Trending Now

ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം: അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

 

konnivartha.com : ആരോഗ്യപ്രവര്‍ത്തകരുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. നഴ്‌സസ് വാരാഘോഷം 2023 സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.

കോവിഡ് കാലഘട്ടത്തില്‍ ഏറെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കടന്നുപോയത്. എന്നാല്‍ അവര്‍ സധൈര്യം രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങായി സ്വന്തം ആരോഗ്യം പോലും വക വയ്ക്കാതെ പ്രവര്‍ത്തിച്ചു. സ്വന്തം മക്കള്‍ പോലും ആശ്രയം നല്കാന്‍ ഭയന്നിരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് താങ്ങായത് ആരോഗ്യ പ്രവര്‍ത്തകരാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എംഎല്‍എ അനുശോചനം അറിയിച്ചു.മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഹീനമായ കൃത്യമായിരുന്നു വന്ദനയുടെ കൊലപാതകം എന്ന് എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലന്തൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റീന തോമസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച നഴ്‌സസ് ദിന റാലി എച്എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.അനിത ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വാര്‍ഡ് അംഗം സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ. എസ് ശ്രീകുമാര്‍, ഡിഎന്‍ഒ റ്റി.എ സതിമോള്‍, , ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി, കെജിഎന്‍യു ജില്ലാ പ്രസിഡന്റ് റ്റി.ദീപകുമാരിയമ്മ, ജില്ലാ സെക്രട്ടറി കെ.ജി ഗീതാമണി, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു