മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി പ്രകാരം കന്നുകാലികളില്‍ ആര്‍.എഫ്.ഐ.ഡി.
മൈക്രോചിപ്പ് ഘടിപ്പിക്കലിന്റെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു.
ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗത്തെയും തിരിച്ചറിയുന്നതിനായും ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) അധിഷ്ഠിത ടാഗിംഗും ജി.ഐ.എസ് മാപ്പിംഗും ഉള്‍പ്പെടുത്തിയാണ് ഇ-സമൃദ്ധ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലെ പ്ലാസ്റ്റിക് ടാഗിങ്ങിന് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്നതാണ് മൈക്രോചിപ്പ് ടാഗിംഗ്.
മൃഗങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ ഡേറ്റാബേസ് ഉപയോഗിച്ച് കന്നുകാലികളുടെ ബ്രീഡിംഗ് മാനേജ്‌മെന്റ്, രോഗനിര്‍ണയം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷ്വറന്‍സ്, ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്ക് പ്രയോജനപ്പെടും. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് കന്നുകാലികള്‍ക്ക് സൗജന്യമായി മൈക്രോചിപ്പ് ഘടിപ്പിക്കും.
പഞ്ചായത്തംഗം റെജി ചാക്കോ, വെറ്ററിനറി സര്‍ജന്‍ ഡോ.വിനി ആന്‍ വര്‍ഗീസ് ,ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ സി.വി രവി,നിഷ ആര്‍ നായര്‍, അറ്റന്‍ഡര്‍ എം.ഐ അല്‍ഫോണ്‍സ്, വര്‍ഗീസ് രാമനോലിയ്ക്കല്‍, മോന്‍സി, നിബു മാമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.