കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു

 

കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു :കളിക്കളങ്ങള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പുതിയ കളിക്കളം:പാഠ്യ പദ്ധതിയില്‍ കായികം ഇനമായി ഉള്‍പ്പെടുത്തും

konnivartha.com : വ്യായാമം ചെയ്യേണ്ടത് കുട്ടികളും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും ആണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുതിര്‍ന്നവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് കുറവാണ്. അവരും ഫിറ്റ്നസ് കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം.
മാനസിക ആരോഗ്യത്തിന് കായിക ക്ഷമതയും ആവശ്യമാണ്. ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യം നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

യുവതലമുറയെ കായികരംഗത്തേക്ക് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യായാമശീലം വളര്‍ത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠ്യ പദ്ധതിയില്‍ കായികം ഇനമായി ഉള്‍പ്പെടുത്തും. കായികതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പാക്കാന്‍ പോകുന്നത്. പ്രൈമറി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ പഞ്ചായത്തിലും കായിക ക്ഷമത മിഷന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കായിക ക്ഷമത അളക്കുന്നതിന് വേണ്ടിയുള്ള പദ്ധതി ഈ മാസം 23 ന് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. ഇതിനായുള്ള വാഹനം ഓരോ വിദ്യാലയത്തിലും എത്തി കുട്ടികളുടെ കായിക ക്ഷമത ഒരു ഡേറ്റ ബേസില്‍ ഉള്‍പ്പെടുത്തി ഓരോ സ്ഥലങ്ങളിലും നടത്തേണ്ട പദ്ധതികള്‍ പ്രത്യേകം തീരുമാനിക്കും. കായിക താരങ്ങള്‍ക്ക് ഏറ്റവും പ്രഗല്‍ഭരായ ആളുകളുടെ സേവനം ലഭ്യമാക്കി പ്രത്യേക പരിശീലനം നല്‍കുന്നതിനായി 75 കോടി രൂപ മുടക്കി നിര്‍മിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം അടുത്തമാസം തിരുവനന്തപുരത്ത് ആരംഭിക്കും.
കളിക്കളങ്ങള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പുതിയ കളിക്കളം നിര്‍മിക്കുക സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. 112 പുതിയ കളിക്കളങ്ങള്‍ക്ക് 1112 കോടി രൂപ അനുവദിച്ച് കഴിഞ്ഞു. ഈ ബജറ്റില്‍ 50 ഓളം കളിക്കളങ്ങള്‍ക്കുള്ള അനുമതി ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കായിക ക്ഷമതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പുമായി ചേര്‍ന്ന് കോന്നിയില്‍ വിവിധ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കുട്ടികള്‍ക്ക് കലാപരമായ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് സംഗീതത്തിലും ഡാന്‍സിലും പരിശീലനം നല്‍കും. അതിനായി ആവിഷ്‌കരിച്ച കെ 83 പദ്ധതിയുടെ ഭാഗമാണ് ഫിറ്റ്‌നസ് സെന്ററും.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ജയകുമാര്‍, സുജ അനില്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. പുഷ്പവല്ലി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടര്‍ ഡാനിയേല്‍, എസ്.പി. സജന്‍, എം.എസ്. ജ്യോതിശ്രീ, ശോഭാ ദേവരാജന്‍, അജിതാ സജി, സിന്ധു സുദര്‍ശന്‍, സുഭാഷിണി, മേഴ്സി ജോബി, ബിന്ദു റെജി, എസ്. ബിന്ദു, പ്രസന്നകുമാരി, കായിക യുവജനകാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ എ.എന്‍. സീന, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. ബാബു രാജന്‍ പിള്ള, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി മോഹന്‍, മുന്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. മൈക്കിള്‍, രാജു നെടുവമ്പുറം, കെ.ജി. രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.