Trending Now

എന്റെ കേരളം പ്രദര്‍ശന വിപണന മേള( 16/05/2023)

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ (മേയ് 17) രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍.

രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡ്.

 

യുവാക്കളിലെ ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും സെമിനാര്‍ ശ്രദ്ധേയമായി

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ യുവാക്കളിലെ ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ  സെമിനാര്‍ ശ്രദ്ധേയമായി. നാറാണംമൂഴി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. വിനോദ് ക്ലാസ് നയിച്ചു. ജീവിതശൈലി രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, പിസിഒഡി, കാന്‍സര്‍ തുടങ്ങിയവ യുവാക്കളില്‍ വര്‍ധിച്ചുവരുന്നു. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ക്രമം തെറ്റിയ ആഹാര രീതികള്‍, വ്യായാമമില്ലായ്മ, നവ ജീവിതശൈലികള്‍ എന്നിവയാണ്. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മിതമായ ആഹാരം, ചിട്ടയായ വ്യായാമം, ശരിയായ വിശ്രമം എന്നിവ ശീലമാക്കണം. ആഹാരത്തില്‍ പ്രോട്ടീന്‍സ്, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ചിട്ടയായ വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയത്തിന്റെയും ശാസകോശങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുകയും ഹൃദ്രോഗ സാധ്യത കുറയുകയും ചെയ്യും. രോഗാതുരയെ കുറയ്ക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. ശരിയായ വിശ്രമം ഹൃദയാരോഗ്യം മെച്ചപ്പെടുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും വിഷാദ രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ജില്ലയിലുള്ള 21 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളിലൂടെ പൊതു ജനങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സൗജന്യ യോഗ പരിശീലനവും ലഭിക്കും.

ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ്. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. മല്ലപ്പുഴശേരി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമേഷ് വാസുദേവന്‍ പങ്കെടുത്തു. സെമിനാറിനു ശേഷം ജീവിതശൈലി രോഗങ്ങളെ തടയുന്നതിനായി എല്ലാ ദിവസവും ശീലമാക്കാവുന്ന ലഘു യോഗ പ്രദര്‍ശനവും സൂര്യ നമസ്‌കാരവും എ.എസ്.ഹരീഷ് കുമാര്‍, എസ്.സ്മിത എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

 

 

വധു വരന്റെ വീട് സന്ദര്‍ശിക്കണം, അത് അവകാശം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് സന്ദര്‍ശിക്കണം, അത് അവകാശമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഉത്തരം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശുക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശിക്കവേയാണ് എംഎല്‍എയോട് വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് സന്ദര്‍ശിക്കണോയെന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടത്. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം ഈ ചോദ്യത്തിന്റെ ഉത്തരമെഴുതി അവിടെ നല്‍കിയിട്ടുള്ള ബോര്‍ഡില്‍ ഒട്ടിക്കാനും സൗകര്യമുണ്ട്.

വനിതാശിശുക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. വനിതകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രത്തിന്റെ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീധനനിരോധന നിയമം, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, പ്രധാനപ്പെട്ട ഫോണ്‍നമ്പരുകള്‍, പരാതികള്‍ സമര്‍പ്പിക്കേണ്ട വിധം, പോക്സോ ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, വനിതാശിശുവികസന വകുപ്പിന്റെ പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണവും സ്റ്റാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് കൂടാതെ, അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിഡ്സ് കോര്‍ണര്‍, ആക്ടിവിറ്റി കോര്‍ണര്‍, അമൃതംപൊടി കൊണ്ട് പാചകം ചെയ്ത ആഹാരങ്ങള്‍ എന്നിവയും ഈ സ്റ്റാളിന്റെ പ്രത്യേകതയാണ്.

പടുതക്കുളത്തിലെ മത്സ്യകൃഷി രീതി പഠിക്കാം;വരൂ എന്റെ കേരളം മേളയിലേക്ക്

ജില്ലാ സ്റ്റേഡിയത്തിലെത്തിയാല്‍ പടുതക്കുളത്തിലെ മത്സ്യകൃഷിയും, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റവും കണ്ട് അലങ്കാരമത്സ്യങ്ങളുമായി മടങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

ഫിഷറീസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളില്‍ പടുതക്കുളത്തിലെ മത്സ്യകൃഷി രീതിയുടെ പ്രവര്‍ത്തന മാതൃക ശ്രദ്ധ നേടുന്നു. അതിസാന്ദ്രതാ രീതിയില്‍ മത്സ്യങ്ങള്‍ വളര്‍ത്തുന്ന നൂതന സംവിധാനമാണ് റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം. ഒരേ സമയം പച്ചക്കറികളും മത്സ്യവും വളര്‍ത്തിയെടുക്കുന്ന സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ് അഥവാ റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനഃചക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യവിസര്‍ജ്യങ്ങളിലെ രാസമാലിന്യമായ അമോണിയയെ ജൈവിക മാര്‍ഗത്തിലൂടെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റാക്കി മാറ്റുന്ന ഈ സംവിധാനം സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നു.

ഇത് കൂടാതെ വിവിധയിനം തദ്ദേശീയ അലങ്കാര മത്സ്യങ്ങളെ അക്വേറിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കുന്നു.
സീബ്ര, നാടന്‍ വരാല്‍, കാര്‍പ്പ്, പരല്‍, പള്ളത്തി, ചില്ലാന്‍, മെലോണ്‍ ബാര്‍ബ്, കാരി, അനാബാസ്, ആരകന്‍, ആസാം വാള, തിലാപ്പിയ എന്നീ മത്സ്യങ്ങളെയാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി, മത്സ്യബന്ധനമേഖലാ പദ്ധതികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വിശദീകരിക്കുന്നതിന് സ്റ്റാളില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ സംഘടിപ്പിച്ചിരിക്കുന്ന വിപണന സ്റ്റാളില്‍ വിവിധ മൂല്യവര്‍ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ വിപണനത്തിന് തയ്യാറാക്കിയിട്ടുണ്ട്.ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍  പി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീ സ്റ്റാളില്‍ പഞ്ഞിമിഠായി മധുരം
ജോജിയും സുരേഷും പഞ്ഞിമിഠായി ഉണ്ടാക്കുന്ന തിരക്കിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെത്തുന്നവര്‍ കുടുംബശ്രീയുടെ സ്റ്റാളിലെത്തുന്നത് പഞ്ഞിമിഠായി വാങ്ങി മധുരം നുണയാന്‍ മാത്രമല്ല. ജോജിയും സുരേഷും അത്രയും കൈയടക്കത്തോടെ ഭംഗിയോടെ ഇതൊന്ന് ഉണ്ടാക്കിയെടുക്കുന്നത് കാണാന്‍ കൂടിയാണ്. ഇവര്‍ മാത്രമല്ല, നൗഫല്‍ പോപ്കോണ്‍ സ്പെഷ്യലിസ്റ്റാണ്.

 

കൊല്ലത്ത് നിന്നെത്തിയ ഇവര്‍ മൂന്ന് പേരും മേളയിലെ സന്ദര്‍ശകരുടെ തിരക്ക് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്.പഞ്ഞിമിഠായിക്കും പോപ്കോണിനും മികച്ച സ്വീകാര്യതയാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇത് മാത്രമല്ല നുണയുന്ന ഒരൊറ്റ നിമിഷം കൊണ്ട് ബാല്യകാല സ്മരണകളുയര്‍ത്തുന്ന ഒരുപാട് രുചികള്‍ ഇവരുടെ പക്കലുണ്ട്. പുളിമിഠായി, നാരങ്ങമിഠായി, ഗ്യാസ്മിഠായി, പാല്‍പ്പേട, എള്ളുണ്ട, ജീരക മിഠായി, മക്രോണി എന്നിങ്ങനെ നീളുന്നു ഇവരുടെ രുചിയുടെ പട്ടിക. മിതമായ നിരക്കില്‍ ഗുണമേന്മയോടെ എത്തിക്കുന്ന മിഠായിയുടെ മധുരം സ്റ്റാളുകളിലെത്തുന്ന സന്ദര്‍ശകരെ പഴമയിലേക്കുള്ള കൂട്ടിക്കൊണ്ടുപോകല്‍ കൂടിയാണ്.

 

നിയമം നല്‍കുന്ന പരിരക്ഷയെ കുറിച്ച് സ്ത്രീകള്‍ ബോധവാന്‍മാരാകണം

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച്  ലിംഗ സമത്വം എന്ന വിഷയത്തില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.നിയമം ഉറപ്പു നല്‍കുന്ന പരിരക്ഷയെ കുറിച്ച് സ്ത്രീകള്‍ ബോധവാന്‍മാരാകണമെന്ന് സെമിനാര്‍ നയിച്ച അഡ്വ. അശ്വതി ദാസ് പറഞ്ഞു.

ലിംഗ  അസമത്വത്തിനെതിരെ നിരവധി നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, ഇവയെ പുസ്തക താളുകളില്‍ മാത്രം ഒതുക്കാതെ സമൂഹം ഈ നിയമങ്ങളെ കുറിച്ച് ബോധവാന്‍മാരാകുകയും നിയമം നല്‍കുന്ന പരിരക്ഷ ഉപയോഗിക്കുകയും വേണം. ഓരോ സംസ്ഥാനത്തും  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി  നിയമം അനുശാസിക്കുന്ന പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ട്.

സ്ത്രീകള്‍ ധൈര്യമായി തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയാന്‍ തയാറാകണം.  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ സ്ഥാനമാണ് സമൂഹത്തില്‍  ഉള്ളത്. സമൂഹം അടിച്ചേല്‍പ്പിക്കുന്ന അസമത്വങ്ങളെയും, അക്രമങ്ങളെയും കുറിച്ച്  സ്ത്രീകള്‍ തന്നെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യവും  ആര്‍ജവവും കാണിക്കണം.
ഗാര്‍ഹിക പീഡന നിരോധന നിയമത്തിലൂടെ നിരവധി സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുവാന്‍ സാധിക്കുന്നുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് നിയമത്തിലൂടെ നല്‍കുന്ന പരിരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. നിയപരിരക്ഷ നല്‍കിയതു കൊണ്ടു മാത്രമായില്ല ഇതിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തി ലിംഗ സമത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ സ്ത്രീകള്‍ തന്നെ സധൈര്യം മുന്നോട്ടു വരണമെന്നും അഡ്വ. അശ്വതി ദാസ് പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍  സ്ത്രീകള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്തു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ നിസ, ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, അംഗനവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ആട്ടവും പാട്ടും വിജ്ഞാനങ്ങളുമായി സാമൂഹ്യനീതി വകുപ്പ് സ്റ്റാള്‍
എന്റെ കേരളം മേളയില്‍ സാമൂഹ്യനീതി വകുപ്പ് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം ‘ആടാം പാടാം സമ്മാനം നേടാം’ ,  ‘സാമൂഹ്യനീതി വകുപ്പിനെ അറിയൂ സമ്മാനം നേടൂ’ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും സമ്മാനം നേടുന്നതിനായി മത്സരിച്ച് പങ്കെടുക്കുന്നു. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് എന്നിവ അപേക്ഷിക്കുന്നതിന് രേഖകളുമായി എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനുളള സേവനം  നല്‍കുന്നു. വകുപ്പിന്റെ വിവിധ സേവനങ്ങളും ആവശ്യക്കാര്‍ക്ക് സുനീതി പോര്‍ട്ടലിലൂടെയും ചെയ്ത് കൊടുക്കുന്നു. ഓരോ ദിവസവും നറുക്കടെപ്പിലൂടെ വിജയിക്ക് സമ്മാനം നല്‍കുന്നു. മെഗാ പ്രൈസും ഭാഗ്യശാലിക്ക് ഒരുക്കി വച്ചിട്ടുണ്ട്.  സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെയും കുട്ടികളുടെയും  ഉല്‍പ്പന്നങ്ങള്‍  പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് റൈറ്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ്  ആക്ട് 2016′ എന്ന വിഷയത്തില്‍ മെയ് 17 ന്  സെമിനാര്‍ സംഘടിപ്പിക്കും.  റീഹാബിലിറ്റേഷന്‍  സ്ഥാപനങ്ങളിലെ കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് എന്നിവരുടെ വിവിധ കലാ പരിപാടികളും  അവതരിപ്പിക്കും

മനം കവരും കുര്‍ത്തികള്‍ വാങ്ങാം
കുര്‍ത്തികളിലെ വ്യത്യസ്തതയൊരുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംരംഭക വിഭാഗത്തിലുള്ള തിരുവല്ല കൃപ യൂണിറ്റിന്റെ സ്റ്റാളില്‍ തിരക്കേറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് മനംകവരും കുര്‍ത്തികളുമായി വ്യവസായകേന്ദ്രത്തിന്റെ സ്റ്റാള്‍ ഇടം പിടിച്ചിരിക്കുന്നത്.
കലംകാരി, ജോര്‍ജറ്റ് തുണിത്തരങ്ങളിലുള്ള കുര്‍ത്തികള്‍ സ്വന്തം തയ്യല്‍യൂണിറ്റില്‍ തയ്ച്ചെടുത്തവയാണ്. അതുകൊണ്ട് തന്നെ മേളയ്ക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കുര്‍ത്തികളെന്ന് സ്റ്റാളിന് നേതൃത്വം നല്‍കുന്ന തിരുവല്ല സ്വദേശിയായ സരള പറയുന്നു.

തിരുവല്ല കൃപ യൂണിറ്റിലെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് കുര്‍ത്തികളുമായി മേളയിലെത്തിയിരിക്കുന്നത്. 550 രൂപ മുതല്‍ വിലയുള്ള കുര്‍ത്തികള്‍ക്ക് ആവശ്യക്കാരേറെയാണ്.

വിമാനത്തെ നേരിട്ടറിയാം ഫോട്ടോയെടുക്കാം

വിമാനം കണ്ട് കാര്യമെന്തെന്ന് അറിയാതെ സന്ദര്‍ശകരെല്ലാം ആദ്യമൊന്ന് അമ്പരന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് മൗണ്ട്‌സിയോന്‍ കോളജ് ഓഫ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ഥികള്‍ വിമാനവുമായി എത്തിയത്. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിമാനം കൗതുകകാഴ്ചയായി.

പ്രൊപ്പെല്ലര്‍, ജോയ്സ്റ്റിക്, പെഡല്‍സ്, ത്രോട്ടില്‍ ലിവല്‍ എന്നിങ്ങനെ വിമാനത്തിന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ വിശദീകരിച്ച് നല്‍കുന്നുണ്ട്. സെസ്ന എന്ന് വിളിപ്പേരുള്ള ചെറുവിമാനമാണ് ജില്ലാ സ്റ്റേഡിയത്തില്‍ മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിമാനത്തിന്റെ ഭാഗങ്ങളെല്ലാം വിശദമായി കാണാനും അറിയാനും ഫോട്ടോ എടുക്കാനുമൊക്കെയുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്തിന്റെ നിര്‍മാണത്തെ കുറിച്ചും പരിപാലനത്തെക്കുറിച്ചും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന വിമാനമാണ് ഇത്. കോളജ് അധ്യാപകന്‍ സുഭാഷ് സുധാകരന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സംഘമാണ് മേളയിലെത്തിയിരിക്കുന്നത്.

 

ആക്രമണങ്ങള്‍ ചെറുക്കാം; ഹിറ്റായി വനിതാ പോലീസിന്റെ
സ്വയം പ്രതിരോധ പരിശീലന പരിപാടി

അടിയും ഇടിയും തടയുമായി  എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരളാ പോലീസ് വനിതാ വിഭാഗത്തിന്റെ സ്റ്റാള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന   സ്വയം പ്രതിരോധ പരിശീലന പരിപാടി പദ്ധതിക്കാണ് ഇവിടെ പ്രാധ്യാന്യം നല്‍കുന്നത്.

 

വനിതാ പോലീസ് സേനയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ക്ലാസുകള്‍ എടുക്കുന്നത്. സ്വയംരക്ഷ എന്ന അടിസ്ഥാനതന്ത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്. ആവശ്യഘട്ടത്തില്‍ ആക്രമണത്തെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമുള്ള നുറുക്കുവിദ്യകളാണ് വനിതാപൊലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശകര്‍ക്കായി വിശദീകരിക്കുന്നത്.
കേരളാ പോലീസ് ഈ ഉദ്യമത്തിന്റ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ലക്ഷത്തോളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം കൊടുത്തു കഴിഞ്ഞു. പോലീസിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റസിഡന്‍സ് അസോസിയേഷനുകളിലും വനിതാ ക്ഷേമ സംഘടനകളിലും  ക്ലാസുകള്‍ നടത്തിവരുന്നുണ്ട്.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആക്രമണം തടയുന്നതിന് ഉതകുന്ന രീതിയില്‍ ചെറുതും ഫലപ്രദവുമായ പ്രതിരോധ മാര്‍ഗങ്ങളാണ് പഠിപ്പിച്ചു നല്‍കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക്  പരാതി നല്‍കുന്നതിനും സഹായം തേടുന്നതിനുമുള്ള അപരാജിത എന്ന വെബ്‌സൈറ്റിനെ പറ്റിയും, മാതാപിതാക്കള്‍ നഷ്ടപെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിരി പദ്ധതിയെക്കുറിച്ചും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളെ പറ്റിയും സ്റ്റാളില്‍ എത്തുന്ന ജനങ്ങളെ  ബോധവത്കരിക്കുന്നുണ്ട്.

 

മേള നഗരിയെ ഇളക്കി മറിച്ച് പ്രസീദയും സംഘവും 
മേള നഗരിയുടെ പൾസ്‌ അറിഞ്ഞ് പാടിയും ആടിയും പ്രസീദയും സംഘവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് പതി ഫോക്ക് ബാൻഡിന്റെ ഓളുള്ളേരി നാടൻ പാട്ട് നിശ അരങ്ങേറിയത്.
നാടൻ പാട്ടിന്റെ ഓളവും താളവും പിടിച്ച കാണികൾ ഇളകിമറിയുകയായിരുന്നു. ഓരോ പാട്ടിലും സംഗീതപുഴ ഒഴുകി. നാടൻപാട്ടിനൊപ്പം മുത്തപ്പനും ഗരുഡനും വേഷം കെട്ടി വേദിയിലേക്ക് എത്തിയപ്പോൾ തകർത്തു വാരി ചുവടുകൾ വച്ചു കാണികളും ഒപ്പം ചേർന്നു.
കലാഭവൻ മണിക്ക് ആദരം അർപ്പിച്ച് പ്രസീദ പാട്ട് പാടിയപ്പോൾ കാണികൾ ഒന്നടങ്കം കരഘോഷം മുഴക്കി. ഓരോ പാട്ടുകൾക്ക് ഒപ്പവും കാണികളും ചുവട് വച്ചപ്പോൾ സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചന്ദ്രലേഖ വേദിയിലേക്ക് എത്തി പാട്ട് പാടിയപ്പോൾ കാണികൾക്ക് ആവേശമായി.
മേള നഗരിയെ ഇളക്കി മറിച്ച് പ്രസീദയും സംഘവും 
മേള നഗരിയുടെ പൾസ്‌ അറിഞ്ഞ് പാടിയും ആടിയും പ്രസീദയും സംഘവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് പതി ഫോക്ക് ബാൻഡിന്റെ ഓളുള്ളേരി നാടൻ പാട്ട് നിശ അരങ്ങേറിയത്.
നാടൻ പാട്ടിന്റെ ഓളവും താളവും പിടിച്ച കാണികൾ ഇളകിമറിയുകയായിരുന്നു. ഓരോ പാട്ടിലും സംഗീതപുഴ ഒഴുകി. നാടൻപാട്ടിനൊപ്പം മുത്തപ്പനും ഗരുഡനും വേഷം കെട്ടി വേദിയിലേക്ക് എത്തിയപ്പോൾ തകർത്തു വാരി ചുവടുകൾ വച്ചു കാണികളും ഒപ്പം ചേർന്നു.
കലാഭവൻ മണിക്ക് ആദരം അർപ്പിച്ച് പ്രസീദ പാട്ട് പാടിയപ്പോൾ കാണികൾ ഒന്നടങ്കം കരഘോഷം മുഴക്കി. ഓരോ പാട്ടുകൾക്ക് ഒപ്പവും കാണികളും ചുവട് വച്ചപ്പോൾ സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചന്ദ്രലേഖ വേദിയിലേക്ക് എത്തി പാട്ട് പാടിയപ്പോൾ കാണികൾക്ക് ആവേശമായി.
ചിത്രരചന മത്സരം സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട്  സ്‌കൂള്‍ കുട്ടികള്‍ക്കായി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
‘പത്തനംതിട്ട ജില്ല എന്റെ വികസന സ്വപ്നങ്ങള്‍ ‘ എന്ന വിഷയത്തില്‍ സീനിയര്‍ വിഭാഗത്തിലും ‘എന്റെ ജില്ല ‘ എന്ന വിഷയത്തില്‍ ജൂനിയര്‍ വിഭാഗത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഇരുന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ആദിത്യ രാജ് നേടി. രണ്ടാം സ്ഥാനം എച്ച്. ദേവി കൃഷ്ണയും മൂന്നാം സ്ഥാനം ക്രിസ് റ്റി മിന്റോയും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദേവിക പ്രദീപും രണ്ടാംസ്ഥാനം ആതിരരാജും മൂന്നാംസ്ഥാനം ആര്‍. ഋതു നന്ദയും നേടി.
മാര്‍ത്തോമാ സ്‌കൂള്‍ അധ്യാപിക സുനു മാത്യു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരായ ജെ.എന്‍. സെലിന്‍, ബി.എസ്. പ്രദീപ്കുമാര്‍, സുബിന്‍ കെ സുഭാഷ്, സി. ജി. അഞ്ജന, വി.എസ്. മണിക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
error: Content is protected !!