മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. 113 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 110 പ്രതികളെ കോടതി വെറുതെവിട്ടു. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം പ്രതി ബിജു പറമ്പത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതി മുൻ എംഎൽഎ സി കൃഷ്ണൻ അടക്കം പ്രമുഖ സിപിഎം പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. 2013 ഒക്ടോബർ 27നാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്.
ആയുധം കൊണ്ട് പരിക്കേൾപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേർ സിപിഎം പുറത്താക്കിയവരാണ്.