Trending Now

പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ

പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ
ജില്ലയില്‍ നെടുമ്പ്രം, തിരുവല്ല ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടേറ്റില്‍ ആര്‍.ആര്‍.ടിയോഗം കൂടി.

 

 

മൃഗസംരക്ഷണവകുപ്പ്, പോലീസ്, വനംവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടിയുടെ മൂന്ന് ടീമുകളുടെ നേതൃത്വത്തില്‍ കളളിംഗ് നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ വിതരണം ചെയ്യുകയും ചെയ്തു.

നെടുമ്പ്രം, ചാത്തങ്കരി മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 170 പേര്‍ക്ക് ഫീവര്‍ നടത്തുകയും, പനി, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തിയ മൂന്നു പേര്‍ക്ക് ഒസള്‍ട്ടാമിവിര്‍ നല്‍കുകയും, സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്പക്ഷിപ്പനി. സാധാരണയായി പക്ഷികളെയാണ് രോഗം ബാധിക്കുന്നതെങ്കിലും ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും രോഗബാധ ഉണ്ടായേക്കാം. പനി, തലവേദന, ചുമ, ശരീരവേദന, ക്ഷീണം, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

 

പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാകം ചെയ്തു മാത്രം ഭക്ഷിക്കുക. അണുബാധയുള്ള പക്ഷികള്‍, അവയുടെവിസര്‍ജ്യം, ജഡം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കയ്യുറകള്‍ തൊപ്പി, ബൂട്ടുകള്‍ എന്നിവ ധരിക്കേണ്ടതാണ്. താറാവ്, കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും പക്ഷികള്‍ക്ക് രോഗബാധയുണ്ടായാല്‍ വെറ്റിനറി, ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അവയെനശിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.