Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/05/2023)

 

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.

ഗതാഗത നിയന്ത്രണം

കുരമ്പാല-പൂഴിക്കാട്-മുട്ടാര്‍-വലക്കടവ് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 29 മുതല്‍ ഏഴ് ദിവസത്തേക്ക് ഈ റോഡില്‍കൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തെഴിലാളി ക്ഷേമനിധി പദ്ധതി എന്നിവിടങ്ങളില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുളള മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി മെയിന്‍സ് പരീക്ഷകളുടെ പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെയും ഫീസ് ഒടുക്കുന്നതിന്റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി. 10 മാസമാണ് കോഴ്സ് കാലാവധി. വെബ്‌സൈറ്റ് : സശഹല.സലൃമഹമ.ഴീ്.ശി, ഫോണ്‍ :0468 2320158, 7907099629, 0471 2309012

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: കലാജാഥ പര്യടനം മേയ് 29ന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ മേയ് 29ന് പത്തനംതിട്ട ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മേയ് 29ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊച്ചിന്‍ കലാഭവനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍, വീഡിയോ പ്രദര്‍ശനം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമന്വയിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുക. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യവുമുള്ള വാഹനത്തിലാണ് പരിപാടികള്‍ നടക്കുക.

പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന ജില്ലയിലെ പര്യടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ്, കോന്നി ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണര്‍, അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പന്തളം ബസ് സ്റ്റാന്‍ഡ്, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, തിരുവല്ല കെഎസ്ആര്‍ടിസി, മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ പിന്നിട്ട് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.

എന്റെ കേരളം പ്രദര്‍ശന വിപണന മേള:61,63,290 രൂപയുടെ വിറ്റുവരവ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 61,63,290 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 13,54,627 രൂപയും ഉള്‍പ്പെടെ ആകെ 27,00150 രൂപ വരുമാനം ലഭിച്ചു. കണ്‍സ്യൂമര്‍ ഫെഡ് 4,25,708 രൂപയും സഹകരണ വകുപ്പിന്റെ കോപ്മാര്‍ട്ട് 1,60,644 രൂപയും വില്‍പ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 16,40,500 രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്.

പ്രധാന സ്റ്റാളുകളും വരുമാനവും: സാമൂഹിക നീതി വകുപ്പ്- 4,33,431 രൂപ, ഫിഷറീസ് വകുപ്പ്- 2,03,528 രൂപ, മില്‍മ 1,90,000 രൂപ, ഖാദി ഗ്രാമ വ്യവസായം- 62,383 രൂപ, തണ്ണിത്തോട് മില്‍മ- 75,000 രൂപ, പട്ടികവര്‍ഗ വികസന വകുപ്പ്-55,000 രൂപ, എഎന്‍ബി ഫുഡ് ഇന്‍ഡസ്ട്രിസ്- 55,000 രൂപ, ദിനേശ് ഫുഡ്‌സ്-70,000 രൂപ, ബി ഡ്രോപ്സ്- 45,000 രൂപ, കൃപ ടെയ്ലറിംഗ് യൂണിറ്റ്- 1,50,000 രൂപ, വോള്‍ട്ടോ പെയിന്റ്സ് – 50,000 രൂപ, എസ് എസ് ഹാന്റി ക്രാഫ്റ്റ്സ്-67,000 രൂപ, ഡ്രീംസ് ഫുഡ്‌സ്- 46,500 രൂപ, നിര്‍മല്‍ ഗാര്‍മെന്റസ്-45,000 രൂപ, ഡ്രീംസ് സ്റ്റാര്‍- 40,000 രൂപ, പുലരി ഫുഡ്‌സ്- 65,000 രൂപ, എല്‍ സണ്‍-40,000 രൂപ, തേജസ്-1,50,000 രൂപ, ആര്‍.എസ് ഏജന്‍സീസ്- 50,000 രൂപ, മിറക്കോസ് സ്‌പൈസസ് -1,00,000 രൂപ, നീലഗിരി ഏജന്‍സീസ് -65,000 രൂപ, ആശ്വാസ് -50,000 രൂപ.

പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായിരുന്നു ഇത്തവണത്തേത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകള്‍, ഡോഗ്ഷോ, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, തല്‍സമയ മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് (ബിടുബി മീറ്റ്) ശ്രദ്ധേയമായി മാറി. ചെറുകിട വ്യവസായം നടത്തുന്ന ഉത്പാദകരെയും ഉത്പന്നം വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന വ്യാപാരികളെയും തമ്മില്‍ ബന്ധപ്പെടുത്തി നല്‍കുക എന്നതായിരുന്നു ബിടുബി മീറ്റിന്റെ ലക്ഷ്യം.

ചെറുകിട വ്യവസായികള്‍ക്ക് അവരുടെ ഉത്പന്നം ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്പന നടത്താനും കൂടുതല്‍ വിപണി കണ്ടെത്താനും സാമ്പത്തിക അഭിവൃത്തി കൈവരിക്കാനും ബിടുബി മീറ്റിലൂടെ വഴിയൊരുക്കി. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാറ്റാരുടെയും സഹായം കൂടാതെ ആവശ്യമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തുവാനും വാങ്ങുവാനും സാധിച്ചു. ഇത്തരത്തില്‍ മേളയുടെ ഏഴു ദിവസങ്ങളിലും ബിടുബി ഏരിയ സജീവമായിരുന്നു. 50 ചെറുകിട വ്യവസായികളും വ്യാപാരികളും ബിടുബി ഏരിയ സന്ദര്‍ശിക്കുകയും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപെടുത്തുകയും വ്യാപാരികള്‍ ഇവ കണ്ടു മനസിലാക്കുകയും ചെയ്തു.

ഗസ്റ്റ് ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ മൂന്ന് ഗസ്റ്റ് ലക്ചറര്‍, ഒരു ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദം ആണ് ഗസ്റ്റ്ലക്ചറര്‍ തസ്തികയുടെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമ ആണ് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയുടെ യോഗ്യത.
ഫോണ്‍: 0469 2650228.

ഗസ്റ്റ്ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദം ആണ് യോഗ്യത. ഫോണ്‍: 0469 2650228

ഗസ്റ്റ്ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് ബി.ഇ/ബി.ടെക്ക് ബിരുദം ആണ് യോഗ്യത.

ഡെമോണ്‍സ്ട്രേറ്റര്‍ / ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ / ട്രേഡ്സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമ ആണ് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയുടെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ ഇവയിലേതെങ്കിലും ആണ് ട്രേഡ്സ്മാന്‍ തസ്തികയുടെ യോഗ്യത.

വര്‍ക്ക് ഷോപ്പ് സൂപ്രണ്ട്, ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് സര്‍ക്കാര്‍ കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട്, ട്രേഡ്സ്മാന്‍ (ഫിറ്റിംഗ്),ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്),ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 ന് രാവിലെ 11 ന്് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്ക് ബിരുദം(മെക്കാനിക്കല്‍) ആണ് വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയുടെ യോഗ്യത.

ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ ഇവയിലേതെങ്കിലും ആണ് ട്രേഡ്സ്മാന്‍ തസ്തികയുടെ യോഗ്യത.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ : 600/2019) തസ്തികയുടെ 02/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 24.05.23 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

വെബിനാര്‍
വ്യവസായ വാണിജ്യ വകുപ്പ് സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മേയ് 31 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്ഫോമായ സൂം മീറ്റ് വഴിയാണ് വെബിനാര്‍ നടത്തുന്നത്. താത്പര്യമുളളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0484 2550322, 2532890.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ 2023-24 അധ്യയനവര്‍ഷം പ്ലസ് വണ്‍ (ഹുമാനിറ്റീസ്) കോഴ്സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കുറവുള്ളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു.ആകെയുള്ള സീറ്റുകളില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20ശതമാനം പട്ടികജാതിക്കാര്‍ക്കും 10ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു.പട്ടികജാതി/മറ്റ് പൊതു വിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍, സീറ്റുകള്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും.

പ്രവേശനത്തിനുള്ള അപേക്ഷകള്‍ സംസ്ഥാനത്തെ വിവധ ഐ.ടി.ഡി.പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡെവലപ്മെന്റ്് ഓഫീസ്/ വടശേരിക്കര ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയ്റ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്,എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പുകള്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം,ഭക്ഷണം, പാഠപുസ്തകങ്ങള്‍, യൂണീഫോം, നൈറ്റ്ഡ്രസ്, ചെരുപ്പ്, കുട എന്നിവ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പത്. ഫോണ്‍: 99446988929

error: Content is protected !!