konnivartha.com ; തേനി (തമിഴ്‌നാട്): ചിന്നക്കനാലില്‍ നിന്നും അരി കൊമ്പനെ കാടുകടത്തിയത് അവിടുത്തുകാര്‍ക്ക് ആശ്വാസമാകുമ്പോള്‍ ഉറക്കമില്ലാതായിരിക്കുകയാണ് മേഘമല നിവാസികള്‍ക്ക്. കാരണം മറ്റൊന്നുമല്ല റേഷന്‍ കട കണ്ടെത്തിയതിനാല്‍ ഇരുളിന്റെ മറ പിടിച്ച് വരും ദിവസങ്ങളിലും അരിക്കൊമ്പന്‍ എത്തുമോയെന്ന ആശങ്കയിലാണ് അവര്‍.
ഒരാഴ്ചയിലധികമായി മേഘമലയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം മേഘമല ടീ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് ലായങ്ങള്‍ തകര്‍ത്ത് അരി ഭക്ഷിച്ചതായി പറയപ്പെടുന്നു. അരമണിക്കൂറിലധികം ഇവിടെ നിലയുറപ്പിച്ചതിന് ശേഷമാണ് മടങ്ങിയത്. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാലാണ് വന്നത് അരിക്കൊമ്പനാണെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ആറിന് മേഘമല വനപാതയില്‍ ബസിന് നേരെ പാഞ്ഞു വന്ന് ആക്രമിക്കാനും കൊമ്പന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മേഘമലയിലും പരിസര പ്രശങ്ങളിലുമുള്ള ഗ്രാമങ്ങളിലുമുള്ളവര്‍ രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.
അരി കൊമ്പന്‍ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വനം വകുപ്പ് അറിയിച്ചു.അരിക്കൊമ്പന്‍ വിഹരിക്കുന്നതിനാല്‍ ചിന്നമന്നൂര്‍-മേഘമല ഹൈവേയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ല.അതേ സമയം പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ അരി കൊമ്പനെ നിരീക്ഷിക്കാന്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് ശ്രീവില്ലിപുത്തൂര്‍ മേഘമല ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഡയറക്ടര്‍ ആനന്ദ് പറഞ്ഞു.ആനയുടെ സഞ്ചാരം തമിഴ്‌നാട്, കേരള വനം വകുപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാന്‍ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.കൂടുതല്‍ നാശം വിതച്ചാല്‍ കേന്ദ്ര വനം നിയമത്തില്‍ ഉള്ള കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് ആക്രമകാരികളായ വന്യമൃഗത്തെ വെടി വെക്കാന്‍ ഉള്ള നടപടി തമിഴ്‌നാട് തേടിയേക്കും എന്നും അറിയുന്നു