Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു

ആശുപത്രികളെ രോഗീ സൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
 പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു

ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

2007 ല്‍ നിര്‍മിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുതിയ പേ വാര്‍ഡില്‍ 24 റൂമുകളാണുള്ളത്. എല്ലാ മുറികളിലും ടിവി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു മുറികളില്‍ എസിയും സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് പേ വാര്‍ഡ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ആമിന ഹൈദരാലി, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന്‍ ജെറി അലക്‌സ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബികാ വേണു, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷെമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആന്‍സി തോമസ്, ആര്‍. സാബു, മേഴ്‌സി വര്‍ഗീസ്, ആനി സജി, ഡിഎംഒ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ജിഎച്ച് പത്തനംതിട്ട സൂപ്രണ്ട് ഡോ. എ. അനിത, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.