Trending Now

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നു; വ്യാപക ക്രമക്കേട്

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ ഒരു ഏജന്റിന്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകള്‍ക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലന്‍സ് സംഘത്തിന്റെ പരിശോധിയില്‍ തെളിഞ്ഞത്

കരള്‍ രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റായിരുന്നു. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 സര്‍ട്ടിഫിക്കറ്റുകളാണ്. കരുനാഗപ്പള്ളിയില്‍ ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തില്‍ നാല് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് ഒരേ അസുഖത്തിന് നാല് തവണ തുക അനുവദിച്ചു. കോട്ടയത്തിന് പുറമേ ഇടുക്കിയില്‍ നിന്നും ഇതേ വ്യക്തി തുക തട്ടിയെടുത്തിരുന്നു. ഒരേ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്ലാ അപേക്ഷയ്ക്കുമൊപ്പം നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർ കൈപ്പറ്റുന്നത് കണ്ടെത്തുന്നതിലേയ്ക്കായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില ജില്ലാ കളക്ടറേറ്റുകളിൽ CMDRF(Chief Ministers Distress Relief Fund) സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്ദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ധനസഹായം ഏർപ്പാടാക്കി കൊടുക്കുന്നതിന് ചിലയിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും ഇത്തരം ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളിൽ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും സത്യസന്ധത ഇല്ലാത്തതാണെന്നും ചിലയിടങ്ങളിൽ അർഹരായ അപേക്ഷകരെ ഉപയോഗിച്ച് ചില ഏജന്റുമാർ അവരെ കൊണ്ട് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതെന്നും ഇത്തരം അപേക്ഷകളിൽ അപേക്ഷ നൽകുന്ന വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോൺ നമ്പരിന് പകരം ഏജന്റിന്റെ ഫോൺ നമ്പർ ആണ് വയ്ക്കുന്നതെന്നും തുക പാസായി അപേക്ഷകന്റെ അക്കൌണ്ടിലെത്തുന്ന പണത്തിന്റ വിഹിതം ഇത്തരം ഏജന്റുമാർ കൈപ്പറ്റുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് (22.02.2023) സംസ്ഥാന വ്യാപകമായ മിന്നൽ പരിശോധന നടത്തിയത്.

മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായും CMDRF ഫണ്ട് അനുവദിച്ച അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ കരൾ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിയ്ക്ക് ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചിട്ടുള്ളതായും
കൊല്ലം ജില്ലയിൽ വിജിലൻസ് ഇന്ന് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്നും പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളതായും കരുനാഗപ്പള്ളിയിൽ ഇന്ന് പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയിട്ടുള്ളതാണെന്നും ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ പ്രസ്തുത ഡോക്ടർ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തതായും അപേക്ഷയോടൊപ്പം ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്ത ഒരാൾക്കും ഫണ്ട് അനുവദിച്ചിട്ടുള്ളതായും ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കളക്ടേറ്റ് മുഖേന 5000/- രൂപയും 2019-ൽ ഇതേ അസുഖത്തിന് ഇടുക്കി കളക്ടറേറ്റ് മുഖേന 10000/- രൂപയും 2020-ൽ ഇതേ വ്യക്തിയ്ക്ക് ക്യാൻസറിന് കോട്ടയം കളക്ടറേറ്റ് മുഖേന 10000/- രൂപ അനുവദിച്ചതായും ഇതിലേയ്ക്കെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനായ ഡോക്ടറാണെന്നും CMDRF വഴി സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചിട്ടുള്ള ജോർജജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അയ്യാളല്ല അപേക്ഷ സമർപ്പിച്ചതെന്നും വിജിലൻസ് കണ്ടെത്തി.
ഇടുക്കി കളക്ടറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അപേക്ഷരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും, രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടി തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും വിജിലൻസ് കണ്ടെത്തി.
എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായമായി 300000/- രൂപയും മറ്റൊരു വിദേശ മലയാളിയ്ക്ക് 45000/-രൂപയും അനുവദിച്ചിട്ടുള്ളതായും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചിലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും പാലക്കാട് ജില്ലയിൽ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിലെ 5 അപേക്ഷകളോടൊപ്പം ചേർത്തിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃയസംബന്ധമായ അസുഖത്തിന് ആയൂർവേദ ഡോക്ടറായ ഒരാൾ നൽകിയതാണെന്നും അഞ്ച് അപേക്ഷകൾ ഒരേ ഏജന്റ് മുഖേൻ സമർപ്പിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.
കാസർകോഡ് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കൈയ്യക്ഷരത്തിലുള്ളതാണെന്നും എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും ഇപ്രകാരം സംഭവിക്കാനുണ്ടായ സാഹചര്യം തുടർ പരിശോധനയ്ക്ക് വിദേയമാക്കുമെന്നും വിജിലൻസ് കണ്ടെത്തി.
തുടർന്നുള്ള ദിവസങ്ങളിൽ CMDRF ലെ അപേക്ഷയോടൊപ്പമുള്ള വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അധികാരികതയും ഏജന്റുമാരും ഉദ്ദ്യോഗസ്ഥരും കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം . ഐ.പി.എസ് അറിയിച്ചു.
വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം.ഐ.പി.എസ്-അവർകളുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി.ഹർഷിത അട്ടല്ലൂരി.ഐ.പി.എസ്-ന്റെ മേൽനോട്ടത്തിൽ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ പോലീസ് സൂപ്രണ്ട് (ഇന്റ്) ശ്രീ.ഇ.എസ്.ബിജുമോൻ നേതൃത്വം നൽകി. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!