Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)

സന്നിധാനത്തേക്ക് ഇടമുറിയാതെ ഭക്തജന പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ

മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്ക്കുന്ന  ജനുവരി 19 വരെ ഉണ്ടാവും.

ജനുവരി ഒന്ന് മുതല്‍ 13,96,457 പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തപ്പോള്‍ മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച്ച അര്‍ധരാത്രി വരെ 46712 ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കെത്തി. ശനിയാഴ്ച്ച പകല്‍ പമ്പയില്‍ നിലയുറപ്പിച്ച ഭക്തര്‍ ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച പുലര്‍ച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാന്‍ കാരണമായി.

ശനിയാഴ്ച്ച മകരസംക്രമ പൂജയും കഴിഞ്ഞ് രാത്രി നടയടക്കുമ്പോഴും ദര്‍ശനപുണ്യം കാത്തുള്ള ഭക്തരുടെ നിര വലിയ നടപ്പന്തല്‍ കഴിഞ്ഞും നീണ്ടു. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദര്‍ശനം നടത്തി മടങ്ങുന്നവരില്‍ അധികവും. ശനിയാഴ്ച്ച വൈകിട്ട് 6.50ന് മകരവിളക്ക് ദര്‍ശനം കഴിഞ്ഞ ഉടന്‍ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പെ എത്തി പര്‍ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദര്‍ശനത്തിന് ശേഷം ഉടന്‍ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു.
മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്. കൊവിഡിന് ശേഷമുള്ള തീര്‍ഥാടന കാലമായതിനാല്‍ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്.

വനത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം

ശബരിമല സന്നിധാനം സ്ഥിതി ചെയ്യുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് സ്പെഷല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജ് എം. മനോജ് നിര്‍ദേശം നല്‍കി. ഉള്‍വനത്തില്‍പോലും മാലിന്യം തള്ളുന്നുവെന്ന് വനം വകുപ്പ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് വനവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം. ശരണപാതകളില്‍ വനഭൂമിയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ വന സംരക്ഷണ സമിതിയുടെ സേവനം ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചു. മാലിന്യങ്ങള്‍ വന്യജീവികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.
മകരവിളക്കിന് ശേഷമുള്ള സന്നിധാനത്തെയും പരിസരത്തെയും മാലിന്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. വിശുദ്ധി സേനാംഗങ്ങളും അയ്യപ്പ സേവാ സംഘവും ശുചീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
പുല്ലുമേട് പാത വഴി ജനുവരി 19 വരെ തീര്‍ഥാടകരെ കടത്തിവിടാന്‍ പോലീസ് സ്പെഷല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. തീര്‍ഥാടകരെ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പാതകളിലൂടെ സുരക്ഷിതമായി മലയിറക്കാനായി. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ എഡിഎം പി വിഷ്ണുരാജ്, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് അനില്‍ സിഎസ്, ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മകരവിളക്കിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മകരവിളക്കിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനത്ത് തുടക്കമായി. വിശുദ്ധി സേനയുടെ നേതൃത്വത്തിലാണ് ശുചീകരണം ആരംഭിച്ചത്. സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം നടത്തുക. 305 വിശുദ്ധി സേനാംഗങ്ങളാണ് സന്നിധാനത്ത് മാത്രം സേവനമനുഷ്ഠിക്കുന്നത്.
പൊതിഞ്ഞ് വെച്ചിട്ടുള്ള മാലിന്യങ്ങള്‍ ട്രാക്ടറില്‍ കയറ്റി ഇന്‍സിനറേറ്ററില്‍ എത്തിച്ച് സംസ്‌കരിക്കും. സന്നിധാനത്തെ ശുചീകരണത്തിനു ശേഷം പമ്പയിലും മറ്റിടങ്ങളിലും ശുചീകരണം നടത്തും. അയ്യപ്പഭക്തര്‍ പര്‍ണശാല കെട്ടി താമസിച്ചിരുന്ന വനപ്രദേശത്തും ശുചീകരണം നടത്തും. കൂടാതെ മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഭക്തര്‍ തമ്പടിച്ചിരുന്ന വിവിധ വ്യൂ പോയിന്റുകളിലെയും മാലിന്യങ്ങള്‍ നീക്കും. പുണ്യം പൂങ്കാവനം, പവിത്രം ശബരിമല, അഖില ഭാരത അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളാകും.

 

ശബരിമലയിലെ ചടങ്ങുകള്‍
( 16.01.2023)

………
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
4.05 ന് …. പതിവ് അഭിഷേകം
4.30 ന് … ഗണപതി ഹോമം
4.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11.30 മണി വരെയും നെയ്യഭിഷേകം
12 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പടിപൂജ
9.30 ന് അത്താഴപൂജ
10 മണിക്ക് മാളികപ്പുറം നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത്
11.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!