Trending Now

പത്തനംതിട്ട : ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/03/2023)

എസ്റ്റി പ്രൊമോട്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് ഒന്‍പതിന്
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന്  അട്ടത്തോട് പടിഞ്ഞാറേക്കര, കിഴക്കേക്കര എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും  എസ്റ്റി പ്രൊമോട്ടര്‍മാരെ  നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് ഒന്‍പതിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തും.
അട്ടത്തോട് പടിഞ്ഞറേക്കര, കിഴക്കേക്കര എന്നിവിടങ്ങളില്‍  സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ  പട്ടികവര്‍ഗ, യുവതീ, യുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. അട്ടത്തോട് നിവാസികളായിട്ടുള്ള അപേക്ഷകര്‍ക്ക് നിലവിലെ ഒഴിവില്‍ മുന്‍ഗണന നല്‍കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍  – 04735 227703.


സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ മേഖലയില്‍ ഐടിഐ/കെജിസിഇ/ഡിപ്ലോമ/ബി ടെക് (പാസ് /ഫെയില്‍)കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.  എറണാകുളത്തുളള കുറ്റൂക്കാരന്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍  നടത്തുന്ന എട്ട്  മാസത്തെ പരിശീലനകാലത്ത് താമസം, ഭക്ഷണം, യൂണിഫോം, സ്റ്റൈപ്പന്റ് എന്നിവയും, പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കും.
യോഗ്യതയുളളവര്‍ മാര്‍ച്ച് ഒന്‍പതിന്  രാവിലെ  11 -ന് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം എത്തിച്ചേരണം. ഫോണ്‍: 9447280615.

ഫാര്‍മസിസ്റ്റ് നിയമനം
ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന താത്കാലിക അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഫോണ്‍: 04734-243700.

ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി
പത്തനംതിട്ട, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി പരിശോധന നടത്തി. മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന 36 കിലോ മത്സ്യം കണ്ടെത്തി. ഹോട്ടലുകള്‍, തട്ടുകടകള്‍, മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ഗവ.യുപി സ്‌കൂളില്‍ സൗജന്യ കുടിവെളള പരിശോധന ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

കരട് പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന മത്സര പരീക്ഷകള്‍ക്ക് ധനസഹായം നല്‍കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്  പ്രോഗ്രാം പദ്ധതിയുടെ മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022-23വര്‍ഷത്തെ കരട്  മുന്‍ഗണനാ പട്ടിക www.bcddkerala.gov.in, ഇ ഗ്രാന്റ്സ് 3.0 എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. കരട് പട്ടിക സംബന്ധിച്ച പരാതികള്‍ മാര്‍ച്ച് 14 ന് അകം കൊല്ലം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474- 2914417.

കളക്ട്രേറ്റില്‍ വനിതകള്‍ക്ക് ഹീമോഗ്ലോബിന്‍ പരിശോധന
വിവ കേരളം കാമ്പയിന്റെ ഭാഗമായി കളക്ടറേറ്റിലെ വനിതാ ജീവനക്കാരുടെ ഹീമോഗ്ലോബിന്‍ നില പരിശോധിക്കുന്നു. പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ വനിതാ ജീവനക്കാരെയാണ് പരിശോധിക്കുന്നത്. മാര്‍ച്ച്  എട്ടാംതീയതിയിലെ ലോക വനിതാദിന പരിപാടിയുടെ ഭാഗമായാണ് പരിശോധന. ഇതോടനുബന്ധിച്ച് രാവിലെ ഒന്‍പത് മുതല്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ സംഘടിപ്പിക്കും.  സിഗ്‌നേച്ചര്‍ കാമ്പയിനും, ഹീമോഗ്ലോബിന്‍ പരിശോധനയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 മുതല്‍ ഒന്നു വരെ കളക്ട്രേറ്റിലെ താഴത്തെ നിലയിലാണ് പരിശോധനാ സൗകര്യം ഒരുക്കിയിട്ടുളളത്. ആരോഗ്യവകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. എല്ലാ വനിതാ ജീവനക്കാരും ഹീമോഗ്ലോബിന്‍ പരിശോധന സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍.അനിതാകുമാരി അറിയിച്ചു.

അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നഗരസഭയില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവരായിരിക്കണം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി മാര്‍ച്ച് 25. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734 256765.

 

ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി  കുട്ടികള്‍ക്കായി കുറിയന്നൂര്‍ എംറ്റിഎച്ച്എസ് സ്‌കൂളില്‍  മാര്‍ച്ച് 24 വരെ നീളുന്ന ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  ക്യാമ്പ്   പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എസ്. അനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ആര്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, അസോസിയേഷന്‍ മുന്‍ ട്രഷറര്‍ എം.എം. ഗോപാലന്‍ നായര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ്, അമല്‍ എന്നിവര്‍ പങ്കെടുത്തു.

 

നോര്‍ക്ക – സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍:
സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (എംഒഎച്ച്) സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവര്‍ത്തി പരിചയം ആവശ്യമില്ല.
നഴ്സുമാര്‍ക്ക് നഴ്സിംഗില്‍ ബി.എസ്സി/ പോസ്റ്റ് ബിഎസ്സി/ എംഎസ് സി / പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും  നിര്‍ബന്ധമാണ്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് 35 വയസാണ് പ്രായപരിധി.
പ്ലാസ്റ്റിക് സര്‍ജറി / കാര്‍ഡിയാക്/  കാര്‍ഡിയാക് സര്‍ജറി/  എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്‌സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാര്‍ട്മെന്റുകളിലേക്കാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ്.
മുതിര്‍ന്നവര്‍ക്കുള്ള ഇആര്‍, എകെയു, സിസിയു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്‌സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ഐസിയു), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ഇആര്‍, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ടവര്‍, എന്‍ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ (ഒടി/ഒആര്‍ ), പീഡിയാട്രിക് ഇആര്‍, പീഡിയാട്രിക് ജനറല്‍, പിഐസിയു, വുണ്ട്, മാനുവല്‍ ഹാന്‍ഡ്ലിംഗ്,  ഐവി ടീം എന്നീ  വിഭാഗങ്ങളിലാണ് നഴ്സുമാരുടെ  ഒഴിവുകള്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  നോര്‍ക്ക  റൂട്സിന്റെ  www.norkaroots.org,  www.nifl.norkaroots.org എന്നീ വെസൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാം. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ഡ് പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോര്‍ട്ട്  സൈസ് ഫോട്ടോ (ജെപിജി ഫോര്‍മാറ്റ് ) എന്നിവ ലിങ്കില്‍ അപ്ലോഡ് ചെയ്യണം.
ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്  ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ഇന്റര്‍വ്യൂ തീയതി,  സ്ഥലം  എന്നിവ അറിയിക്കും. മാര്‍ച്ച് 11 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന്  നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം)  ബന്ധപ്പെടാം.  നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്സിന്റെ ശ്രദ്ധയില്‍പെടുത്തണം.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം:മിഴിവ് ഷോര്‍ട്ട് വീഡിയോ മത്സരം

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന മിഴിവ് 2023 ഓണ്‍ലൈന്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. മാറുന്ന കേരളം എന്നതാണ് മത്സര വിഷയം.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം 50000, 25000 എന്നിങ്ങനെ കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. അഞ്ചു പേര്‍ക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റാണ്. എന്‍ട്രികള്‍ മാര്‍ച്ച് 23 വരെ ാശ്വവശ്.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

ജില്ലയില്‍ താപനില 40 കടന്നു
ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം – 40.5, വെങ്കുറിഞ്ഞി – 39.7, ഉളനാട് – 39.5, സീതത്തോട് – 38.5, റാന്നി – 38.3, കുന്നന്താനം – 37.4, ഏനാദിമംഗലം – 37.9, തിരുവല്ല – 36.5, ളാഹ -36.7.

ബാസ്‌കറ്റ്ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2022-23 പദ്ധതിയുടെ ഭാഗമായി കുറിയന്നൂര്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് എം റ്റി എച്ച് എസ് കുറിയന്നൂര്‍ സ്‌കൂളില്‍  മാര്‍ച്ച് 24 വരെ നീളുന്ന ബാസ്‌കറ്റ്ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. പത്തനംതിട്ട ജില്ലാ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  ക്യാമ്പ്   പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് ബിനോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ സി എസ് അനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ആര്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സുമേഷ് കുമാര്‍, അസോസിയേഷന്‍ മുന്‍ ട്രഷറര്‍ എം.എം. ഗോപാലന്‍ നായര്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ്, അമല്‍ എന്നിവര്‍ പങ്കെടുത്തു.

എച്ച് ബി പരിശോധന
അനീമിയ പ്രതിരോധത്തിനായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവ കേരളം ക്യാമ്പയിനോട് അനുബന്ധിച്ച് ,ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന്  കളക്ടറേറ്റിലെ എല്ലാ ഓഫീസിലെയും വനിത ജീവനക്കാരുടെ എച്ച് ബി പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
 
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22(നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്)വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐടിഐ/ഐടിസി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗൃകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും, യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള വിദ്യാര്‍ഥികളുമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 31 ന് അകം തിരുവനന്തപുരം മേഖല(തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെസിപി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍ 695036 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0471 2460667.