konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോന്നിയുടെ വികസനസ്വപ്നങ്ങള്‍ ഓരോന്നായി പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്.
കോന്നി മണ്ഡലത്തിലെ റോഡുകള്‍ ബിഎം, ബിസി ടാറിംഗ് ചെയ്ത് ഉന്നത നിലവാരത്തിലാക്കി. താലൂക്ക് ആശുപത്രിയില്‍ 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രമാടം കുടുംബാരോഗ്യകേന്ദ്രം ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നു. ഇനിയും പ്രമാടം കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ച് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ട്. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡിലേക്ക് എട്ട് കോടി രൂപയുടെ പ്രപ്പോസല്‍ നല്‍കി കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തിയ പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലയുടെ ധന്യനിമിഷങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വരുംനാളുകള്‍ക്കുള്ള പ്രതീക്ഷയാണ്. നാം വയ്ക്കുന്ന ഓരോ ചുവടും വലിയ മാറ്റങ്ങള്‍ക്കാണ് ഇടം കൊടുക്കുന്നത്. ഒരു തുള്ളി അമ്മിഞ്ഞപ്പാലിന്റെ പരപ്പാണ് ഈ ആകാശമെന്ന കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ പോലെ ഓരോ ചെറിയ ചുവടിനും വാനോളം പരക്കുവാനുള്ള ശക്തിയുണ്ടെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കണമെന്നും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല പുറത്ത് നിന്നെത്തുവര്‍ക്കു കൂടി കുടുംബാരോഗ്യ കേന്ദ്രം ആശ്വാസം പകരണമെന്നും തണലേകണമെന്നും കളക്ടര്‍ പറഞ്ഞു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജി സി ബാബു, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. ഹരികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി റെജി, ജയകൃഷ്ണന്‍, നിഷ മനോജ്, തങ്കമണി ടീച്ചര്‍, വാഴവിള അച്യുതന്‍ നായര്‍, വിദ്യാ ജയപ്രകാശ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍, എന്‍എച്ച്എം ഡിപിഎം എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് നയന തുടങ്ങിയവര്‍ പങ്കെടുത്തു.