അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണം: മന്ത്രിപി.രാജീവ്
konnivartha.com : അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുതലും കൈ താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് മല്ലപ്പള്ളി സി.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു സിസ്റ്റം പൂര്‍ണമായും സജ്ജമായാല്‍ അദാലത്തിന്റെ ആവശ്യം വേണ്ടി വരില്ല. സമയത്ത് സേവനം നല്‍കാതിരിക്കുന്നതും അഴിമതിയുടെ ഭാഗമായി വരും. കൃത്യസമയത്ത് ഫയലുകള്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധിക്കണം. അതിലുള്ള കുറവുകള്‍ പരിഹരിക്കുന്നതും അദാലത്തിന്റെ ഭാഗമാണ്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. സേവനം കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാകണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്ന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതേ കാഴ്ചപ്പാടോടെയാണ് ഈ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. സമയത്ത് ഫയലുകള്‍ തീര്‍പ്പാക്കണം എന്ന നിര്‍ബന്ധത്തോടെ എല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞമെന്നും മന്ത്രി പറഞ്ഞു.
പട്ടയമേളകള്‍ തുടര്‍ച്ചയായി സംഘടിക്കുന്നതിലൂടെ നിയമാനുസൃതമായി പരമാവധി പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്നുണ്ട്. അദാലത്തില്‍ വരുന്ന പരാതികള്‍ പരമാവധി തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു
പഴുതടച്ച ക്രമീകരണങ്ങള്‍ ; കരുതലും കൈത്താങ്ങും അദാലത്ത് ജനപ്രിയമായി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത് പഴുതടച്ച ക്രമീകരണങ്ങള്‍. അദാലത്തില്‍ എത്തുന്ന ആളുകളുടെ പരാതികള്‍ മന്ത്രിമാരുടെ പക്കല്‍ എത്തിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന മികച്ച ക്രമീകരണങ്ങള്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. ഇത് എത്തിച്ചേര്‍ന്ന ജനങ്ങള്‍ക്ക് സഹായകവും ആശ്വാസകരവുമായി.
മുന്‍പേ അപേക്ഷ നല്‍കിയവര്‍ക്കും, പുതുതായി അപേക്ഷ നല്‍കാനെത്തിയവര്‍ക്കുമായി പ്രത്യേക ഹെല്‍പ്പ് ഡെസകുകളാണ് ഒരുക്കിയിരുന്നത്. ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്ന് അപേക്ഷയോടൊപ്പം ടോക്കണ്‍ നമ്പരുകള്‍ നല്‍കി. ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും വോളണ്ടിയര്‍ അപേക്ഷകനോടൊപ്പം ബന്ധപ്പെട്ട വകുപ്പില്‍ എത്തിയാണ് ടോക്കണ്‍ നമ്പര്‍ നല്‍കിയത്. എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം അദാലത്ത് നടന്ന ഹാളില്‍ സഹായം നല്‍കുന്നതിനായി സജ്ജരായി ഉണ്ടായിരുന്നു. ഓഡിറ്റോറിയത്തില്‍ അപേക്ഷകന് വിശ്രമിക്കാനുള്ള സൗകര്യവും കുടിവെള്ളവും ഒരുക്കിയിരുന്നു.
നമ്പര്‍ വിളിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട വകുപ്പും, പരാതിക്കാരും പരാതി പരിഹാരത്തിനായി മന്ത്രിമാര്‍ക്ക് അരികിലേക്ക് ഒരുമിച്ചെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. വലിയ ജനത്തിരക്കിലും കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയത് അദാലത്തിന്റെ നടത്തിപ്പ് സുഗമവും ജനപ്രിയവുമാക്കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ , ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
സാറാമ്മയ്ക്കിനി സ്വസ്ഥമായി വീട്ടില്‍ കഴിയാം
ഏത് നിമിഷവും തന്റെ വീടിന് മുകളിലേക്ക് വീഴാവുന്ന അയല്‍വാസിയുടെ വസ്തുവിലെ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന പരാതിയുമായാണ് പരിയാരം സ്വദേശി സാറാമ്മ മാത്യു സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ എത്തിയത്. മാനത്ത് മഴയുടെ കോള് കാണുമ്പോള്‍ എന്റെ ഉള്ളില്‍ നിറയെ പേടിയാ സാറേ… എന്ന് വിതുമ്പി കൊണ്ട് സാറാമ്മ സങ്കടം പറഞ്ഞപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഉത്തരവ്.
മരം മുറിച്ച് നീക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ ഇല്ലെന്നും പരാതിയില്‍ നടപടി എടുക്കേണ്ടന്നുമുള്ള നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. പരാതിയില്‍ പഞ്ചായത്ത് നടപടി എടുക്കാഞ്ഞതോടെ ഏത് നിമിഷവും അപകടം ഉണ്ടാകുമെന്ന ഭയപ്പാടിലായിരുന്നു സാറാമ്മ. ഈ സമയത്താണ് സാറാമ്മയ്ക്ക് ആശ്വാസം പകര്‍ന്ന് പരാതി അദാലത്തില്‍ തീര്‍പ്പായിരിക്കുന്നത്. അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരികണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ സമയോചിതമായ ഇടപെടലില്‍ ഇനി സമാധാനത്തോടെ വീട്ടില്‍ കിടക്കാമെന്ന സന്തോഷത്തോടെയാണ് സാറാമ്മ വീട്ടിലേക്ക് മടങ്ങിയത്.
വീടിന് ഭീഷണിയായി മരം; അദാലത്തില്‍ ഉടനടി പരിഹാരവുമായി മന്ത്രി
കാലങ്ങളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് താലൂക്ക്തല അദാലത്തില്‍ അതിവേഗം പരിഹാരം നേടി ദമ്പതികള്‍. കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ മല്ലപ്പള്ളി സ്വദേശിയായ മിനി എസ് നായരും ഭര്‍ത്താവ് ജയകുമാറും വര്‍ഷങ്ങളായി വീടിനു ഭീഷണിയായി നില്‍ക്കുന്ന പുറമ്പോക്ക് ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ സഹായം തേടിയാണ് വ്യവസായ മന്ത്രി പി രാജീവിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും മുന്‍പില്‍ എത്തിയത്.
വീടിന്റെ മുകളിലേക്ക് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് തേക്കും ഒരു ആഞ്ഞിലിമരവും മുറിച്ച് മാറ്റാന്‍ വര്‍ഷങ്ങളായി ഇവര്‍ പഞ്ചായത്ത് പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല.
മരങ്ങളുടെ വാല്യുവേഷന്‍ നടത്തി, ലേലം വിളിച്ച ശേഷം മുറിച്ച് മാറ്റുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതെങ്കിലും ലേലം ടെണ്ടര്‍ ആവാത്തതിനെ തുടര്‍ന്ന് നടപടികള്‍ നീളുകയായിരുന്നു. പരാതി കേട്ട ശേഷം, ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റാന്‍ മന്ത്രി പി രാജീവ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം അടുക്കാറായതോടെ എന്ത് ചെയ്യണമെന്നറിയാത്ത സമയത്താണ് ഇവര്‍ക്ക് അദാലത്തില്‍ പരിഹാരം ലഭിച്ചത്.
പരാതി കേള്‍ക്കാന്‍ മന്ത്രിമാര്‍ അരികിലെത്തി:ജോസഫിന് വീടെന്ന സ്വപ്നത്തിന് ചിറകുവിരിച്ചു
തന്റെ അനാരോഗ്യ അവസ്ഥയിലും മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ പങ്കെടുക്കുവാന്‍ പാമ്പാടിമണ്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് ജോസഫ് വരുമ്പോള്‍ മനസില്‍ നിറയെ ആവലാതികളായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള ഭവനം എന്ന സപ്നം സഫലമാകുമോ എന്ന ആവലാതി. അദാലത്തില്‍ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പരാതി കേള്‍ക്കുവാന്‍ നേരിട്ടെത്തി.
ഭിന്ന ശേഷിക്കാരനാണ് എം.ടി.ജോസഫ്. ഏക മകനും ഭാര്യയും, മരുമകളും, പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മകന് ജോലിക്കിടയില്‍ പരിക്കു പറ്റി അംഗവൈകല്യം സംഭവിച്ചു. ഭാര്യയും ഭിന്നശേഷിക്കാരിയാണ്. പ്രായാധിക്യത്തില്‍ കാഴ്ചയ്ക്കും കുറവുള്ള ജോസഫിന്റെ കുടുംബത്തിന്റെ ഏക വരുമാനം പഞ്ചായത്ത് നല്‍കിയ പെട്ടിക്കടയാണ്. താമസവും അതേ കടയിലാണ്. വീട്ടിലേക്കുള്ള കുടിവെള്ള സംവിധാനവും ആകെ തകരാറിലാണ്. വീടു ലഭിക്കാത്തതിന്റെ കാരണം മന്ത്രിമാര്‍ ഉദ്യോഗസ്ഥരോട് തിരക്കി. ലൈഫ്മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയത്ത് സമര്‍പ്പിച്ചില്ല എന്നുള്ളത് മാത്രമായിരുന്നു കാരണം. പരാതി പറഞ്ഞു ശബ്ദമിടറിയ ജോസഫിന മന്ത്രിമാര്‍ ആശ്വാസം പകര്‍ന്നു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് ഉറപ്പാക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തും. ശബ്ദമിടറി നിന്ന ജോസഫിന്റെ കണ്ണില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. തനിക്കു നല്‍കിയ സഹായത്തിന് നന്ദി പറഞ്ഞിട്ടാണ് ജോസഫ് വീട്ടിലേക്ക് യാത്രയായത്.
ജോസഫിനെ യാത്രയാക്കി തിരിച്ചെത്തിയ മന്ത്രി പി രാജീവ് ജോസഫിന്റെ ഫയലില്‍ ഇങ്ങനെ എഴുതി സ്വന്തമായി വീടില്ല എന്ന് സാക്ഷ്യപ്പെടുത്തിയതായി കാണുന്നു. ലൈഫില്‍ കാലതാമസം പരിഗണിച്ച് അപേക്ഷ സ്വീകരിക്കാന്‍ നടപടി ചെയ്യുക. കുടിവെള്ള സൗകര്യം പഞ്ചായത്ത് ഉറപ്പു വരുത്തുക.
മല്ലപ്പള്ളി താലൂക്ക് അദാലത്തില്‍ ജയന്തിയിലൂടെ വിജയത്തുടക്കം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തിലെ ആദ്യ അപേക്ഷകയായിരുന്നു പി. ജയന്തി. ജയന്തിയുടെ മൂന്നു പരാതികള്‍ക്കും പരിഹാരം കണ്ടു കൊണ്ടാണ് അദാലത്ത് ആരംഭിച്ചത്. റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച ജയന്തിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യവസായ മന്ത്രി പി. രാജീവും ചേര്‍ന്നാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്.
സ്വന്തമായി വീടില്ലെന്ന പരാതിയിലും മന്ത്രി പരിഹാരം കണ്ടു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുവാന്‍ തീരുമാനമായി. ഭര്‍ത്താവ് മരിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം കഴിക്കാഞ്ഞതിനാലും വിധവ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും അദാലത്ത് പരിഗണിച്ചു. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ പരിഗണിച്ച് നടപടി എടുക്കുവാനും തീരുമാനമായി.17 വര്‍ഷമായി മല്ലപ്പള്ളി മാരിക്കല്‍ കരിമ്പോലില്‍ സ്വദേശിനിയാണ് ജയന്തി. 17 വര്‍ഷം മുന്‍പാണ് ജയന്തി ഭര്‍ത്താവുമായി ഊട്ടിയാല്‍ നിന്നെത്തി മല്ലപ്പള്ളിയില്‍ താമസമാക്കിയത്. വീട്ടുജോലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം
നിവേദനവുമായി പഞ്ചായത്ത് അംഗം ;അദാലത്തില്‍ പരിഹാരം നിര്‍ദ്ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
നാടിന്റെ രണ്ട് പ്രധാന ആവശ്യങ്ങളുമായി അദാലത്തില്‍ എത്തിയ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിഹാര നടപടി നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍പാകെ നാടിന്റെ യാത്രാ ക്ലേശത്തിനും റോഡിലെ വെള്ളക്കെട്ടിനും പരിഹാരം തേടിയാണ് ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് പീറ്റര്‍ എത്തിയത്. പരിയാരം തുരുത്തിക്കാട് പുതുശേരി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം എത്രയും വേഗം കാണുന്നതിന് മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
കോട്ടയത്ത് നിന്നും പത്തനംതിട്ട വരെ പോകുന്ന പ്രൈവറ്റ് ബസ് മല്ലപ്പള്ളിയില്‍ നിന്ന് പരിയാരം, തുരുത്തിക്കാട്, പുതുശേരി വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്.
കോവിഡിന് ശേഷം റോഡ് നവീകരണത്തെ തുടര്‍ന്ന് റൂട്ട് മാറി സര്‍വീസ് നടത്തിയ ബസ് പണി പൂര്‍ത്തിയായെങ്കിലും സര്‍വീസ് പുനരാരംഭിച്ചില്ല. ഈ മേഖലയിലെ യാത്രാക്ലേശം രൂക്ഷമായതോടെ നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം അദാലത്തില്‍ പരാതിയുമായി എത്തിയത്. നാടിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആര്‍ടിഒ പരാതി പരിശോധിച്ച് അടിയന്തിര തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ കളക്ടറെ മന്ത്രി വീണാ ജോര്‍ജ് ചുമതലപ്പെടുത്തി.
അട്ടക്കുഴി കണ്ണമല പടിയില്‍ കെ എസ് ടി പി പുനര്‍നിര്‍മിച്ച റോഡില്‍ നിന്ന് പഞ്ചായത്ത് റോഡിലേക്ക് നിര്‍മിച്ച കലുങ്കിലെ വെള്ളം റോഡിലേക്ക് ഒഴുകുന്നത് മൂലം കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രകാര്‍ക്കും ദുരിതം ഉണ്ടാകുന്നു . ഇതിന് പരിഹാരമായി റോഡില്‍ ഓട നിര്‍മിച്ച് 140 മീറ്റര്‍ അകലെയുള്ള തോട്ടിലേക്ക് ഒഴുക്കിവിടണമെന്ന ആവശ്യവും പഞ്ചായത്ത് അംഗം അദാലത്തില്‍ സമര്‍പ്പിച്ചിരുന്നു. കാലവര്‍ഷത്തിന് മുമ്പ് പരിഹാരം കാണുന്നതിനായി അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ കെ എസ് ടി പി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറിനോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു
ആശ്വാസമായി അവകാശരേഖ; മല്ലപ്പള്ളി താലൂക്കു തല അദാലത്തില്‍ 11 പേര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭ്യമാക്കി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ 11 പേര്‍ക്ക് റേഷന്‍കാര്‍ഡ് വിതരണം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യവസായ മന്ത്രി പി രാജീവും ചേര്‍ന്നാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.
മല്ലപ്പള്ളി താലുക്കിലുള്‍പ്പെട്ട പി.ജയന്തി, ചിന്നമ്മ, കെ. എന്‍. രാധ, ഷീബ ഈപ്പന്‍, പി.എസ്. സരസമ്മ, ടി ജി സോമന്‍, സൂസമ്മ ഈപ്പന്‍, പി.ഐ. എലിസബത്ത്, എന്‍.ആര്‍. സദാനന്ദന്‍, ശ്യാമള കാര്‍ത്തികേയന്‍, ടി. ജി. മണിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് നല്കിയത്. ഏറെ സന്തോഷത്തോടെയാണ് ഗുണഭോക്താക്കള്‍ അദാലത്തില്‍ നിന്ന് തങ്ങളുടെ അവകാശ രേഖയുമായി മടങ്ങിയത്
വനംവകുപ്പും കര്‍ഷകരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം: സംയുക്ത പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രി
വനംവകുപ്പും കര്‍ഷകരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രി പി. രാജീവ് നിര്‍ദേശം നല്‍കി. കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ഡി നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിയുടെ ഉത്തരവ്. പെരുമ്പെട്ടി വില്ലേജിലെ 512 കര്‍ഷകരുടെ 104.15 ഹെക്ടര്‍ ഭൂമി 65 വര്‍ഷമായി വനം വകുപ്പിന്റെ കയ്യിലാണ്. വര്‍ഷങ്ങളായി സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും കര്‍ഷകര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി കര്‍ഷകരുടെ നിലവിലുള്ള ഭൂമി വനപ്രദേശത്തിന് അകത്തോ പുറത്തോ എന്ന് സ്ഥിരീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.