ഹീമോഫീലിയ രോഗാവസ്ഥയെ പറ്റിയും ചികിത്സ ലഭിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡി എം ഒ.
മനുഷ്യ ശരീരത്തില്‍ സാധാരണഗതിയില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ക്ലോട്ടിങ് ഘടകങ്ങളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുകയും മുറിവുകളില്‍ നിന്നും അസാധാരണമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന ഗുരുതര രക്തസ്രാവ വൈകല്യമാണ് ഹീമോഫീലിയ. ആശാധാര പദ്ധതിയുടെ കീഴില്‍ ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ ഹീമോഫീലിയ ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാണന്നും ഡിഎംഒ ഓര്‍മിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശാധാര ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രെറ്റി സക്കറിയ ജോര്‍ജ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. ദിനാചരണ പരിപാടിയുടെ ഭാഗമായി ഹീമോഫീലിയ ബാധിതര്‍ക്കുള്ള പുനരധിവാസ ചികിത്സയെ പറ്റി ഡോ. ആന്‍സി ജോസഫ് ക്ലാസുകള്‍ നയിച്ചു. ഹീമോഫീലിയ രോഗാവസ്ഥയെ പറ്റി ബ്രൂസ് വര്‍ഗീസ് തന്റെ അനുഭവം പങ്കുവെച്ചു.
ജില്ലാ മാസ്മീഡിയ ഓഫീസര്‍(ആരോഗ്യം) ടി.കെ. അശോക് കുമാര്‍, എ.ആര്‍.എം. ഒ ഡോ ബെറ്റ്സി വി ബാബു, ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, നഴ്സിംഗ് സൂപ്രണ്ട് വി.സുഷ, ജനറല്‍ ആശുപത്രി പിആര്‍ഒ സുധീഷ് ജി പിള്ള, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.