Trending Now

എസ്എസ്എല്‍സി പത്തനംതിട്ട ജില്ലയില്‍ 10,214 വിദ്യാര്‍ഥികള്‍ എഴുതും; 166 പരീക്ഷാ കേന്ദ്രങ്ങള്‍

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത് 10,214 വിദ്യാര്‍ഥികള്‍. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ രണ്ടു വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.

മാര്‍ച്ച് ഒന്‍പതിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്‌കൂളിലാണ്. ഇവിടെ 258 പേരാണ് എസ്എസ്എല്‍സി എഴുതുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി എഴുതുന്നത് രണ്ടു സ്‌കൂളുകളിലാണ്. നാലു പേര്‍ വീതം പരീക്ഷ എഴുതുന്ന കാട്ടൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളും കുമ്പഴ എംപിവി ഹൈസ്‌കൂളും.

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎം എച്ച്എസ്എസിലാണ്. ഇവിടെ 315 പേരാണ് എസ്എസ്എല്‍സി എഴുതുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന അഞ്ചു സ്‌കൂളുകളാണുള്ളത്. മൂന്നുപേര്‍ വീതം പരീക്ഷ എഴുതുന്ന പുറമറ്റം ജിവിഎച്ച്എസ്എസ്, പെരിങ്ങര ജിവിഎച്ച്എസ്എസ്, അഴിയിടത്തുചിറ ജിഎച്ച്എസ്, കുറ്റൂര്‍ ജിഎച്ച്എസ്എസ്, സെന്റ് തോമസ് നിരണം വെസ്റ്റ് എന്നിവയാണവ.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവ 33 ഉം എയ്ഡഡ് 66 ഉം അഞ്ച് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 104 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഗവ 16 ഉം എയ്ഡഡ് 44 ഉം രണ്ട് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 62 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3408 ആണ്‍കുട്ടികളും 3209 പെണ്‍കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 1858 ആണ്‍കുട്ടികളും 1739 പെണ്‍കുട്ടികളും പരീക്ഷ എഴുതും. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 1569 ഉം എയ്ഡഡ് സ്‌കൂളില്‍ 8233 ഉം അണ്‍ എയ്ഡഡില്‍ 412ഉം പേരാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1897 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 89 പേരും സിഡബ്ല്യുഎസ്എന്‍ വിഭാഗത്തിലെ 185 കുട്ടികളും എസ്എസ്എല്‍സി എഴുതും.

ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാര്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 0469-2600181, 9400239655, 8301035286.

error: Content is protected !!