സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്യും.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2023 -24 അദ്ധ്യയന വർഷത്തെ കലണ്ടർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഹലോ ഇംഗ്ലീഷ് – കിഡ്‌സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്യും.
അടൂർ പ്രകാശ് എം പി, ഐ ബി സതീഷ് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നവകേരളം കർമ പദ്ധതി 2 കോർഡിനേറ്റർ ഡോ. ടി എൻ സീമഎന്നിവർ മുഖ്യാതിഥികളാകും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വൽസല കുമാരി എന്നിവർ സംബന്ധിക്കും. മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ശേഷമായിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന് പുറമെ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംസ്ഥാന വ്യാപകമായി നടക്കും.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം – 2023
കൈറ്റ് വിക്ടേഴ്സിൽ
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഉണ്ടാകും. മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ ഒന്നിന് (ഇന്ന്) രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത കുട്ടികളുടെ ആശംസകളും കലാപ്രകടനങ്ങളും പ്രവേശനോത്സവ പ്രത്യേക പരിപാടിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ facebook.com/victerseduchannel, youtube.com/itsvicters, victers.kite.kerala.gov.in എന്നീ പേജുകളിലും തത്സമയം സംപ്രേഷണം ഉണ്ടാകും.