Trending Now

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി വിജയൻ അന്തരിച്ചു

അടൂർ: തല ചായ്ക്കുവാൻ ഇടമില്ലാതെയും, സംരക്ഷിക്കുവാൻ ആളില്ലാതെയും വടശ്ശേരിക്കര പേഴുംപാറയിലെ വെയിറ്റിംഗ് ഷെഡിൽ അന്തിയുറങ്ങിയിരുന്ന പേഴുംപാറ വെള്ളിലാങ്ങൽ വീട്ടിൽ രാഘവൻ മകൻ വിജയ ( 71 ) നെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 2020 ഏപ്രിൽ 25ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്ത് സംരക്ഷിച്ച് വന്നിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയ ഇദ്ദേഹം മടങ്ങി വന്നപ്പോൾ ഇവർ വീടും സ്ഥലവുമൊക്കെ വിറ്റ് മറ്റേതോ നാട്ടിലേക്കോ താമസം മാറിയിരുന്നു.
മുപ്പതോളം വർഷങ്ങൾക്ക് അലഞ്ഞ് തിരിഞ്ഞ് വികലാംഗനും രോഗാതുരനുമായി തിരികെയെത്തിയ ഇദ്ദേഹത്തെ സ്വീകരിക്കുവാൻ സഹോദരങ്ങളും ബന്ധുക്കളും തയ്യാറാകാതായതോടെയാണ് ഇദ്ദേഹം തെരുവിലായത്.

വെയിറ്റിംഗ് ഷെഡിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാകും വിധം താമസമാക്കിയതോടെ നാട്ടുകാർ കളക്ടർക്ക് നല്കിയ പരാതിയെ തുടർന്നാണ് വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ഇദ്ദേഹത്തെ മഹാത്മയിലെത്തിച്ചത്.വാർദ്ധക്യ സഹചമായ രോഗ കാരണങ്ങളാലാണ് മരണം. ഭാര്യയും മക്കളും എവിടെയാണെന്ന് വിവരമില്ല.

മൃതദേഹം ചായലോഡ് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഭാര്യയോ, മക്കളോ ബന്ധുക്കളോ എത്തിയാല്‍ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734299900