Trending Now

സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍
ഇത് മാറ്റങ്ങളുടെ കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്

ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

konnivartha.com:പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടായ കാലഘട്ടം വേറെയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ – വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ചന്ദനക്കുന്ന് ഗവ യു.പി സ്‌കൂള്‍. സ്‌കൂളിന്റെ വികസനം നാടിന്റെ പുരോഗതിക്ക് കൂടുതല്‍ ഊര്‍ജം പകരും. ആറന്മുള നിയോജകമണ്ഡലത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ എല്ലാ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമായെന്നും ഇനിയുള്ള ചുരുക്കം ചില വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് ആംശംസയും നേര്‍ന്നാണ് മന്ത്രി മടങ്ങിയത്.

കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.43 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണവും സ്‌കൂള്‍ വാര്‍ഷിക ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബി. എസ്. അനീഷ് മോന്‍, പോള്‍ രാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോന്‍, എസ്.എം.സി ചെയര്‍മാനും പഞ്ചായത്ത് അംഗവുമായ വി.വിനോദ്, എസ്.എസ്.കെ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ലെജു തോമസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.സുജമോള്‍, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ജെ നിഷ, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധി പ്രൊഫ. ഡി. പ്രസാദ്, സീനിയര്‍ അധ്യാപിക ഐശ്വര്യ സോമന്‍, ഹെഡ്മിസ്ട്രസ് സിന്ധുഭാസ്‌കര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തില്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തപ്പോള്‍ അതില്‍ ഉള്‍പ്പെട്ട അടൂര്‍ കിഴക്കുപുറം ഗവ. ജിഎച്ച്എസ്എസിന്റെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനൊപ്പം അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ.്ആശ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, എസ്എംസി ചെയര്‍മാന്‍ എം.സജി , എഇഒ സീമ ദാസ്, പിടിഎ പ്രസിഡന്റ് വി ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയകുമാര്‍, വി.എസ് ജയകൃഷ്ണന്‍, ഉഷ ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

കണ്ണൂര്‍ ധര്‍മടം മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പങ്കെടുത്തു. ചടങ്ങില്‍ മൂന്ന് ടിങ്കറിങ് ലാബുകള്‍ കൂടി ഉദ്ഘാടനം ചെയ്തു.