konnivartha.com : കേരളത്തിന്റെ സഹകരണ ആശുപത്രികള്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സേവനം മികച്ചതും മാതൃകാപരവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാര്‍ഷികാഘോഷവും കാന്‍സര്‍ അവബോധ ക്ലാസും ആശുപത്രി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക ചികിത്സാ സങ്കേതങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുക മാത്രമല്ല ഏറ്റവും മിതമായ നിരക്കിലും, സൗജന്യമായും ചികിത്സാ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സഹകരണ ആശുപത്രികള്‍ നടത്തുന്ന പരിശ്രമം മാതൃകാപരമാണ്. ഏവര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം.
പണമില്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയില്ല. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് സഹകരണ ആശുപത്രികളും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പരമാവധി മെഡിക്കല്‍ വിദ്യാഭ്യാസം കേരളത്തില്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആയിരത്തി ഒരു നൂറില്‍പ്പരം നഴ്സിംഗ് സീറ്റുകള്‍ ഈ അക്കാഡമിക് വര്‍ഷം പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ചികാത്സാരീതിയിലും സംവിധാനത്തിലും ആവശ്യമാണ്.
മുന്നൂറ് കിടക്കകളോട് കൂടിയ അത്യാധുനിക മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനുള്ള പദ്ധതി ഇഎംഎസ് ആശുപത്രിയില്‍ പുരോഗമിച്ചു വരികയാണ്. പുതുതായി ഫിസിയോ തെറാപ്പി യൂണിറ്റും, നെഫ്രോളജി, യൂറോളജി എന്നീ സ്പെഷ്യാലിറ്റികളും ആശുപത്രിയില്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിടുന്നു. അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നഴ്സിംഗ് കോളജ് ആരംഭിച്ച് ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി ജില്ലാ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന്‍ പിള്ള കാന്‍സര്‍ അവബോധ ക്ലാസ് നയിച്ചു. ഇഎംഎസ് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍, ആശുപത്രി വൈസ് ചെയര്‍മാന്‍ പി.കെ. ദേവാനന്ദന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, വാര്‍ഡ് അംഗം പി.എം. ജോണ്‍സണ്‍, സ്വാഗത സംഘം ചെയര്‍മാന്‍ ടി.വി.സ്റ്റാലിന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, ആശുപത്രി സീനിയര്‍ ഫിസിഷ്യന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗംഗാധരന്‍ പിള്ള, ബോര്‍ഡ് അംഗം കെ.പി. ഉദയഭാനു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എക്സ്എംഎല്‍എമാരായ രാജു എബ്രഹാം, കെ.സി. രാജഗോപാല്‍, സ്വാഗത സംഘം കണ്‍വീനര്‍ പി.ആര്‍. പ്രദീപ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി പി.സി. രാജീവ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ പി.കെ. ഗീത, ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.