Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/05/2023)

 

എന്റെ കേരളം മേള; തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും അതിന് മുന്നോടിയായി മെയ് 10ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയിലും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഡിപിസി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിക്കും പന്തളം നഗരസഭയുടെയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1378/23)

എന്റെ കേരളം പ്രദര്‍ശന വിപണന സേവന മേള: കലാജാഥ പര്യടനം
സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷ പരിപാടികളോട് അനുബന്ധിച്ച് മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന  മേളയുടെ ഭാഗമായുള്ള കലാജാഥയുടെ ത്രിദിന പര്യടനം മേയ് നാലിന് തുടങ്ങും.
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും കലാജാഥ പര്യടനം നടത്തും.

മേയ് നാലിന് ഉച്ചയ്ക്ക് 12ന് അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിയമ സഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കലാജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പന്തളം ബസ് സ്റ്റാന്‍ഡില്‍ പന്തളം നഗരസഭ  ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് കലാജാഥ ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിക്കും
കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരം 5.30ന്  കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ് കലാജാഥ ഉദ്ഘാടനം ചെയ്യും.
കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിക്കും.
രണ്ടാം ദിവസമായ മേയ് അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ കലാജാഥ ഉദ്ഘാടനം ചെയ്യും.   തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ് അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്നിന് മല്ലപ്പള്ളി ബസ് സ്്റ്റാന്‍ഡിനു സമീപം ഓട്ടോകാസറ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല ജാഥ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിക്കും.
വൈകുന്നേരം 5.30ന് റാന്നി ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ കലാജാഥ ഉദ്ഘാടനം ചെയ്യും. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യാതിഥി ആകും.
കലാജാഥ പര്യടനത്തിന്റെ മൂന്നാം ദിവസമായ മേയ് ആറിന് ഉച്ചയ്ക്ക് ഒന്നിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി കലാജാഥ ഉദ്ഘാടനം ചെയ്യും. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത് കലാജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കലാജാഥയുടെ പര്യടനം സമാപിക്കും.

 

 

 

എന്റെ കേരളം മേള: പോസ്റ്റര്‍ പ്രകാശനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന സേവന മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. 200 ശീതീകരിച്ച സ്റ്റാളുകളും ഭക്ഷ്യമേളയും സെമിനാറുകളും കലാ-സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുന്ന മെഗാ മേളയാണ് വരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അഭിമുഖം മാറ്റി വെച്ചു
തിരുവല്ല നഗരസഭാ ഓഫീസില്‍  (04)  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-രണ്ട്  തസ്തികയിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് 2023 ജൂണ്‍ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2422275, 8281360360 (കൊച്ചി സെന്റര്‍), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റര്‍)

കാലാവധി ദീര്‍ഘിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയം മേയ് 31 വരെ നീട്ടി. കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2320158

കാലാവധി ദീര്‍ഘിപ്പിച്ചു

2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എംബിബിഎസ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംസിഎ, എംബിഎ, ബിഎസ്സി നഴ്‌സിംഗ്, എംഎസ്സി നഴ്‌സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനും, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ആറ് വരെ ദീര്‍ഘിപ്പിച്ചതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലാപ്‌ടോപ്പ്, പഠന കിറ്റ് എന്നിവയ്ക്കുള്ള അപേക്ഷയും മറ്റു വിവരങ്ങളും  kmlww.fb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0468 2320158

അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള മക്കള്‍ക്കും, ആശ്രിതര്‍ക്കും കിലെ ഐഎഎസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷകളുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.പത്തു മാസമാണ് കോഴ്‌സ് കാലാവധി. ക്ലാസ്സുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. താല്പര്യമുള്ളവര്‍ മെയ് 20 ന് അകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫോണ്‍ -7907099629, 0471 2479966, 0471 2309012

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പിഎസ്സി നിയമന അംഗീകാരമുള്ള ഡിസിഎ, പിജി ഡിസിഎ ,ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എംഎസ് ഓഫീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ -0469 2961525,8078140525

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം മെയ് 5 ന്
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം മെയ് അഞ്ചിന് രാവിലെ 10 ന് കുളത്തൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍ , തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായ 12.52 കോടി രൂപയുടെ പെരുമ്പാറ പദ്ധതിയുടെയും, 20.5 കോടി രൂപയുടെ മലമ്പാറ പദ്ധതിയുടെയും നിര്‍മാണ ഉദ്ഘാടനമാണ് നടക്കുന്നത്. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 4106 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 58 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

അങ്ങാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി ആദ്യഘട്ടനിര്‍മാണ ഉദ്ഘാടനം മെയ് അഞ്ചിന്
അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മെയ് അഞ്ചിന് രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യഅതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

അങ്ങാടി ഗ്രാമപഞ്ചായത്തിലെ 2316 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 24.86 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

 

 

എന്‍എഫ്എസ്എ ഗോഡൗണ്‍ ശിലാസ്ഥാപനം മേയ് അഞ്ചിന് : ഗോഡൗണ്‍ വരുന്നത് കോന്നി സിഎഫ്ആര്‍ഡിയില്‍

ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം മേയ് അഞ്ചിന് രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

 

അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒപ്പം പദ്ധതി ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന്
കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിക്കും

റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്ന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് മേയ് നാലിന്


സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് മേയ് നാലിന് രാവിലെ 10ന് മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കും.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, ഡെപ്യുട്ടി കളക്ടര്‍ എല്‍എ ടി.എസ്. ജയശ്രീ, എഡിഎം ബി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കര്‍ഷകര്‍ക്ക് സഹായവുമായി കൃഷിശ്രീ സെന്റര്‍

ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു
കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച കൃഷിശ്രീ സെന്റര്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്ററാണ് ഇത്. യന്ത്രവല്‍കരണം, വിപണനം, ശാസ്ത്രീയ കൃഷി വ്യാപിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കൃഷിശ്രീ സെന്ററില്‍ ലഭ്യമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും ശാസ്ത്രീയ കൃഷി രീതികളെ കുറിച്ച് മനസിലാക്കുന്നതിനും പരിശീലനം ലഭിച്ച 30 സര്‍വീസ് പ്രൊവൈഡേഴ്സിന്റെ സേവനവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കൃഷിക്ക് വേണ്ടി സ്ഥലമൊരുക്കല്‍, പവര്‍ സ്‌പ്രേയര്‍ ഉപയോഗിച്ചുള്ള ജൈവ കീടനാശിനി പ്രയോഗം, നെല്‍കൃഷിക്കായി നിലം ഒരുക്കല്‍, നടീല്‍, കള നിയന്ത്രണം എന്നിങ്ങനെ വിവിധ കൃഷി പണികള്‍ യന്ത്ര സഹായത്തോടെ പരിശീലനം ലഭിച്ച സര്‍വീസ് പ്രൊവൈഡേഴ്സില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഉല്‍പന്ന വിപണനം, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രവര്‍ത്തനവും വരും മാസങ്ങളില്‍ ആരംഭിക്കും.

അപേക്ഷ ക്ഷണിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി  പരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ് മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ മെയ് എട്ടിന് വൈകുന്നേരം അഞ്ചു വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍:  0468 2222340.
9496042677. ഇ-മെയില്‍- [email protected].

ക്വട്ടേഷന്‍
2023-24 സാമ്പത്തിക വര്‍ഷം പത്തനംതിട്ട  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍  ഉപയോഗത്തിനായി ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്ല് ചെയ്യുന്നതിനും ടോണര്‍ മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപണി കരാറില്‍ ഏര്‍പ്പെടുന്നതിന്  അര്‍ഹരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  മെയ് എട്ടിന് പകല്‍ മൂന്നുവരെ.

ബയോമെട്രിക് മസ്റ്ററിംഗ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും  2022 ഡിസംബര്‍ 31 വരെ  സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിയ്ക്കപ്പെട്ട ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി  ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധജനങ്ങള്‍, എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയാത്തവര്‍ മെയ് 10 ന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ഹോം മസ്റ്ററിംഗിന് ക്രമീകരണം ചെയ്യുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോന്നി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍  ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

ആറന്മുള അയ്യംകോയിക്കല്‍ – കാലായില്‍പടി റോഡ് റീ ടാറിംഗിന് നിര്‍ദേശം
സഞ്ചാരയോഗ്യമല്ലാത്ത അയ്യംകോയിക്കല്‍ – കാലായില്‍പടി റോഡ് റീ ടാറിംഗ് ആവശ്യവുമായാണ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ എത്തിയത്.  500 മീറ്റര്‍ ദൂരവും കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥ കേട്ടറിഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടനടി നടപടി എടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ ഈ വഴിയിലൂടെയുള്ള ഗതാഗതവും നിലച്ചിരുന്നു. ആറ് മീറ്റര്‍ വീതിയും 1.100 കിലോ മീറ്റര്‍ ദൂരവുമുള്ള റോഡിന്റെ 650 മീറ്റര്‍ ഭാഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു പൂര്‍ത്തീകരിച്ചിരുന്നു. ശേഷിക്കുന്ന 500 മീറ്റര്‍  റോഡാണ്  ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ടിരുന്നത്. ഈ അവസ്ഥയ്ക്കാണ് അദാലത്തില്‍ മന്ത്രി തീര്‍പ്പുണ്ടാക്കിയത്.  പിഡബ്ല്യൂഡി എഞ്ചിനീയറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതോടെ അയ്യം കോയിക്കല്‍ -കാലായില്‍പടി നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിന് പരിഹാരമാകും.
മൈലാടുംപാറയില്‍ കുടിവെള്ളമെത്തും;
അടിയന്തിര ഇടപെടലിന് മന്ത്രിയുടെ നിര്‍ദേശം

കുമ്പഴ മൈലാടുംപാറയിലെ 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല അദാലത്തില്‍ പരിഹാരമായി.   ആരോഗ്യ മന്ത്രിയെ കണ്ട് 17-ാം വാര്‍ഡ് കൗണ്‍സിലര്‍ ലാലി രാജു പ്രശ്‌നം അറിയിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റി അടിയന്തര ഇടപെടല്‍ നടത്താന്‍ മന്ത്രി ഉത്തരവിട്ടു. വളവുങ്കല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിന്റെ ലീക്ക് പരിഹരിക്കാന്‍ വകയിരുത്തിയ മൂന്നു ലക്ഷം രൂപ  ഉപയോഗിച്ച് അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും  ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് വീടുകളില്‍ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍  സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.മന്ത്രിയുടെ അവസരോചിത ഇടപെടല്‍,
കടമുറികള്‍ എടുത്തവര്‍ക്ക് ആശ്വാസം

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ വാണിജ്യ സമുച്ചയത്തില്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ നല്‍കിയ പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍.  2017 -ല്‍ കടമുറികള്‍ ലേലം നേടിയ 13 വ്യാപാരികളാണ്, ഇതു പണിതു ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ആറ് വര്‍ഷമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. അദാലത്തില്‍ വ്യാപാരികള്‍ തങ്ങളുടെ പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് പരാതി പരിഹാരത്തിനുള്ള നടപടികള്‍ വേഗമാക്കാന്‍ നിര്‍ദേശിച്ചു.  ഗതാഗതമന്ത്രിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കാമെന്നും വിഷയത്തില്‍ അനുഭാവപൂര്‍വമായ ഇടപെടല്‍ ഉടനുണ്ടാകുമെന്നും മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി.
ആരോഗ്യ മന്ത്രി ഇടപെട്ടു: ഭിന്നശേഷിക്കാരനായ
സതീഷിന് കുടിവെള്ള കണക്ഷന്‍

ഭിന്നശേഷിക്കാരനായ സതീഷ് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിന് എത്തിയത് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എന്ന ആവശ്യവുമായാണ്.  അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അദാലത്തിന് എത്തിയ ഭിന്നശേഷിക്കാരനായ സതീഷിനെ കണ്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കുകയായിരുന്നു. സതീഷിന്റെ ആവശ്യം ന്യായമാണെങ്കിലും  കുടിവെള്ള കണക്ഷന്‍ ഇതുവരെ ലഭിക്കാതിരുന്നതിന്റെ കാരണം കേട്ട് മന്ത്രി പോലും അമ്പരന്നു.
മലയാലപ്പുഴ മെയിന്‍ റോഡില്‍ മുസ്ലിയാര്‍ എഞ്ചിനിയറിംഗ് കോളജിന് സമീപം കുടുംബവുമൊത്ത് താമസിക്കുന്ന സതീഷ് വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നത്. താമസം ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ സതീഷിന് കുടിവെള്ള കണക്ഷന്‍ നല്‍കിയാല്‍ പൊതുടാപ്പില്‍ വെള്ളത്തിന്റെ ശക്തി കുറയുമെന്ന കാരണത്താലാണ് വാട്ടര്‍ അതോറിറ്റി ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയത്. നാട്ടുകാരുടെ സമര്‍ദ്ദം വാട്ടര്‍ അതോറിറ്റിയുടെ മേല്‍ ഉണ്ടെന്നും സതീഷ് മന്ത്രിയെ അറിയിച്ചു. സതീഷിന്റെ പരാതി കേട്ട മന്ത്രി എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കാനും  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഉഷയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും
കരുതലും കൈതാങ്ങും കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ എത്തിയ ആറന്മുള സ്വദേശി ഉഷയുടെ ആവശ്യം അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പെടുത്തണം എന്നതായിരുന്നു. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഉഷയ്ക്ക് പ്രായത്തിന്റെതായ അവശതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. അദാലത്തിനെത്തി മന്ത്രിയെ കണ്ട ഉഷ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പ്പെടുത്തണം. ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള രേഖകള്‍ നല്‍കി ഉഷയുടെ ജീവിതം സുരക്ഷിതമാക്കുമെന്നും ഉറപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്ക് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു എന്നതിന്റെ ഉദാഹരണമാണ് ഉഷ. സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണം കുറച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അതി ദാരിദ്ര നിര്‍മാര്‍ജന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതി വഴി സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

റീസര്‍വേ ചെയ്തതിലെ പ്രശ്‌നത്തിന് പരിഹാരം തേടി മുന്‍ എംഎല്‍എ
റീസര്‍വേ ചെയ്തതിലെ പ്രശ്‌നത്തിന് പരിഹാരം തേടിയാണ്  മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലെത്തിയത്. അഞ്ച് സെന്റ് വിസ്തൃതിയിലുള്ള വസ്തുവിന്റെ റീസര്‍വേയില്‍ സരളാ ദേവി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വേ നടത്താനും, അതിരുകള്‍ ശരിയായി നിര്‍ണയിക്കാനും ജില്ലാ സര്‍വേ സൂപ്രണ്ടിനും ഭൂരേഖ തഹസില്‍ദാര്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികള്‍ക്ക് പരിഹാരമായി: മന്ത്രി വീണാ ജോര്‍ജ്

വര്‍ഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികള്‍ക്കും കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലൂടെ തീര്‍പ്പാക്കാനായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആറു താലൂക്കുകളിലെയും അദാലത്തുകള്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനു ശേഷം തുടര്‍നടപടിയുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 265 പരാതികളില്‍ 65 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. 120 പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.  ചൊവ്വാഴ്ച അദാലത്തിന് എത്തിയത് 185 പേരാണ്. ഇതില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന 265 പരാതികളില്‍ ഉള്‍പ്പെട്ട 154 പേരും പുതിയതായി എത്തിയ 31 പേരും ഉള്‍പ്പെടുന്നു. പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 133 എണ്ണം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 82 പരാതികള്‍ ലഭിച്ചു. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍സിഎ-എസ് സിസിസി) (കാറ്റഗറി നം. 124/2020) തസ്തികയുടെ  20.04.2023 തീയതിയിലെ 15/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍  (കാറ്റഗറി നം. 530/2019) തസ്തികയുടെ  13.04.2023 തീയതിയിലെ 228/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ പ്രാതിനിധ്യമുളള  രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും  താലൂക്ക്തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണം.

വനിത മിത്ര കേന്ദ്രം

വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലിലേക്കും ഡേ കെയര്‍ സെന്ററിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിത വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 8281552350, 9061921167.