കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎൽഎമാരായ കെ.ജെ ജോർജ്, എം.ബി പാട്ടീൽ,ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ ,സതീഷ് ജാർക്കിഹോളി,എന്നിവർ പുതുതായി അധികാരമേറ്റ കർണാടക സർക്കാരിൽ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡി രാജ, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാർ, പിഡിപിയുടെ മെഹബൂബ മുഫ്തി, എൻസിപിയിലെ ശരദ് പവാർ, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സിപിഐ എമ്മിന്റെ സീതാറാം യെച്ചൂരിയും നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.