സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിനു സമീപം സപ്ലൈകോ സൂപ്പർ മാർക്കറ്റ് പരിസരത്ത് ഭക്ഷ്യ-പൊതുവിതരണ മന്ത്രി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
14 ജില്ലാ ആസ്ഥാനങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുക. വിഷുവിനും റംസാനും പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ ഫെയറുകളിൽ ലഭ്യമാകും. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് സ്‌പെഷ്യൽ ഫെയറുകൾ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.