Trending Now

പുല്ലാട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനുനേരെ അങ്കമാലിയില്‍ വെച്ച് വധശ്രമം ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

 

അങ്കമാലി/പത്തനംതിട്ട : അങ്കമാലി എടക്കുന്നിൽ യുവാവിനെതിരെ വധശ്രമം. എടക്കുന്ന് കോരമന മാവേലി ജോണിയുടെ മകനും പത്തനംതിട്ട ജില്ലയിലെ പുല്ലാട് ജംഗ്ഷനില്‍  കിഴക്കേടത്ത് കമ്മ്യുണിക്കേഷന്‍സിലെ ജീവനക്കാരനുമായ നിധിൻ ജോണി (29) ആണ് ആക്രമിക്കപ്പെട്ടത്. അയൽവാസികളും കഞ്ചാവ് കേസിലെ  പ്രതികളുമായ യുവാക്കളാണ്  തന്നെ ആക്രമിച്ചെന്ന് അങ്കമാലി പോലീസിൽ നല്‍കിയ പരാതിയില്‍ നിധിന്‍ ജോണി പറയുന്നു.

സുഹൃത്തിന്റെ കല്യാണ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടയിൽ അങ്കമാലി കോരമന ജംഗ്ഷന് സമീപത്ത് വെച്ച് നിധിൻ ഓടിച്ച കാര്‍ തടഞ്ഞുനിര്‍‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പ്രതികൾ നിധിനെ ക്രൂരമായി മർദ്ദിക്കുകയും പാറക്കല്ല് കൊണ്ട് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി.

കോരമന തോട്ടങ്കര പത്രോസ് മകൻ ഫെർണാണ്ടസ്, കോരമന തെറ്റയിൽ ബൈജു മകൻ എബിൻ, അട്ടാറ ഏനാശ്ശേരി രാജുവിന്റെ മകൻ അഭിജിത്ത്, അട്ടാറ വരുത്തപ്പിള്ളി ബാബു മകൻ അനുരാഗ്, താബോർ, ഞാലൂക്കര സ്വദേശികളായ കണ്ടാലറിയുന്നവർ എന്നിവർക്കെതിരെയാണ് നിധിൻ പരാതി നൽകിയിട്ടുള്ളത്. അഭിജിത്ത് ആണ് തലയ്ക്ക് കല്ലിന് അടിച്ചതെന്നും അക്രമികളുടെ ചിത്രം കയ്യിലുണ്ടെന്നും നിധിൻ പറഞ്ഞു. സംഘർഷ സ്ഥലത്ത് എത്തിയ എടക്കുന്നിലെ യൂത്ത് കോൺഗ്രസ് നേതാവ് ജോപോൾ ജോസ് കല്ലറചുള്ളിയുടെ നേതൃത്വത്തിലാണ് നിധിനെ രക്ഷപെടുത്തിയതും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചതും. നിധിന്റെ  പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഒളിവിൽ പോയി. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതികളെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അങ്കമാലി പോലീസ് അറിയിച്ചു.

പരിക്കേറ്റ നിധിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗൗരവമുള്ളതിനാൽ  അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തലയില്‍ ആറോളം തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നു. അക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിധിന്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. തുടക്കത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് വിമുഖത കാട്ടി. രാഷ്ട്രീയ സ്വാധീനം മൂലമായിരുന്നു ഇത്. തലക്ക് മാരകമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയതിന്റെ പിറ്റേദിവസം തന്നെ പോലീസ് നിധിന്റെ മൊഴി രേഖപ്പെടുത്തി ഒപ്പിടുവിച്ചു. ഇപ്പോള്‍ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചവരില്‍ വേറെയും ചിലര്‍ ഉണ്ടായിരുന്നതായാണ് നിധിന്‍റെ വാക്കുകളെ ഉദ്ധരിച്ച് ബന്ധുക്കള്‍ പറയുന്നത്. ഇവരെ പോലീസ് ഒഴിവാക്കിയതാണെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ ദുര്‍ബലമാണെന്നും ആരോപണമുണ്ട്. ഇതിനുപിന്നില്‍ പോലീസിലെ ചിലരുടെ ഇടപെടലുകള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.