കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും.ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു.
konnivartha.com : മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് കാല്‍ലക്ഷം പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി. ഇതിനാവശ്യമായ വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുന്നു.
ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കാല്‍ലക്ഷം പേര്‍ക്ക് പങ്കെടുക്കാനുള്ള പന്തലാണ് തയാറാക്കുന്നത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജിന്റെയും, പന്തലിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ഒരുക്കുമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
സ്റ്റേജ് നിര്‍മിക്കാനുള്ള സ്ഥലം എം.എല്‍.യും, പോലീസ്, പൊതുമരാമത്ത് ,മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പടെയുള്ള വിവിധ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവും സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് കാമ്പസില്‍ അക്കാദമിക് ബ്ലോക്കിന് മുന്‍വശത്തായാണ് ഉദ്ഘാടനത്തിനായുള്ള സ്റ്റേജും പന്തലും തയാറാകുന്നത്. ഈ ഭാഗം നിരപ്പാക്കി തയ്യാറാക്കിയിട്ടുണ്ട്.ഉദ്ഘാടന ദിവസം എന്‍എച്ച്എമ്മിന്റെ നേതൃത്വത്തില്‍ വിവ കാമ്പയിനുമായി ബന്ധപ്പെട്ട് 15 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകള്‍ക്കായി ഹീമോഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കും. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ എല്‍ഇഡി വാളുകള്‍ സ്ഥാപിക്കും.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ വര്‍ഷമാണ് 100 സീറ്റുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം നടന്നത്. ശേഷിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കാനായതോടെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിനും അനുമതി നേടാന്‍ മെഡിക്കല്‍ കോളജിന് സാധിച്ചു. രണ്ടാം ഘട്ട നിര്‍മാണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളജിനായി അനുവദിച്ചത്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എയെ കൂടാതെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, എച്ച്എന്‍എല്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ ബി. ജീവ, ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ മെജോ, പബ്ലിസിറ്റി ചെയര്‍മാന്‍ ശ്യാംലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനം യു ഡി എഫും ബി ജെ പിയും ബഹിഷ്കരിക്കാന്‍ സാധ്യത ഉണ്ടെന്നു പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് കരുതുന്നു . ഒപ്പം പ്രതിപക്ഷ യുവജന സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ കരിങ്കൊടി പ്രയോഗം അടക്കമുള്ള സമരം പെട്ടെന്ന് ആസൂത്രണം ചെയ്യുമെന്നും വിലയിരുത്തുന്നു