Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/03/2023)

വനിത കമ്മീഷന്‍ സിറ്റിംഗ് 17 ന്
കേരള വനിത കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 17 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍  മെഗാ അദാലത്ത് നടത്തും.    

          
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ്

കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം.  സിവില്‍എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി(സിവില്‍) പ്രവൃത്തി പരിചയവും ആണ് യോഗ്യത.  അപേക്ഷകള്‍ മാര്‍ച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം.  വെബ്സൈറ്റ് : www.kphccltd.kerala.gov.in
ഫോണ്‍: 04712302201.

കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം 18ന്

കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ 112-ാംമത് വാര്‍ഷികത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 3.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിക്കും. രമാദേവി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മുഖ്യപ്രഭാഷണവും ക്യാഷ് അവാര്‍ഡ് വിതരണവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിക്കും.


മെഴുവേലി ഗവ മോഡല്‍ എല്‍പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 18ന്

മെഴുവേലി ഗവ മോഡല്‍ എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അനുമോദന സമ്മേളനവും മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സാന്ത്വന സ്പര്‍ശം ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും. എല്‍എസ്എസ് വിജയികളെ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ അനുമോദിക്കും. എന്‍ഡോവ്‌മെന്റ് വിതരണം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ നിര്‍വഹിക്കും. സമ്മാനദാനം പന്തളം ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബി. അനീഷ്മോന്‍ നിര്‍വഹിക്കും.

മാലിന്യ സംസ്‌കരണം:വാര്‍ റൂം സജ്ജമായി

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് 0468-2222561 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ആരോഗ്യജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചീകരണം മാര്‍ച്ച് 17ന്

ആരോഗ്യജാഗ്രത കാമ്പയിന്റെ  ഭാഗമായി ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ മാര്‍ച്ച് 17ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. അപ്രതീക്ഷിതമായി മഴ പെയ്യുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശുപത്രികളിലും പരിസരത്തും ശുചിത്വം ഉറപ്പാക്കാനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എല്ലാ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡിഎംഒ അറിയിച്ചു.


അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന  വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി  നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
സേവനകാലാവധി 2024 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്  04735227703 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
error: Content is protected !!