമിംഗ് കോഴ്‌സിന് അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്്‌നോളജിയുടെ കീഴിലുള്ള അടൂര്‍ സബ്‌സെന്ററില്‍ പ്ലസ് ടു പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള സി- പ്രോഗ്രാമിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

എഞ്ചീനീയറിംഗില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേകം രൂപ കല്‍പ്പന ചെയ്ത ഈ കോഴ്‌സില്‍ എല്ലാ എഞ്ചീനീയറിംഗ് ബ്രാഞ്ചുകള്‍ക്കും ആവശ്യമായ സി-പ്രോഗ്രാമിംഗിന്റെ ഭാഗങ്ങള്‍ പാഠ്യ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് (90 ശതമാനവും അതില്‍ കൂടുതലോ ) വാങ്ങുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഫീസ് ആനുകൂല്യം ലഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ്സെറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 9947123177.

നിയമസഭാ സമിതി സിറ്റിംഗ്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.

കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും യോഗത്തില്‍ ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.

 

കരിയര്‍ ഗൈഡന്‍സ് ശില്‍പശാല

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ വിജയം നേടിയ കുട്ടികള്‍ക്കായി ഏകദിന ഉപരിപഠന- തൊഴില്‍ മാര്‍ഗ ശില്‍പശാല (ജൂണ്‍ 3) രാവിലെ 9.30 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. റിസര്‍ച്ച് ഓഫീസറായ ഡോ. രഞ്ജിത്ത് സുഭാഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഉന്നതപഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനുള്ള ക്രമീകരണവും ഉണ്ടാകും. രജിസ്ട്രേഷന്‍ സൗജന്യം. രജിസ്ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 8547716844, 8157094544 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ  യോഗം ജൂണ്‍ അഞ്ചിന്
ആരോഗ്യ ജാഗ്രത 2023 പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കര്‍മ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഇന്റര്‍സെക്ടറല്‍ യോഗം ജൂണ്‍ അഞ്ചിന് വൈകിട്ട് മൂന്നിന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍  നടത്തുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍  ഏഴിന് പകല്‍ നാലിന് മുമ്പായി  പ്രിന്‍സിപ്പല്‍, വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 266671.

ക്വട്ടേഷന്‍ റദ്ദ് ചെയ്തു
കോളജ് നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തെ മുറിച്ചുമാറ്റിയ മരങ്ങള്‍ വില്‍ക്കുന്നതിനായി ജൂണ്‍ ഒന്‍പതിന് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.തടിയുടെ അടിസ്ഥാന വില ഒരു ലക്ഷത്തിന് മുകളില്‍ ആയതിനാല്‍ ക്വട്ടേഷന്‍ നടപടികള്‍ സാധിക്കില്ല.ആയതിനാല്‍ ക്വട്ടേഷന്‍ റദ്ദ് ചെയ്ത് ഉത്തരവായതായി ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഡെപ്യൂട്ടേഷന്‍ നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  കീഴിലുളള ജില്ലാ ശുചിത്വ മിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി നോക്കി വരുന്നവരും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളളവരുമായ ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട്  ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ(ഐഇസി)  ഒരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ആറ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററിന്റെ(സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ www.suchitwamission.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

 

താത്പര്യമുളള അപേക്ഷകര്‍ വകുപ്പ് മേധാവിയുടെ എന്‍ഒസി സഹിതം  ജൂണ്‍ 15 ന് വൈകുന്നേരം മൂന്നിന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സംസ്ഥാന ശുചിത്വ മിഷന്‍, റവന്യൂ കോപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്.തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.

error: Content is protected !!