Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/04/2023)

 

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത ‘അസം കോപ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.
സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഗുവാഹത്തി ഹൈക്കോടതി അതിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അനുഭവം കാത്തുസൂക്ഷിക്കാനും പുതിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഉത്തരവാദിത്തമുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അടുത്ത നടപടി സ്വീകരിക്കാനുള്ള സമയമാണിതെന്നും പറഞ്ഞു. ” ഗുവാഹത്തി ഹൈക്കോടതിക്ക് അതിന്റേതായ പൈതൃകവും സ്വത്വവുമുണ്ട്”, അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശും നാഗാലാന്‍ഡും ഉള്‍പ്പെടുന്ന ഏറ്റവും വലിയ അധികാരപരിധിയാണ് ഗുവാഹത്തി ഹൈക്കോടതിയുടേതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2013 വരെ, ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയില്‍ ഏഴ് സംസ്ഥാനങ്ങളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഴുവന്‍ സമ്പന്നമായ ചരിത്രവും ജനാധിപത്യ പൈതൃകവും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും ഉയര്‍ത്തിക്കാട്ടി. ഈ ചരിത്രപരമായ അവസരത്തില്‍, അസമിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാകെയും, പ്രത്യേകിച്ച് നിയമ സമൂഹത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നത്തെ ബാബാസാഹെബ് ജയന്തിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഡോ.അംബേദാക്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സമത്വത്തിന്റെയും കെട്ടുറപ്പിന്റെയും ഭരണഘടനാ മൂല്യങ്ങളാണ് ആധുനിക ഇന്ത്യയുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഇന്ത്യയുടെ അഭിലാഷ സമൂഹത്തെക്കുറിച്ച് നടത്തിയ വിശദമായ വിവരണം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ പൗരന്മാരുടെ അഭിലാഷങ്ങള്‍ അതിരുകളില്ലാത്തതാണെന്നും ജനാധിപത്യത്തിന്റെ സ്തംഭമെന്ന നിലയില്‍ ഈ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ശക്തവും സവേദാത്മകവുമായ പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തവും ഊര്‍ജസ്വലവും ആധുനികവുമായ ഒരു നിയമസംവിധാനം കെട്ടിപ്പടുക്കണമെന്നതാണ് ഭരണഘടന നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നിയമനിര്‍മ്മാണ സഭ (ലെജിസ്ലേറ്റീവ്), നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി), എക്‌സിക്യൂട്ടീവ് എന്നിവയുടെ സംയുക്ത ഉത്തരവാദിത്തത്തിന് അടിവരയിട്ട പ്രധാനമന്ത്രി കാലഹരണപ്പെട്ട നിയമങ്ങള്‍ നിര്‍ത്തലാക്കിയതിന്റെ ഉദാഹരണങ്ങളും നല്‍കി. ”നാം ആയിരക്കണക്കിന് പുരാതന നിയമങ്ങള്‍ റദ്ദാക്കി, അനുവര്‍ത്തനങ്ങള്‍ കുറച്ചു”, അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള 2000 ത്തോളം നിയമങ്ങളും 40,000 ലധികം അനുവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതായി അദ്ദേഹം അറിയിച്ചു. അതോടൊപ്പം വ്യാപാരത്തിലെ പല വ്യവസ്ഥകളും കുറ്റവിമുക്തമാക്കിയത് കോടതികളിലെ കേസുകളുടെ എണ്ണവും കുറച്ചു.
”ഗവണ്‍മെന്റേ ജുഡീഷ്യറിയോ ഏതോ ആയിക്കോട്ടെ, ഓരോ സ്ഥാപനത്തിന്റേയും കര്‍ത്തവ്യവും അതിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയും സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജീവിതം സുഗമമാക്കുന്നതിനുള്ള ശക്തമായ ഉപകരണമായി സാങ്കേതികവിദ്യ ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സാദ്ധ്യമായ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സമ്പൂര്‍ണ വിനിയോഗം ഗവണ്‍മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. ഡി.ബി.ടി (നേരിട്ടുള്ള ബാങ്ക് കൈമാറ്റം), ആധാര്‍, ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ പദ്ധതികളും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന മാധ്യമമായി മാറിയെന്ന് പറഞ്ഞു. രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് ഭാരമാകുന്നതിലേക്ക് നയിച്ച സ്വത്തവകാശ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്ന് പ്രധാനമന്ത്രി സ്വാമിത്വ യോജനയെ സ്പര്‍ശിച്ചുകൊണ്ട്, അദ്ദേഹം എടുത്തുപറഞ്ഞു. അവ്യക്തമായ സ്വത്തവകാശത്തിന്റെ പ്രശ്‌നം വികസിത രാജ്യങ്ങള്‍ പോലും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളുടെ ഡ്രോണ്‍ മാപ്പിംഗും ലക്ഷക്കണക്കിന് പൗരന്മാര്‍ക്കുള്ള ആസ്തി കാര്‍ഡ് വിതരണവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇത് സ്വത്തുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കുകയും പൗരന്മാരുടെ ജീവിതം സുഗമമാക്കുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ നീതിന്യായ നിര്‍വഹണ വ്യവസ്ഥയെ നവീകരിക്കാന്‍ സാങ്കേതികവിദ്യയില്‍ പരിധിയില്ലാത്ത സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഇ-കോര്‍ട്ട് മിഷന്റെ മൂന്നാം ഘട്ടത്തെക്കുറിച്ചും സമ്മേളനത്തില്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ കാര്യക്ഷമത കൊണ്ടുവരാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള ആഗോള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ” നിര്‍മ്മിത ബുദ്ധിവഴി സാധാരണ പൗരനുള്ള നീതി സുഗമമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രമിക്കണം”, പ്രധാനമന്ത്രി പറഞ്ഞു.
ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തെക്കുറിച്ച് സംസാരിക്കവേ, വടക്കുകിഴക്കന്‍ മേഖലയിലെ സമ്പന്നമായ പ്രാദേശിക പരമ്പരാഗത ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തെ പ്രധാനമന്ത്രി സ്പര്‍ശിച്ചു. ആചാര നിയമങ്ങളെക്കുറിച്ചുള്ള 6 പുസ്തകങ്ങള്‍ ഹൈക്കോടതി പ്രസിദ്ധീകരിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു. ഈ പാരമ്പര്യങ്ങള്‍ നിയമവിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൗരന്മാര്‍ക്കിടയില്‍ രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവും ധാരണയുമാണ് സുഗമമായ നീതിയുടെ നിര്‍ണായക ഘടകമെന്നും അത് പൗരന്മാര്‍ക്കിടയില്‍ രാജ്യത്തേയും അതിന്റെ സംവിധാനത്തേയും കുറിച്ചുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ പ്രാപ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ നിയമങ്ങളുടെയും ലളിതമായ പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ശ്രീ മോദി അറിയിച്ചു. ”ലളിതമായ ഭാഷയില്‍ നിയമങ്ങള്‍ തയ്യാറാക്കാനാണ് ശ്രമം, ഈ സമീപനം നമ്മുടെ രാജ്യത്തെ കോടതികള്‍ക്ക് വളരെയധികം സഹായകമാകും”, അദ്ദേഹം പറഞ്ഞു. ഓരോ പൗരനും അവരുടെ സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് പ്രാപ്യമാക്കുന്നതിന് സഹായിക്കാന്‍ ലക്ഷ്യമിടുന്ന ഭാഷിണി പോര്‍ട്ടലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കോടതികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിസ്സാര കുറ്റങ്ങള്‍ക്ക് വര്‍ഷങ്ങളോളം തടവില്‍ കഴിയുകന്നവരോടും പണമോ വിഭവമോ ഇല്ലാത്തവരുമായവരോടും ഗവണ്‍മെന്റും ജുഡീഷ്യറിയും സംവേദനക്ഷമത കാണിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയായിട്ടും കുടുംബങ്ങള്‍ സ്വീകരിക്കാന്‍ തയാറാകാത്തവരുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം തടവുകാരെ മോചിപ്പിക്കാന്‍ സഹായിക്കുന്നതിനായി സംസ്ഥാനത്തിന് കേന്ദ്രം സാമ്പത്തിക സഹായം കൈമാറുന്നതിനും തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
”ധര്‍മ്മത്തെ സംരക്ഷിക്കുന്നവരെ ധര്‍മ്മവും സംരക്ഷിക്കും” ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇത് നമ്മുടെ ധര്‍മ്മം ആണെന്നും രാജ്യം ആണ് സര്‍വ്വപ്രധാനം എന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നതിനും അദ്ദേഹം അടിവരയിട്ടു. ഈ വിശ്വാസമാണ് രാജ്യത്തെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

അസം ഗവര്‍ണര്‍ ശ്രീ ഗുലാബ് ചന്ദ് കതാരിയ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരണ്‍ റിജി്ജു, സുപ്രീം കോടതി ജസ്റ്റിസ് ഹൃഷികേശ് റോയ്, ഗുവാഹത്തി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സന്ദീപ് മെഹ്ത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ഗുവാഹത്തി ഹൈക്കോടതി 1948-ലാണ് സ്ഥാപിതമായത്. മണിപ്പൂര്‍,മേഘായല, ത്രിപുര എന്നിവയ്ക്ക് പ്രത്യേക ഹൈക്കോടതികള്‍ സൃഷ്ടിച്ച 2013 മാര്‍ച്ച് വരെ അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു കോടതിയായി ഇത് പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ഗുവാഹത്തിയില്‍ പ്രിന്‍സിപ്പല്‍ സീറ്റും കൊഹിമ (നാഗാലാന്‍ഡ്), ഐസ്വാള്‍ (മിസോറാം), ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളില്‍ മൂന്ന് സ്ഥിരം ബെഞ്ചുകളുമായി അസം, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്.

പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute – AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, രോംഗാലി ബിഹുവിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് അഭിവാദ്യം നേർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ആദ്യത്തെ എയിംസും അസമിന് മൂന്ന് പുതിയ മെഡിക്കൽ കോളേജുകളും ലഭിച്ചതോടെ അസമിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ആരോഗ്യ അടിസ്ഥാനകര്യങ്ങൾക്ക് പുതിയ ശക്തി ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഐഐടി ഗുവാഹത്തിയുമായി സഹകരിച്ച് നൂതന ഗവേഷണത്തിനായി 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ദൗത്യമെന്ന നിലയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, മണിപ്പുർ, മിസോറം എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇന്നത്തെ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പദ്ധതികൾക്ക് പ്രധാനമന്ത്രി ഏവരെയും അഭിനന്ദിച്ചു.

കഴിഞ്ഞ 8-9 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖലയിലെ ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും റോഡ്, റെയിൽ, വിമാനത്താവള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ അഭൂതപൂർവമായ രീതിയിൽ വികസിപ്പിച്ചതിനാൽ ഭൗതിക അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾക്കും ഈ മേഖലയിൽ വലിയ ഉത്തേജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ സന്ദർശനവേളയിൽ നിരവധി മെഡിക്കൽ കോളേജുകൾ സമ്മാനിച്ച പ്രധാനമന്ത്രി ഇന്ന് എയിംസും മൂന്ന് മെഡിക്കൽ കോളേജുകളും സമ്മാനിച്ചു. മേഖലയിലെ മെച്ചപ്പെട്ട റെയിൽ-റോഡ് സൗകര്യങ്ങളിൽ നിന്നുള്ള നിന്നുള്ള മെഡിക്കൽ സൗകര്യങ്ങളെക്കുറിച്ചും രോഗികൾക്കു ലഭിക്കുന്ന പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ ഭരണകാലത്ത് ഖ്യാതി സ്വന്തമാക്കാനുള്ള ആർത്തിയും ജനങ്ങളുടെ മേൽ ആധിപത്യം പുലർത്താനുള്ള മനോഭാവവും ഏതുരീതിയിലാണു രാജ്യത്തെ നിസ്സഹായമാക്കിയതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുജനം ദൈവത്തിന്റെ രൂപമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ ഗവണ്മെന്റുകൾ വടക്കുകിഴക്കൻ മേഖലയോട് അകൽച്ച കാട്ടുകയും അതു പ്രധാന ഭൂമേഖലയിൽ നിന്ന് വളരെ അകലെയാണെന്ന് കണക്കാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ ഗവണ്മെന്റ് വരുന്നത്, വടക്കുകിഴക്കൻ മേഖലയെ എപ്പോഴും സമീപിക്കാവുന്നതും സാമീപ്യമെന്ന തോന്നൽ ഒരിക്കലും അവസാനിക്കാത്തതുമായ സേവനാധിഷ്ഠിത വിശ്വാസത്തോടെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തങ്ങളുടെ ഭാഗധേയത്തിന്റെയും വികസനത്തിന്റെയും ചുമതല ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. “വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന തത്വവുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. വികസനത്തിന്റെ ഈ മുന്നേറ്റത്തിൽ കേന്ദ്ര ഗവൺമെന്റ് സുഹൃത്തും സേവകനുമായി ഒപ്പമുണ്ട്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കുടുംബവാഴ്ച, പ്രാദേശികവാദം, അഴിമതി, അസ്ഥിരത എന്നിവയുടെ രാഷ്ട്രീയം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുമ്പോൾ വികസനം അസാധ്യമാകുമെന്ന് ഈ മേഖലയിലെ ദീർഘകാല വെല്ലുവിളികൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ ആരോഗ്യപരിരക്ഷാ സംവിധാനത്തിന്റെ കാര്യത്തിലും സംഭവിച്ചുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 50-കളിൽ സ്ഥാപിതമായ എയിംസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ഇത് വിശദീകരിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എയിംസ് തുറക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല. ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നടപടികൾ ആരംഭിച്ചെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ ശ്രമങ്ങൾ നീങ്ങിയില്ലെന്നും 2014 ന് ശേഷം ഇപ്പോഴത്തെ ഗവണ്മെന്റ് മാത്രമാണ് ഈ പ്രശ്‌നങ്ങൾ പരിഹരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപ വർഷങ്ങളിൽ 15 എയിംസുകളുടെ പ്രവർത്തനം ഗവണ്മെന്റ് ആരംഭിച്ചതായും അവയിൽ മിക്കതിലും ചികിത്സകളും കോഴ്സുകളും ഇതിനകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. “നമ്മുടെ ഗവണ്മെന്റ് എല്ലാ തീരുമാനങ്ങളും നിറവേറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് എയിംസ് ഗുവാഹത്തിയും” – പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ നയങ്ങൾ രാജ്യത്ത് ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും ദൗർലഭ്യം സൃഷ്ടിച്ചുവെന്നും ഗുണനിലവാരമുള്ള ആരോഗ്യ സേവനത്തിനു മുന്നിൽ മതിൽ തീർത്തുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കഴിഞ്ഞ 9 വർഷത്തിനിടയിൽ, രാജ്യത്തെ മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളും മെഡിക്കൽ പ്രൊഫഷണലുകളുടെ എണ്ണവും വർധിപ്പിക്കുന്നതിന് ഗവണ്മെന്റ് വലിയ തോതിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യ മേഖലയിലെ സംഭവവികാസങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, 2014-ന് മുമ്പുള്ള ഒരു ദശാബ്ദത്തിൽ 150 മെഡിക്കൽ കോളേജുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഏകദേശം 300 മെഡിക്കൽ കോളേജുകൾ പ്രവർത്തനക്ഷമമായെന്ന് അറിയിച്ചു. രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം കഴിഞ്ഞ 9 വർഷത്തിനിടെ ഇരട്ടിയായി ഒരു ലക്ഷമായെന്നും പിജി സീറ്റുകൾ 110 ശതമാനം വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിച്ചതോടെ, പിന്നാക്ക കുടുംബങ്ങളിലെ യുവാക്കൾക്ക് ഡോക്ടർമാരാകാനുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സംവരണവും ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിന്റെ ഭാഗമായി 150 ലധികം നഴ്സിങ് കോളേജുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിൽ, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഈ മേഖലയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ഇരട്ടിയായി വർധിച്ചു. പുതിയവയ്ക്കായുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിലെ ശക്തവും സുസ്ഥിരവുമായ ഗവൺമെന്റിനാണ് പ്രധാനമന്ത്രി വൈദ്യശാസ്ത്ര – ആരോഗ്യപരിപാലന മേഖലയിലെ കരുത്തുറ്റ പ്രവർത്തനങ്ങളുടെ ഖ്യാതി നൽകിയത്. ബിജെപി ഗവണ്മെന്റിന്റെ നയങ്ങളും ഉദ്ദേശ്യങ്ങളും പ്രതിബദ്ധതകളും സ്വാർഥതാൽപ്പര്യങ്ങളാലല്ല; മറിച്ച്, ‘രാജ്യം ആദ്യം – ജനങ്ങൾ ആദ്യം’ എന്ന മനോഭാവത്താലാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, ഗവണ്മെന്റിന്റെ ശ്രദ്ധ വോട്ട് ബാങ്കിലല്ല, പൗരന്മാരുടെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുടുംബത്തിനു വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സ്രോതസ്സുകളുടെ അഭാവത്തെക്കുറിച്ചുള്ള തന്റെ ധാരണ പ്രധാനമന്ത്രി വെളിപ്പെടുത്തുകയും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ യോജനയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതുപോലെ, 9000 ജൻ ഔഷധി കേന്ദ്രങ്ങൾ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നു. സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റിവയ്ക്കൽ ഉപകരണങ്ങളുടെയും നിരക്കിന്റെ പരിധിയെക്കുറിച്ചും എല്ലാ ജില്ലയിലുമുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കുമായി 1.5 ലക്ഷത്തിലധികം സൗഖ്യകേന്ദ്രങ്ങൾ പ്രധാനപ്പെട്ട പരിശോധനകൾ നടത്തുന്നു. പ്രധാനമന്ത്രി ക്ഷയരോഗമുക്തഭാരത യജ്ഞം രാജ്യത്തിന്റെയും ദരിദ്രരുടെയും പ്രധാന വൈദ്യശാസ്ത്ര വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു. ശുചിത്വം, യോഗ, ആയുർവേദം എന്നിവയിലൂടെയുള്ള പ്രതിരോധ ആരോഗ്യ പരിരക്ഷയ്ക്ക് ഊന്നൽ നൽകുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗം തടയുകയും ചെയ്യും.

ഗവൺമെന്റ് പദ്ധതികളുടെ വിജയത്തെക്കുറിച്ചു പരാമർശിക്കവേ, ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ അനുഗൃഹീതനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം ദരിദ്രർക്ക് 80,000 കോടി രൂപ ലാഭിക്കാൻ സഹായിക്കുന്ന പിന്തുണാസംവിധാനമായി അതു മാറിയെന്നും പറഞ്ഞു. 20,000 കോടി രൂപ ലാഭിക്കാൻ ഇടത്തരക്കാരെ സഹായിച്ചതിന് ജൻ ഔഷധി കേന്ദ്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റിവയ്ക്കൽ ഉപകരണങ്ങളുടെയും വില കുറച്ചതിനാൽ ദരിദ്രരും ഇടത്തരക്കാരും പ്രതിവർഷം 13,000 കോടി രൂപ ലാഭിക്കുന്നുണ്ടെന്നും സൗജന്യ ഡയാലിസിസ് സൗകര്യം പാവപ്പെട്ട വൃക്കരോഗികളുടെ 500 കോടി രൂപ ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കോടിയോളം ആയുഷ്മാൻ ഭാരത് കാർഡുകൾ കൈമാറുന്നതിനുള്ള യജ്ഞം അസമിൽ ആരംഭിച്ചിട്ടുണ്ടെന്നും ഇത് കൂടുതൽ പണം ലാഭിക്കാൻ അവരെ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ പരിപാലന രംഗത്ത് കൈക്കൊണ്ട നടപടികൾ സ്ത്രീകളുടെ ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി സംസാരിച്ചു. തങ്ങളുടെ ആരോഗ്യത്തിനായി ചെലവഴിക്കാൻ സ്ത്രീകൾ പരമ്പരാഗതമായി വിമുഖത കാട്ടുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. കക്കൂസ് യജ്ഞം അവരെ പല രോഗങ്ങളിൽ നിന്നും രക്ഷിച്ചെന്നും ഉജ്വല കണക്ഷനുകൾ പുക സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ജലജന്യ രോഗങ്ങളുടെ കാര്യത്തിൽ ജൽ ജീവൻ ദൗത്യം സഹായകമായി. ഗുരുതരമായ രോഗങ്ങൾക്ക് സൗജന്യ വാക്സിനേഷൻ നൽകി ഇന്ദ്രധനുഷ് ദൗത്യം അവരെ രക്ഷിച്ചു. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി മാതൃ വന്ദന പദ്ധതി, ദേശീയ പോഷകാഹാര ദൗത്യം എന്നിവ സ്ത്രീകളിലെ ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെടുത്തി. “ഗവണ്മെന്റ് സംവേദനക്ഷമതയുള്ളതായിരിക്കുകയും ദരിദ്രരോട് സേവനമനോഭാവം പുലർത്തുകയും ചെയ്യുമ്പോഴാണ് അത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ ആരോഗ്യമേഖല ആധുനികവൽക്കരിക്കുകയാണു ഗവണ്മെന്റ് ചെയ്യുന്നതെന്നു ശ്രീ മോദി പറഞ്ഞു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ആരോഗ്യദൗത്യം, ഡിജിറ്റൽ ആരോഗ്യ ഐഡി എന്നിവയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, അത് ഒറ്റ ക്ലിക്കിൽ പൗരന്മാരുടെ ആരോഗ്യ രേഖകൾ സൃഷ്ടിക്കുകയും ആശുപത്രി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. ഇതുവരെ 38 കോടി ആരോഗ്യ ഐഡികൾ നൽകുകയും 2 ലക്ഷത്തിലധികം ആരോഗ്യസൗകര്യങ്ങളും 1.5 ലക്ഷം ആരോഗ്യ വിദഗ്ധരും പരിശോധിക്കുകയും ചെയ്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇ-സഞ്ജീവനിയുടെ വർധിച്ചുവരുന്ന ജനപ്രീതി ചൂണ്ടിക്കാട്ടി, പദ്ധതിയിലൂടെ 10 കോടി ഇ-പരിശോധന പൂർത്തിയാക്കിയതിന്റെ നേട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

“ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ മാറ്റത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം കൂട്ടായ പരിശ്രമമാണ്” – പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ പ്രതിസന്ധി ഘട്ടത്തിലെ കൂട്ടായ പരിശ്രമത്തിന്റെ മനോഭാവം അദ്ദേഹം അനുസ്മരിച്ചു. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതും ഫലപ്രദവുമായ കോവിഡ് പ്രതിരോധകുത്തിവയ്പു യജ്ഞത്തെ ലോകം മുഴുവൻ പ്രശംസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിദൂര സ്ഥലങ്ങളിൽ പോലും ഇന്ത്യൻ നിർമിത വാക്സിനുകൾ എത്തിക്കുന്നതിൽ ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പ്രാഥമിക ആരോഗ്യ പ്രവർത്തകർ, ഔഷധമേഖല തുടങ്ങിയവയുടെ സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു. “എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും വിശ്വാസവും ഉണ്ടാകുമ്പോഴാണ് ഇത്രയും വലിയ യജ്ഞം വിജയകരമാകുന്നത്” – പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ മനോഭാവത്തോടെ മുന്നോട്ട് പോകാനും ആരോഗ്യകരമായ ഇന്ത്യ, സമൃദ്ധമായ ഇന്ത്യ എന്ന ദൗത്യം പുതിയ ഉയരങ്ങളിലെത്തിക്കാനും ഏവരോടും ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പവാർ, അസം മന്ത്രി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം :
ഗുവാഹത്തി എയിംസ് പ്രവര്‍ത്തനക്ഷമമാകുന്നത് അസം സംസ്ഥാനത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കാകെയും ചരിത്രപ്രധാനമായ സന്ദര്‍ഭമായി മാറും. രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണിത്. ഈ ആശുപത്രിയുടെ തറക്കല്ലിടലും 2017 മെയ് മാസത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 1120 കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച എയിംസ് ഗുവാഹത്തി 30 ആയുഷ് കിടക്കകള്‍ ഉള്‍പ്പെടെ 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയാണ്. പ്രതിവര്‍ഷം 100 എംബിബിഎസ് വിദ്യാർഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഈ ആശുപത്രിക്ക് ഉണ്ടായിരിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ ആശുപത്രി ലഭ്യമാക്കും.

നല്‍ബാരിയിലെ നല്‍ബാരി മെഡിക്കല്‍ കോളേജ്, നാഗോണിലെ നാഗോണ്‍ മെഡിക്കല്‍ കോളേജ്, കൊക്രജാറിലെ കൊക്രജാര്‍ മെഡിക്കല്‍ കോളേജ് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. യഥാക്രമം 615 കോടി, 600 കോടി, 535 കോടി രൂപ മുതല്‍മുടക്കിലാണ് ഇവ നിർമിച്ചത്. അടിയന്തര സേവനങ്ങള്‍, ഐസിയു സൗകര്യങ്ങള്‍, ഒടി (ഓപ്പറേഷന്‍ തീയേറ്റര്‍), രോഗനിർണയ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒപിഡി/ഐപിഡി സേവനങ്ങളോടുകൂടിയ 500 കിടക്കകളുള്ള അധ്യാപക ആശുപത്രികളും ഓരോ മെഡിക്കല്‍ കോളേജിനോടും കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഓരോ മെഡിക്കല്‍ കോളേജിനും പ്രതിവര്‍ഷം 100 എംബിബിഎസ് വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള ശേഷിയും ഉണ്ടായിരിക്കും.

‘ആപ്‌കെ ദ്വാര ആയുഷ്മാന്‍’ യജ്ഞത്തിന്റെ ഔപചാരികമായ സമാരംഭം, ക്ഷേമപദ്ധതികളുടെ 100 ശതമാനവും പരിപൂർണമായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുന്നുവെന്നത് ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്. മൂന്ന് ഗുണഭോക്തൃ പ്രതിനിധികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) കാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഏകദേശം 1.1 കോടി എബി-പിഎംജെഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്തു.

അസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഎഎച്ച്ഐഐ) ശിലാസ്ഥാപനം ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തിലേക്കുള്ള ചുവടുവയ്പ്പാണ്. രാജ്യത്ത് ആരോഗ്യ പരിപാലനത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്തതും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ വികസിപ്പിച്ചതുമാണ്. അവ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതു വളരെ ചെലവേറിയതും സങ്കീർണവുമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് എഎഎച്ച്ഐഐ വിഭാവനം ചെയ്തിരിക്കുന്നത്. നമ്മുടെ സ്വന്തം പ്രശ്നങ്ങള്‍ക്ക് നമ്മള്‍ തന്നെ പരിഹാരം കണ്ടെത്തുന്ന രീതിയില്‍ ഇത് പ്രവര്‍ത്തിക്കും. ഏകദേശം 546 കോടി രൂപ ചെലവഴിച്ചാണ് എഎഎച്ച്ഐഐ നിർമിക്കുന്നത്. വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും അത്യാധുനിക കണ്ടുപിടിത്തങ്ങള്‍ക്കും ഗവേഷണ-വികസനത്തിനും സൗകര്യമൊരുക്കുക, ആരോഗ്യ സംബന്ധമായ രാജ്യത്തിന്റെ സവിശേഷമായ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

‘ധാരോഹർ ഭാരത് കി’ എന്ന ദൂരദർശൻ ഡോക്യുമെന്ററി കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ഏപ്രിൽ 14, 15 തീയതികളിൽ രാത്രി 8 മണിക്ക് ഡിഡി നാഷനലിൽ സംപ്രേഷണം ചെയ്യുന്ന ‘ധാരോഹർ ഭാരത് കി’ എന്ന രണ്ട് ഭാഗങ്ങളുള്ള ദൂരദർശൻ ഡോക്യുമെന്ററി കാണണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ദൂരദർശന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“നമ്മുടെ പൈതൃകത്തിനും, നമ്മുടെ സ്വാതന്ത്ര്യത്തിനും വേണ്ടി തങ്ങളുടെ സർവവും ത്യാഗം ചെയ്ത നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കും, യൂണിഫോമിൽ സേവനമനുഷ്ഠിക്കുന്നവരുടെ വീര്യത്തിനും ആദരാഞ്ജലികൾ.

ധരോധർ ഭാരത് കി എന്ന രണ്ട് ഭാഗങ്ങളുള്ള ഈ ഡോക്യുമെന്ററി ഏപ്രിൽ 14, 15 തീയതികളിൽ രാത്രി 8 മണിക്ക് ഡി ഡി നാഷണലിൽ കാണുക

ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ബൊഹാഗ് ബിഹു ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ ബൊഹാഗ് ബിഹു, സംസ്ഥാനത്തെ വിസ്മയകരമായ ജനങ്ങൾക്കൊപ്പം ഈ അവസരം ആഘോഷിക്കാൻ താൻ അസമിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഒരു വിസ്മയകരമായ ബൊഹാഗ് ബിഹു!”

ഡോ. ബാബാസാഹെബ് അംബേദ്കറിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“മഹാനായ ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.”

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ ഇതാ..

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോൺ ബർല നിരവധി ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം പങ്കുവെച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോൺ ബർല നിരവധി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പങ്കാളിത്തം പങ്കുവെച്ചു. കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകന്റെ വസതിയിലെ തമിഴ് പുതുവത്സര പരിപാടിയിൽ പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം, ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിലെ ഈസ്റ്റർ ആഘോഷങ്ങൾ, കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ വസതിയിലെ ഗണേശോത്സവത്തിൽ പങ്കെടുത്തത്, അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ വസതിയിൽ നടന്ന ബിഹു ആഘോഷത്തിൽ പങ്കെടുക്കൽ, തുടങ്ങി വിവിധ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തതിന്റെ നേർക്കാഴ്ചകൾ കേന്ദ്രമന്ത്രി പങ്കുവെച്ചു.

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ത്യയുടെ സാംസ്കാരിക ചടുലതയും വൈവിധ്യവും നമ്മെ കൂടുതൽ ശക്തരാക്കുന്നു. ജനങ്ങളുടെ ഇടയിലായിരിക്കുന്നതും അവരുടെ തനതായ പൈതൃകത്തിന്റെ വശങ്ങൾ ആഘോഷിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്.”

ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ കഴിവും സംരംഭകത്വ മനോഭാവവും പ്രകടിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ കഴിവും സംരംഭകത്വവും പ്രകടിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 2022-23ൽ ഇന്ത്യ 770 ബില്യൺ ഡോളറിന്റെ പുതിയ കയറ്റുമതി റെക്കോർഡ് നേടിയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ത്യയിലെ ജനങ്ങൾ അവരുടെ കഴിവും സംരംഭകത്വവും പ്രകടിപ്പിക്കുകയാണ്. ശുഭാപ്തിവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്.

പിഎംഎവൈ അമ്മമാരുടെയും പെൺമക്കളുടെയും ജീവിതം സുഗമമാക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 14 ഏപ്രിൽ 2023

പൂഞ്ചിലെ ചഞ്ചല ദേവിയുടെ ജീവിതത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഒരു വീട് കൊണ്ടുവന്ന വലിയ മാറ്റം എംപി വിവരിച്ചു.
ജമ്മു പൂഞ്ച് എംപി ശ്രീ ജുഗൽ കിഷോർ ശർമയുടെ ട്വീറ്റ് ത്രെഡിന് പ്രധാനമന്ത്രി മറുപടി നൽകി.

പിഎംഎവൈ അമ്മയുടെയും പെൺമക്കളുടെയും ജീവിതം എളുപ്പമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം ട്വീറ്റ് ചെയ്തു:

“ജമ്മു കശ്മീരിലെ ചഞ്ചല ദേവിയുടെ ഈ സന്തോഷം, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം എങ്ങനെ എളുപ്പമാകുന്നുവെന്ന് കാണിക്കുന്നു.”

നുമാലിഗഡ് റിഫൈനറി വിപുലീകരണ പദ്ധതിയുടെ ആദ്യ ഓവർ ഡൈമൻഷണൽ കാർഗോയിലും ഓവർ വെയ്റ്റ് കാർഗോയിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ഇന്തോ ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴി പാണ്ഡു മൾട്ടിമോഡൽ തുറമുഖത്ത് എത്തിയതിനാൽ നുമാലിഗഡ് റിഫൈനറി വിപുലീകരണ പദ്ധതിക്കായുള്ള ഒന്നാം ഓവർ ഡൈമൻഷണൽ കാർഗോ & ഓവർ വെയ്റ്റ് കാർഗോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സ്തുത്യർഹമായ നേട്ടം.”

പ്രശാന്തമായ അരുണാചൽ പ്രദേശിന്റെ ഒരു നേർക്കാഴ്ച പ്രധാനമന്ത്രി പങ്കുവെച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

കേന്ദ്രമന്ത്രി ശ്രീ അമിത് ഷായുടെ പിടികിട്ടാപ്പുള്ളിയോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അരുണാചൽ പ്രദേശിന്റെ പ്രശാന്തത പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ശാന്തവും മനോഹരവുമായ അരുണാചൽ പ്രദേശ്!”

പഞ്ചാബിലെ ഹോഷിയാർപൂർ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു

പി എം എൻ ആർ എഫിൽ നിന്ന് സഹായധനം അനുവദിച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

പഞ്ചാബിലെ ഹോഷിയാർപൂരിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുന്നതിന് ശ്രീ മോദി അംഗീകാരം നൽകി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“പഞ്ചാബിലെ ഹോഷിയാർപൂരിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനം അനുവദിച്ചു. . പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.”

വടക്കുകിഴക്കൻ മേഖലയുടെ വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി പങ്കുവച്ചു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

കഴിഞ്ഞ 9 വർഷത്തെ വടക്കുകിഴക്കൻ മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള ഒരു ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വടക്കുകിഴക്കൻ മേഖലയിൽ നടക്കുന്ന പരിവർത്തനത്തെക്കുറിച്ചുള്ള രസകരമായ ഒരു ത്രെഡ്, അത് പ്രദേശത്തെ അതിന്റെ മുഴുവൻ സാധ്യതകളും തിരിച്ചറിയാൻ സഹായിക്കുന്നു.”

പുത്താണ്ടിന്റെ ശുഭ മുഹൂർത്തത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേരുന്നു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാവരേയും പുത്താണ്ട് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എല്ലാവർക്കും പുത്താണ്ട് ആശംസകൾ. മികച്ച ഒരു വർഷമായിരിക്കട്ടെ . ”

മഹാ ബിഷുബ പന സംക്രാന്തിയിലും ഒഡിയ പുതുവർഷത്തിലും പ്രധാനമന്ത്രി ആശംസകൾ നേർന്നു

ന്യൂഡൽഹി : 14 ഏപ്രിൽ 2023

മഹാ ബിഷുബ പന സംക്രാന്തിയുടെയും ഒഡിയ പുതുവർഷത്തിന്റെയും സന്തോഷകരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മഹാ ബിഷുബ പന സംക്രാന്തിയും ഒഡിയ പുതുവത്സരാശംസകളും. ആരോഗ്യകരവും സന്തോഷകരവുമായ ഒരു വർഷം വരട്ടെ.”

ബൈശാഖി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ബൈശാഖിയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബൈശാഖി ആശംസകൾ. ഈ സന്ദർഭം സമൂഹത്തിലെ ഒരുമയുടെ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കട്ടെ.”

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

ന്യൂഡൽഹി : 14 ഏപ്രിൽ 2023

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ച ആദരണീയനായ ബാബാസാഹേബിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. ജയ് ഭീം!”

 

 

 

error: Content is protected !!