പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പുതുക്കി ചേര്‍ക്കുന്നതിനുള്ള വിവരശേഖരണരേഖ പൂരിപ്പിച്ച് നല്‍കുന്നതിന് 2023 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചതായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി. അറിയിച്ചു.
വിവരശേഖരണരേഖയുടെ (പ്രൊഫോര്‍മ) മാതൃക വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. 2022 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ പ്രൊഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.
ജില്ലയില്‍ 2021 ഡിസംബര്‍ വരെ പെന്‍ഷന്‍ ലഭിച്ചവര്‍ (ആശ്രിത /കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും) ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ 2023 മാര്‍ച്ച് 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ പെന്‍ഷന്‍ വിതരണം 2023 ജൂലൈ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. (പിഎന്‍പി 774/23)
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം.277/2017) തസ്തികയിലേക്ക് 19/11/2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 588/19/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടിക 18/11/2022 തീയതി അര്‍ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 19/11/2022 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
(പിഎന്‍പി 775/23)
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയിലേക്ക് നവസംരംഭകരെ കൈപിടിച്ചുയര്‍ത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ്.
ഈ പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷ്യ സംസ്‌കരണ രീതികളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. സംരഭകര്‍ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങളായ ഡ്രയറുകളും ബാഷ്പീകരണ ഉപകരണങ്ങളും,ആയുര്‍വേദ മേഖലയിലെ എക്സ്ട്രൂഷന്‍ ടെക്നിക്കുകളും മൂല്യവര്‍ധനവും, എണ്ണ വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികതകളും വിശകലനരീതികളും, ന്യൂട്രാസ്യൂട്ടിക്കല്‍സ്, സുഗന്ധവ്യഞ്ജന സംസ്‌കരണവും, വികസിത ഭക്ഷ്യ മേഖലകളിലും പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റ്‌റര്‍-ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജില്‍ മാര്‍ച്ച് 20 മുതല്‍ 25 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,770 രൂപ ആണ് ആറ് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി മാര്‍ച്ച് 16 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍-0484 2532890 / 2550322/7012376994. (പിഎന്‍പി 776/23)
പ്രീസ്‌കൂള്‍ പിന്തുണയ്ക്കായി സമഗ്രശിക്ഷ ഒരുങ്ങുന്നു
അന്താരാഷ്ട്ര നിലവാരമുള്ള പ്രീസ്‌കൂള്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷയും ചേര്‍ന്ന് ധാരാളം പരിപാടികള്‍ നടപ്പാക്കി വരുന്നു. സ്‌കൂളുകള്‍ക്ക് അതിനായി പിന്തുണ നല്‍കുന്നതിനും പ്രീസ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ മോണിറ്റര്‍ ചെയ്യുന്നതിനും സഹായിക്കുന്നതിനുമായി സമഗ്രശിക്ഷയിലെ പ്രവര്‍ത്തകരെ ഒരുക്കുന്നതിനുള്ള സ്റ്റാര്‍സ് പ്രീസ്‌കൂള്‍ പദ്ധതി പ്രകാരമുള്ള പരിശീലനം കേരളമൊട്ടാകെ നടന്നു വരുന്നു. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ പഴകുളം പാസില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് തുളസീധരന്‍പിള്ള നിര്‍വഹിച്ചു. സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ പി ജയലക്ഷ്മി, എസ് സുജമോള്‍, എ കെ പ്രകാശ്, പരിശീലകരായ ബിജി വര്‍ഗീസ്, എ.ഷാദം, പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ജില്ലയിലെ 11 ബിആര്‍സികളില്‍ നിന്നായി 33 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുക പ്രീ സ്‌കൂളിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങള്‍, ക്ലാസ്റൂം സൗകര്യങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയൊക്കെ എങ്ങനെയായിരിക്കണമെന്നും എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അറിയുക, മൂന്നു മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധഘട്ടങ്ങളെ പരിചയപ്പെട്ടുകൊണ്ട് അവയുടെ പൂര്‍ണമായ വികാസം സാധ്യമാകുംവിധം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുന്നവിധം മനസ്സിലാക്കുക, അതിലൂടെ തങ്ങളുടെ ചുമതലയില്‍വരുന്ന പ്രീസ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും അവിടെയെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിചരണവും അനുഭവങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു.
വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണ സെമിനാര്‍ പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടത്തി. ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമ്മാന്‍ഡര്‍ വി ആര്‍ സന്തോഷ് (റിട്ട) സ്വാഗതം ആശംസിച്ചു. വിമുക്ത ഭടന്മാരുടെ സംശയങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ മറുപടി നല്‍കി. സ്പര്‍ശിനെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കും സംശയങ്ങള്‍ക്കും പത്തനംതിട്ട ഡി.പി.ഡി.ഒ ഓഫീസിന്റെ പ്രതിനിധിയും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറുമായ കെ ജി ബിജു മറുപടി നല്‍കി. ജില്ലാ സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആര്‍.രാജീവ്, വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ് (റിട്ട) എന്നിവര്‍ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ഗ്രുപ്പ് ക്യാപ്റ്റന്‍ ഷിബു വര്‍ഗീസ് (റിട്ട), സ്‌ക്വാഡന്‍ ലീഡര്‍ ടി സി മാത്യു, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി പി ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ് -.സെമിനാര്‍ –
വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടത്തിയ ബോധവല്‍കരണ സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമ്മാന്‍ഡര്‍ വി ആര്‍ സന്തോഷ് (റിട്ട) സംസാരിക്കുന്നു. (പിഎന്‍പി 778/23)
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്.ആര്‍ ഫോര്‍ എസ്.റ്റി ഒണ്‍ലി)(കാറ്റഗറി നം. 480/21) തസ്തികയുടെ 27/02/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 125/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. (പിഎന്‍പി 779/23)
എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869232899/8547005011), മുട്ടം, തൊടുപുഴ (04862255755/8547005014) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469 2680574/8547005010)യിലും പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷത്തില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 01.06.2023 ന് 16 വയസ് തികയരുത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കരിക്കുലം. ഭാവിയില്‍ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്കും എഞ്ചിനീയറിംഗ് മേഖല തെരെഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐഎച്ച്ആര്‍ഡി യുടെ ടെക്നിക്കല്‍ സ്‌കൂളുകള്‍.
ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം അപേക്ഷകള്‍ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം.അപേക്ഷയുടെ രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 21 വരെയും, സ്‌കൂളുകളില്‍ നേരിട്ട് മാര്‍ച്ച് 25 വരെയും സമര്‍പ്പിക്കാം
വാക്ക് ഇന്‍ ട്രെയിനിങ്
അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും (മാര്‍ച്ച് 11, 12) തീയതികളില്‍ സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്.ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ഇന്ന് (മാര്‍ച്ച് 11) രാവിലെ ഒന്‍പതിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 12 ന് വള്ളിക്കോട് പഞ്ചായത്ത് ഹാളില്‍ പരിശീലനം നടക്കും.
മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലാണ് പരിശീലനം. രാവിലെ ഒന്‍പതിനും 11 നും ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം നാലിനുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാം. ഫോണ്‍ : 0471-2318188.
ടെന്‍ഡര്‍
കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്. ഫോണ്‍ : 0469 2678752.
ടെന്‍ഡര്‍
കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്. ഫോണ്‍ : 0469 2678752.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
ചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍
ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം, എട്ടാം ക്ലാസ് പാസ്. താത്പര്യം ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് 13 ന് വൈകിട്ട് അഞ്ചിന് മുന്‍പായിചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ :04735 256577.
സ്റ്റേഷനറി വിതരണം നിര്‍ത്തി വെക്കും
വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
വികസന സെമിനാര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ബ്ലോക്ക ്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം സാം പി.തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്/ഗ്രാമ ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ്‍മാര്‍
ക്വട്ടേഷന്‍
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത്, പഴകുളം മേഖലകളില്‍ കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 14 ന് വൈകിട്ട് 4.30 ന് മുമ്പായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04734 240637.
കോന്നി പ്രമാടം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (11.03.2023) ഉച്ചക്ക് 3.00 ന് പ്രമാടം ഗവ. എല്‍ പി സ്‌കൂളില്‍ അഡ്വ. കെ യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിന്റെ നിര്‍മ്മാണം. പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.