Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/01/2023)

വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ലഭ്യമാക്കണം
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി/ ഐഐഎം/ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് /റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ്, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022-23 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 ന് അകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വര്‍ഷം വരെ മാനുവലായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി മാനുവലായി തന്നെ റിന്യൂവല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2 983 130.

ഗതാഗത നിയന്ത്രണം
റാന്നി – കോഴഞ്ചേരി റോഡില്‍ പുതമണ്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനാല്‍ റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്കുള്ള ബസുകള്‍ കീക്കൊഴൂര്‍ പേരൂച്ചാല്‍ പാലത്തിലൂടെ മറുകരയില്‍ എത്തി ചെറുകോല്‍പ്പുഴ-റാന്നി റോഡിലൂടെയും കുറച്ചു ബസുകള്‍  പുതമണ്‍- വയലത്തല – അന്ത്യാളന്‍കാവ് വഴി തകര്‍ന്ന പാലത്തിന്റെ മറുകരയില്‍ എത്തി സര്‍വീസ് നടത്തണം. പാലത്തിന്റെ പുതുതായി നിര്‍മിച്ച ഇരുഭാഗത്തിലൂടെയും ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടും.

 

 

കോഴഞ്ചേരി താലൂക്ക് വികസനസമിതി ഫെബ്രുവരി നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി നാലിന് രാവിലെ 11.00ന് പത്തനംതിട്ട മുനിസിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും, എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ അറിയിച്ചു.

കൂണ്‍ കൃഷി വ്യാപനത്തിന് ധനസഹായത്തോടെ വിപുല പദ്ധതി
കൂണ്‍ കൃഷി വ്യാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുളള ധനസഹായത്തോടെ വിപുലമായ പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വളരെ ഗുണമേന്മയുളളതും പ്രോട്ടീന്‍ ഏറ്റവും കൂടുതലുളള മാംസ്യേതര ഭക്ഷണ പദാര്‍ഥമായതിനാലും ഔഷധ ഗുണമേറെയുളളതിനാലും കൂണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഭക്ഷണ യോഗ്യമായ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആറു കൂണ്‍ ഗ്രാമങ്ങളാണ് ഒരുങ്ങുന്നത്. 600 ചെറുകിട യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്. ഓരോ കൂണ്‍ ഗ്രാമത്തിലും ചെറുകിട യൂണിറ്റുകള്‍, വിത്ത് ഉത്പാദന യൂണിറ്റുകള്‍, സംഭരണ കേന്ദ്രങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന യൂണിറ്റുകള്‍, മാലിന്യ സംസ്‌ക്കരണ സംവിധാനം എന്നിവയുണ്ടാകും.

ചെറുകിട കൂണ്‍കൃഷി യൂണിറ്റ് എന്നതില്‍ 80-100 തടങ്ങള്‍വരെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം സഹായധനമായി പരമാവധി 11250 രൂപയും വന്‍കിട യൂണിറ്റുകള്‍ക്കും, കൂണ്‍വിത്തുല്പാദന യൂണിറ്റുകള്‍ക്കും രണ്ടു ലക്ഷം രൂപ വരെയും സഹായധനം ലഭിക്കും. കംപോസ്റ്റ് യൂണിറ്റുകള്‍ക്ക് പദ്ധതി ചെലവിന്റെ പകുതി സഹായധനം പരമാവധി 50000 വരെ ലഭിക്കും.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനുളള യൂണിറ്റുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും പദ്ധതി ചെലവിന്റെ 50 ശതമാനം സഹായധനമായ ഒരു ലക്ഷം രൂപയും, രണ്ടു ലക്ഷം രൂപയും യഥാക്രമം ലഭ്യമാകും. ഓരോ കൂണ്‍ ഗ്രാമത്തിനും ഈ പദ്ധതിയില്‍ ആവശ്യമായ സൗജന്യ പരിശീലനം നല്‍കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുളള കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി അറിയിച്ചു.

മൗനാചരണം
ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാര്‍ഷികമായ ജനുവരി 30ന് രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ / സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടു മിനിറ്റ് മൗനാചരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (കാറ്റഗറി നമ്പര്‍ 155/2020) തസ്തികയുടെ  2022 ഓഗസ്റ്റ് 19ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 2023 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനന തീയതി, ജാതി, യോഗ്യതകള്‍,  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.                        ഫോണ്‍: 0468 2 222 665.

 

എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി

എയര്‍ ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍  നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്  www.airmenselection.cdac.in. ഫോണ്‍: 0484 2 427 010, 9188 431 093


ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായം

ഫിഷറീസ് വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക്  50 വയസുവരെയാകാം.
സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന്  അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിംഗ് ആന്‍ഡ് നഴ്സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം.
മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417.
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്  ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന എന്‍ട്രികള്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി ജനുവരി 30. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ള ഗാര്‍ഹിക/ കരകൗശല, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ തൊഴിലാളികള്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷ തൊഴില്‍വകുപ്പിന്റെ www.lc.kerala.gov.in വെബ്സൈറ്റ് മുഖേന ജനുവരി 30ന് മുമ്പായി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0468 2 220 248.
ലൈഫ് സര്‍ട്ടിഫിക്കറ്റ്സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും അവശതാ പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരിക്കുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി15ന് മുന്‍പായി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് കുടിശിക പെന്‍ഷന്‍ അനുവദിക്കുന്നതല്ല.                    ഫോണ്‍: 0468 2 220 248.
ക്വട്ടേഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട്  മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്‌സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0468 2 222 657.
പ്രായോഗിക പരീക്ഷ

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി)  (കാറ്റഗറി നമ്പര്‍ 19/2021, 20/2021) തസ്തികയുടെ  20/10/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്  ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ പരിശോധിക്കുക.പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2 222 665.

ടെലിവിഷന്‍ ജേണലിസം പഠനം
വാര്‍ത്താചാനലില്‍ നേരിട്ട് പരിശീലനം നല്‍കി കൊണ്ടുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരുവര്‍ഷം) കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍,  രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. ഫോണ്‍: 9544 958 182.

സ്പര്‍ഷ്: ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി നാലിന്
പുതിയ പെന്‍ഷന്‍ സ്പര്‍ഷ് സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെന്‍ഷന്‍കാര്‍/ കുടുംബ പെന്‍ഷന്‍കാര്‍/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍കാര്‍/ പ്രതിരോധ സിവിലിയന്‍ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി ഫെബ്രുവരി നാലിന് രാവിലെ 10.30 മുതല്‍ 11.30 വരെ തിരുവനന്തപുരത്തെ പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ച് കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് ചെന്നൈ സ്പര്‍ഷ് ഔട്ട്റീച്ച് പ്രോഗ്രാം ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.

ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. ചെന്നൈ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് റ്റി. ജയസീലന്‍, തിരുവനന്തപുരം സ്റ്റേഷന്‍ കമ്മാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും ഡിപിഡിഒ പ്രതിനിധികളുമായി  നേരിട്ട് ഇടപെടാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ വിമുക്തഭടന്മാരോടും ആശ്രിതരോടും സൈനികക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
error: Content is protected !!