Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2023)

 

പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ രജതജൂബിലി ആഘോഷം ജനുവരി 31ന്

* കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും
റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമവും ജനുവരി 31ന് മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും. ഇതോട് അനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, വയോജനങ്ങളേയും മുന്‍കാല സിഡിഎസ് ചെയര്‍പേഴ്സണ്‍മാരേയും ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവയുമായി ചേര്‍ന്ന് ഞങ്ങളും കൃഷിയിലേക്ക് സമഗ്ര കാര്‍ഷിക സുസ്ഥിര വികസനത്തിന്റെ ഭാഗമായി കാര്‍ഷിക കര്‍മ്മസേനയുടെ ഉദ്ഘാടനവും നടത്തും. പഞ്ചായത്തിനെ സന്തോഷഗ്രാമം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പറഞ്ഞു.

31ന് രാവിലെ 10ന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും കേരളത്തിനു നല്‍കിയ സംഭാവനകള്‍ എന്ന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പദ്ധതി നിര്‍വഹണം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും കുടുംബശ്രീ രജത ജൂബിലി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

റിപ്പബ്ലിക് ദിനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടസംഗമം സംഘടിപ്പിക്കും
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുവട് 2023 എന്ന പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടസംഗമം സംഘടിപ്പിക്കും. ഇതിന്റെ പ്രചാരണാര്‍ഥം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

വിളംബര ജാഥയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, അംബിക ദേവരാജന്‍, പൊന്നമ്മ വര്‍ഗീസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. അംബിക, സിഡിഎസ് അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

ഇനി വിളയും അടുക്കളത്തോട്ടത്തില്‍ കുറ്റി കുരുമുളകും

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കുറ്റി കുരുമുളക് കൃഷി പദ്ധതിക്ക് തുടക്കമായി. ഒരു കര്‍ഷകന്‍ എച്ച്ഡിപിഇ ബാഗില്‍ നിറച്ച അഞ്ചു കുറ്റികുരുമുളക് തൈകള്‍ നല്‍കുന്നതാണ് പദ്ധതി. ഓരോ വീട്ടിലും ആവശ്യത്തിനുള്ള കുരുമുളക് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ നിന്നു തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയണം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷം വന്‍ വിജയപ്രദമായി പദ്ധതി നടപ്പാക്കിയിരുന്നു.

എച്ച്ഡിപിഇ ബാഗില്‍ തൈകള്‍ നല്‍കുന്നതിനാല്‍ വരുന്ന അഞ്ചുവര്‍ഷക്കാലം തൈകള്‍ മാറ്റി നടേണ്ടതില്ല എന്നത് ഈ വര്‍ഷത്തെ പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത്, വികസന സമിതി അംഗം ശശിധരക്കുറുപ്പ്, കൃഷി ഓഫീസര്‍ സി. ലാലി,  സീനിയര്‍ അസിസ്റ്റന്റ് എന്‍. ജിജി, കൃഷി അസിസ്റ്റന്റുമാരായ ജസ്റ്റിന്‍ സുരേഷ്, അനിതകുമാരി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍;ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
2025 മാര്‍ച്ച് 30 ന് കേരളത്തെ വലിച്ചെറിയല്‍ മുക്ത സംസ്ഥാനമാക്കി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം  (26) പത്തനംതിട്ട നഗരസഭയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടേയും ശുചിത്വ മിഷന്‍, തദ്ദേശസ്വയം ഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ വകുപ്പുകളുടെയും ഏകോപനത്തില്‍ കേരളത്തെ വൃത്തിയുളള സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിനിലൂടെ നടപ്പാക്കുന്നത്.

ജില്ലയില്‍ വിവിധ തദ്ദേശഭരണ സ്ഥാപന പരിധിയിലായി മൂന്നൂറിലധികം സ്ഥലങ്ങളാണ് പൊതുയിട ശുചീകരണത്തിനായി കണ്ടെത്തിയിട്ടുളളത്. ജനുവരി 26 മുതല്‍ 30 വരെയുളള തീയതികളില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യകൂനകള്‍ നീക്കം ചെയ്യല്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചിയാക്കല്‍, ശുചീകരിച്ച സ്ഥലങ്ങള്‍ ആകര്‍ഷകമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.

സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
ചെമ്പനോലി അപകട വളവില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
നാറാണംമൂഴി, വെച്ചുച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മടന്തമണ്‍ – കൂത്താട്ടുകുളം  പൊതുമരാമത്ത് വകുപ്പ് റോഡ്. ഇവിടെ കുത്ത് ഇറക്കത്തുള്ള കൊടും വളവ് സ്ഥിരം അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഈറോഡ് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി വാഹനങ്ങള്‍ ഇതിലെ പോകുന്നുണ്ട്. കുത്തിറക്കം ഇറങ്ങിവരുമ്പോള്‍ കൊടുംവളവില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്യുന്നത് പതിവാണ്. ലോറി ഉള്‍പ്പെടെയുള്ള ലോഡും കൊണ്ടുവരുന്ന വലിയ വാഹനങ്ങളും സ്ഥിരമായി ഇവിടെ മറിയുന്നുണ്ട്. ഇക്കാര്യം എംഎല്‍എ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് സേഫ്റ്റി വിഭാഗം ഇവിടെ പരിശോധന നടത്തി അപകടം ഒഴിവാക്കുന്നതിനായി പദ്ധതി തയാറാക്കിയത്. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

അപേക്ഷകള്‍ ക്ഷണിച്ചു
കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജ്ജനി സുരക്ഷാ പദ്ധതിയില്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : എംഎസ്ഡബ്ലു പാസായിരിക്കണം. സമാന മേഖലയില്‍ മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജനുവരി 30ന് വൈകുന്നേരം മൂന്നിന് മുമ്പായി ബയോഡേറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. വിലാസം: പ്രോജക്ട് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട പിന്‍-689 645. ഫോണ്‍: 0468 2 325 294, 9747 449 865

ചുവട് 2023 അയല്‍ക്കൂട്ട സംഗമം
കുടുംബശ്രീ രജതജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും അയല്‍ക്കൂട്ട സംഗമം ചുവട് 2023 ഇന്ന് (26) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ 10647 അയല്‍ക്കൂട്ടങ്ങളിലും പതാക ഉയര്‍ത്തല്‍ സംഗമഗാന അവതരണം, കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശ വീക്ഷണം, വിവിധ കര്‍മ്മ പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും.
അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി വിവിധ സി.ഡി.എസ്സുകള്‍ വിളംബരഘോഷയാത്ര, പ്രചരണ ജാഥ, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍, ജില്ലാകളക്ടര്‍, കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കാളികളാകും.

പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്‌മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27ന് രാവിലെ 11 ന് നടത്തും. ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്‍/ മാര്‍ക്കറ്റിംഗില്‍ എം ബി എ യും ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്‌മെന്റ് /എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി : 35 വയസ്. വേതനം 20000 രൂപയും ഇന്‍സെന്റീവും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 ന്  പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ കേരള പോലീസ് സര്‍വീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 410/2021)  തസ്തികയുടെ 21/01/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 02/2023/ഡിഒഎച്ച് നമ്പര്‍ അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദം, നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
ലേബര്‍ കമ്മീഷണറുടെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും മികച്ച തൊഴിലാളികളെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള ചെത്ത് തൊഴിലാളികള്‍ക്ക് അക്ഷയ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജനുവരി 30. ഫോണ്‍ : 0469 2 603 074.

കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

പടുതാകുളത്തിലെ മത്സ്യകൃഷിയുമായി ജില്ല ഫിഷറീസ് വകുപ്പ്
ഇരുപതാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ കണ്ടുവരുന്ന ഒരു നൂതന മത്സ്യകൃഷി രീതിയാണ് പടുതാകുളങ്ങള്‍. കര്‍ഷകരുടെ സ്ഥലപരിമിതി അനുസരിച്ച് ഏത് ആകൃതിയിലും വ്യാപ്തിയിലും നിര്‍മ്മിക്കാന്‍ കഴിയുന്ന ജലസംഭരണികളാണ് എന്നാതാണ് പടുതാകുളത്തിന്റെ പ്രത്യേകത. ഗ്രാമ പ്രദേശങ്ങളില്‍ ജലം നില്‍ക്കാത്ത ഭൂമിയിലും വേനല്‍കാലത്ത് ജലം വറ്റി പോകുന്ന പ്രദേശങ്ങളിലും, വീട്ടുവളപ്പിലോ പിന്നാമ്പുറത്തോ കുഴികള്‍ നിര്‍മ്മിച്ച് പടുത വിരിച്ച് വെള്ളം നിറച്ച് മത്സ്യകൃഷി ചെയ്യാം. പ്രകൃതിദത്ത കുളങ്ങള്‍ പോലെതന്നെ കുളങ്ങള്‍ ഒരുക്കാം. ആധുനിക രീതിയില്‍ ലോഹച്ചട്ട കൂടിനുള്ളില്‍ പടുത വിരിച്ചും കുളങ്ങള്‍ നിര്‍മ്മിക്കാം. താരതമ്യേന ആയാസരഹിതമായ വിളവെടുപ്പ് നടത്താം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, തൊഴില്‍ സംരഭം എന്നീ ആശയങ്ങള്‍ വച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച പദ്ധതിയാണ് സുഭിക്ഷ കേരളം (2021). ഇതില്‍ പത്തനംതിട്ട ജില്ല ഫിഷറീസ് വകുപ്പിന് രണ്ട് പദ്ധതികളാണ് അനുവദിച്ചത്.

ഇന്നോവേറ്റീവ് പദ്ധതികളായ ബയോഫ്ലോക്. വീട്ടുവളപ്പിലെ രണ്ട് സെന്റ് പടുതാ കുളത്തിലെ ആസാംവാള മത്സ്യകൃഷി.  ജില്ലയില്‍ (2020-21) കാലയളവില്‍ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമായി 180 യൂണിറ്റും (202122) കാലയളവില്‍ 116 യൂണിറ്റും സുഭിക്ഷ കേരളം പദ്ധതി മുന്നോട്ടുവച്ച ആശയങ്ങള്‍ പൂര്‍ണമായും ഉള്‍കൊണ്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫിഷറീസ് വകുപ്പും ഗ്രാമപഞ്ചായത്തും സംയുകതമായി പദ്ധതി നടപ്പിലാക്കുന്നു. 1,23,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന യൂണിറ്റ്കോസ്റ്റ്. ഇതില്‍ ജനറല്‍ വിഭാഗത്തിന് 29,600 രൂപ, പട്ടികജാതി വിഭാഗത്തിന് 55,500 രൂപ, പട്ടികവര്‍ഗ വിഭാഗത്തിന് 74,000 രൂപ വീതം പഞ്ചായത്ത് വിഹിതവും 19,600 (ജനറല്‍) 36,750 (എസ്.സി), 49,000 (എസ്.റ്റി) വീതം വകുപ്പ് വിഹിതവും നല്‍കുന്നു.

കുളം നിര്‍മ്മാണം
കൃത്രിമ കുളം സജ്ജമാക്കി അതില്‍ പടുത വിരിച്ച് ജലം സംഭരിച്ച് നിര്‍ത്തി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷിചെയ്യുന്ന രീതിയാണിത്. 80 ച.മീ. (2 സെന്റ്) വിസ്തീര്‍ണ്ണമുള്ള നിലത്തില്‍ 40 സെ.മീ. ആഴത്തില്‍ കുഴിയെടുത്ത് ഇതേ മണ്ണ് ഉപയോഗിച്ച് കുഴിയുടെ ചുറ്റുമായി 110 സെ.മീ. ഉയരത്തില്‍ ബണ്ട് രൂപീകരിക്കുക. (ആകെ 150 സെ.മീ.) കുഴിയുടെ അടിതട്ടില്‍ പൂഴിമണല്‍ വിരിച്ച് നിരപ്പാക്കുക, മുനയുള്ള വസ്തുക്കള്‍ കൊണ്ട് പടുത കീറുന്നത് ഒഴിവാക്കാനായി ചാക്കുകള്‍ വിരിച്ചതിനു മുകളില്‍ നൈലോണ്‍ ഷീറ്റ് വിരിച്ച് പടുതാകുളം സെറ്റ് ചെയ്യാം. കുഴിയുടെ അടിത്തട്ടില്‍ മധ്യഭാഗത്തായി 5-10 സെ.മീ. വ്യാസത്തില്‍ ഡ്രെയിന്‍ പൈപ്പ് സ്ഥാപിക്കേണ്ടതാണ്.  ഇതില്‍ പടുത വിരിച്ച് കുളം നിര്‍മ്മാണം പൂര്‍ത്തീകരിക്കാം ശേഷം 125 സെ.മീ. ഉയരത്തില്‍ ജലം നിറയ്ക്കണം, ശേഷം കുളത്തിന് ചുറ്റും സംരക്ഷിത വല സ്ഥാപിച്ച് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. കുളത്തിന്റെമേല്‍ഭാഗം 60-80 എം-എം കണ്ണി വലിപ്പമുള്ള വലകൊണ്ട് മൂടുന്നത് വളരെ നല്ലതാണ്.  വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം 550 ജിഎസ്എം ഉള്ള പടുത ഉപയോഗിക്കുന്നതാണ് അഭികാമ്യം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പടുതാകുളത്തിന് ചുറ്റുവേലി അത്യാവശ്യമാണ്. അനുയോജ്യമായ മത്സ്യങ്ങള്‍: ആസാംവാള, വരാല്‍, കാരി, കരിമീന്‍, തിലാപ്പിയ, അനബാസ്.
ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണംകേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ അക്ഷയകേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. എല്ലാ മാസവും ഒന്നു മുതല്‍ 20 വരെയുളള തീയതികളില്‍ ബയോ മെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ്. ഫോണ്‍ : 0468 2 320 158.
റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപി.എസ് (കാറ്റഗറി നം. 532/13) തസ്തികയിലേക്ക് 15./12/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 913/18/എസ് എസ് എസ് പി എല്‍ നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്‍ഘിപ്പിച്ച കാലാവധി 14/12/2022 തീയതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ ഈ റാങ്ക് പട്ടിക 15.12.2022 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 14.12.2022 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

 

konnivartha.com : തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

 

തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.

 

ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ  പ്രദേശങ്ങള്‍/ പഞ്ചായത്തുകള്‍ ആണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

 

 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു   
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാക്റ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 383/2020) തസ്തികയുടെ 21/01/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 06/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം
ഏനാദിമംഗലം കുടുംബശ്രീ സിഡിഎസ് ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീലാകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്ട്, വാര്‍ഡ് അംഗങ്ങളായ അരുണ്‍ രാജ്, ആര്‍. സതീഷ് കുമാര്‍, ജെ.ലത, ജീന ഷിബു, വിദ്യ ഹരികുമാര്‍, പി.കാഞ്ചന, ലക്ഷ്മി. ജി. നായര്‍, അനൂപ് വേങ്ങവിള, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അസിസ്റ്റന്റ് സെക്രട്ടറി ദീപ. എം. നായര്‍, കുടുംബശ്രീ ജന്‍ഡര്‍ ഡിപിഎം പി.ആര്‍ അനുപ, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ എസ്.ഗായത്രിദേവി,  കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ടി. ആര്‍ സോമവല്ലി എന്നിവര്‍ സംസാരിച്ചു. സിഡിഎസ് അംഗങ്ങളായ ജലജ കോമളന്‍, ശ്രീകല, മിനി സജി, ശോഭന, ലത പ്രകാശ്, സുജ അശോക്, നീന പുഷ്പന്‍, അക്കൗണ്ടന്റ് അജോഷ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അങ്കണവാടികളില്‍ ആവശ്യമായ രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനും, കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്നിന് പകല്‍ 2.30 വരെ.

 

റിപ്പബ്ലിക് ദിനാഘോഷം  (ജനു.26) :മന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും
ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ (ജനു.26) നടക്കും. ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും.

 

ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങള്‍, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ ജോണ്‍ സാം നിര്‍വഹിക്കും.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. രാവിലെ 7.30ന് എല്ലാവരും ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട്  മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്‌സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0468 2 222 657.

ജില്ലയിലെ 39 തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ 39 തദ്ദേശഭരണസ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. വെച്ചൂച്ചിറ, ചിറ്റാര്‍, എഴുമറ്റൂര്‍, വടശേരിക്കര, മൈലപ്ര, റാന്നി അങ്ങാടി, ഇരവിപേരൂര്‍, പത്തനംതിട്ട, പള്ളിക്കല്‍, പുളിക്കീഴ്, ആനിക്കാട്, കുറ്റൂര്‍, പ്രമാടം, അരുവാപ്പുലം, കുളനട, റാന്നി, കുന്നന്താനം, നിരണം, സീതത്തോട്, മെഴുവേലി, കോട്ടാങ്ങല്‍, കൊടുമണ്‍, വള്ളിക്കോട്, കൊറ്റനാട്, അയിരൂര്‍, കടപ്ര, കോയിപ്രം, ചെന്നീര്‍ക്കര, ഇലന്തൂര്‍, തണ്ണിത്തോട്, ഏനാദിമംഗലം, പെരിങ്ങര, മലയാലപ്പുഴ, മല്ലപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടേയും കോഴഞ്ചേരി, പുളിക്കീഴ്, കോന്നി, എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടേയും അടൂര്‍, പന്തളം, പത്തനംതിട്ട എന്നീ നഗരസഭകളുടേയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റേയും വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.

 

റാന്നി പെരുനാട് നാറാണംമൂഴി, ഏഴംകുളം, ഏറത്ത്, മല്ലപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ വികസന സമിതി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, വിട്ടുപോയ ചില അനിവാര്യ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി സമര്‍പ്പിച്ച് വീണ്ടും അംഗീകാരം നേടി.

 

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു എത്രയും വേഗത്തില്‍ വിതരണം ചെയ്യണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി വിനിയോഗം വര്‍ധിപ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!