Trending Now

ആധുനിക സാങ്കേതിക വിദ്യയെ കര്‍ഷകര്‍ക്ക് സഹായകമായി ഉപയോഗിക്കും: മന്ത്രി പി. പ്രസാദ്

കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി

കൂടുതല്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആധുനിക സാങ്കേതിക വിദ്യയെ  ഉപയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പുറമറ്റം കൃഷിഭവന്റെ അധീനതയിലുള്ള  മാവനാല്‍ പാടശേഖരത്തിലെ  കര്‍ഷകര്‍ക്ക് മുന്നില്‍ നെല്‍കൃഷിക്ക് വേണ്ട പോഷക മിശ്രിതമായ ‘സമ്പൂര്‍ണ’ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എംഎഎം പദ്ധതിയിലൂടെ ഡ്രോണുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുമെന്നും, വരാന്‍ പോകുന്ന വൈഗയില്‍ ഡ്രോണുകള്‍ ഒരു മുഖ്യ ഘടകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
10 ലിറ്റര്‍ സസ്യ സംരക്ഷണോപാധിയോ, വളമോ വഹിക്കാന്‍ കഴിയുന്നതാണ് നിലവിലെ കാര്‍ഷിക ഡ്രോണ്‍.  ഒരേക്കറില്‍ ഒരേ അളവില്‍ ഈ ലായനി തളിക്കുന്നതിന്  25 മിനിറ്റ് ആണ് ഡ്രോണിനു വേണ്ടുന്ന പരമാവധി സമയം.  റിമോര്‍ട്ട് നിയന്ത്രിതമായാണ് ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത്.  മാവനാല്‍ പാടശേഖരത്തിലെ അഞ്ചു ഹെക്ടര്‍ വരുന്ന നെല്‍ കൃഷിക്ക്  തിങ്കളാഴ്ച ഡ്രോണ്‍ ഉപയോഗിച്ചാണ് ലായനി തളിച്ചത്.

 

സസ്യ സംരക്ഷണോപാധികള്‍ തളിക്കുന്നതിന് പുറമേ, വളം വിതറാനും, വിളയുടെ വളര്‍ച്ച നിരീക്ഷിക്കാനും,  ഭൂമിയൊരുക്കല്‍ എന്നിവയും ഡ്രോണ്‍ ഉപയോഗിച്ച് ഭാവിയില്‍ ചെയ്യാനാകും.  കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പുതിയ മുഖം സമ്മാനിക്കുകയാണ് ഡ്രോണ്‍ പദ്ധതിയിലൂടെ. രാജ്യത്തെ കൃഷിയിടങ്ങളില്‍ സസ്യ സംരക്ഷണോപാധികള്‍  പ്രയോഗിക്കാന്‍ തയാറാക്കിയ കാര്‍ഷിക ഡ്രോണുകളുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം പരിചയപ്പെടുത്തലിന്റെ ഭാഗമായി പന്തളം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

 

പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗവും, പുറമറ്റം പാടശേഖരസമിതി പ്രസിഡന്റുമായ ജിജി മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ കെ.ഒ. മോഹന്‍ദാസ്, വിനീത് കുമാര്‍, ജൂലി. കെ. വര്‍ഗീസ്, റോഷ്‌നി ബിജു, ശോശാമ്മ തോമസ്, സാബു ബഹനാന്‍, ഷിജു. പി.കുരുവിള, ജില്ലാകൃഷി ഓഫീസറായ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോയ്‌സി. കെ. കോശി, ലൂയിസ് മാത്യു, പുല്ലാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എല്‍. അമ്പിളി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ്, പുറമറ്റം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബോബന്‍ ജോണ്‍, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, കൃഷി അസിസ്റ്റന്റ് സുനില്‍ കുമാര്‍, പാടശേഖരസമിതി അംഗങ്ങള്‍, കര്‍ഷക സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു.