Trending Now

ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

ഭക്തജന ലക്ഷങ്ങള്‍ക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

തിരമാലകള്‍ പോലെ ആര്‍ത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ കൂപ്പുകൈകള്‍ക്കുമേല്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തര്‍ക്ക് പ്രാര്‍ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം.
പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍നിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയില്‍വെച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ വന്‍ വരവേല്‍പ് നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു.
കൊടിമര ചുവട്ടില്‍വെച്ച് തിരുവാഭരണപ്പെട്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു. ജെനീഷ് കുമാര്‍ എം.എല്‍ എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, സെക്രട്ടറി എസ്. ഗായത്രി ദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, ശബരിമല എഡിഎം പി വിഷ്ണു രാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിച്ചു. ശ്രീകോവിലില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് തിരുവാഭരണ ങ്ങള്‍ അയ്യപ്പന് ചാര്‍ത്തി. തുടര്‍ന്ന് മഹാദീപാരാധന കഴിഞ്ഞയുടനാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് മൂന്ന് പ്രാവശ്യം പ്രത്യക്ഷമായത്. ജനസമുദ്രമായിത്തീര്‍ന്ന ശബരിമല ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.
മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തെ വ്യൂപോയിന്റുകളായ പാണ്ടിത്താവളം, നൂറ്റെട്ട് പടി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.
മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ പോലീസ് ക്രമീകരിച്ചിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിച്ചില്ല. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചത്.
മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 1000 അധിക സര്‍വീസുകള്‍ നടത്തി. നിലവിലെ സര്‍വീസുകള്‍ക്ക് പുറമേയാണ് ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീര്‍ഘദൂര സര്‍വീസിന് 795 ബസും പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 205 ബസുമാണ് ഏര്‍പ്പെടുത്തിയത്.

ശബരിമലയില്‍ 45 ലക്ഷത്തോളം തീര്‍ഥാടകരെത്തി: മന്ത്രി കെ രാധാകൃഷ്ണന്‍

ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ഭക്തരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 45 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ജനുവരി 20 വരെയുള്ള കണക്കെടുക്കുമ്പോള്‍ 50 ലക്ഷത്തിലധികം ആളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
കൊവിഡിന് ശേഷം വിപുലമായി നടത്തപ്പെട്ട തീര്‍ഥാടന കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തിയത്. സ്വഭാവികമായും ഇത്രയധികം ഭക്തര്‍ എത്തുമ്പോള്‍ ആവശ്യമായ സൗകര്യമൊരുക്കുക വലിയ പ്രയാസമുള്ള കാര്യമായിരുന്നു. അത് കണ്ടു കൊണ്ടു തന്നെ മുന്‍കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി നേതൃത്വം കൊടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒപ്പം തന്നെ വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ മന്ത്രിതലത്തിലും നടത്തി. ഓരോ വകുപ്പിലേയും മന്ത്രിമാര്‍ പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന് വകുപ്പുകള്‍ ശബരിമലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തു. കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകൂടവും കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങളും തീര്‍ഥാടനം മെച്ചപ്പെട്ട രീതിയിലാക്കാന്‍ നല്ല ഇടപെടലുകള്‍ നടത്തി. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കിയത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പ്രധാനമായും അഞ്ച് ദേവസ്വം ബോര്‍ഡുകള്‍, അവയ്ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തര്‍ക്കടക്കം ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സന്നദ്ധരായി. സന്നദ്ധ സേവന സംഘടനകളും കാര്യമായ സഹായങ്ങള്‍ ചെയ്തു.
സന്നിധാനത്തും പമ്പയിലും വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് വിവിധ വകുപ്പുകള്‍ ചെയ്തത്. അത് ക്രോഡീകരിക്കാനുള്ള വലിയ ശ്രമം പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ നടന്നു. എ ഡി ജി പിയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പോലീസ് സേനാംഗങ്ങളുടെ സഹകരണം ഉണ്ടായി. വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് മുമ്പ് പലപ്പോഴും പല വീഴ്ച്ചകള്‍ക്കും കാരണമായത്. അതു കൊണ്ടു തന്നെ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് അവരുടെ കൂടെ പങ്കാളിത്തതോടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതു കൊണ്ടു തന്നെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയ ശേഷവും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞത്.
തെലങ്കാന, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ഭക്തരെത്തിയെന്നത് ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി. വിദേശത്തു നിന്നടക്കം ധാരാളം ഭക്തരാണെത്തിയത്. വരുന്ന ഭക്തര്‍ക്ക് അവരുടെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനായി സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ശബരിമലയില്‍ ഭൂമിയുടെ ലഭ്യത വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പരിമിതമായ ഭൂമിയുടെ ലഭ്യത ഉപയോഗപ്പെടുത്തി കൊണ്ടാണ് വാഹന പാര്‍ക്കിംഗിനടക്കം സൗകര്യം കണ്ടെത്തുന്നത്. ഇതിന് പുറമെ അധികമായി സ്ഥലം കണ്ടെത്തിയാണ് ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിയുന്നത്. ഇതിന്റെയെല്ലാം ഫലമായി എല്ലാ ആളുകളുടെയുംസഹായത്തോടു കൂടി ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം ഏറ്റവും ഭംഗിയായിട്ട് നടത്താന്‍ കഴിഞ്ഞു. വിവിധ എം എല്‍ എമാരുടെയും പ്രസിഡന്റ് അടക്കമുള്ള ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും നല്ലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. സന്നിധാനത്ത് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനമുണ്ടായി. എല്ലാ അര്‍ഥത്തിലും ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലം ഏറ്റവും ഭംഗിയായി നടത്തുന്നതിന് എല്ലാ തലത്തില്‍ നിന്നുള്ള സഹായസഹകരണങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തജന തിരക്ക് വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. ഓരോ ഭക്തനും സ്വയം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള ശ്രദ്ധ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇനിയങ്ങോട്ടും ആ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പിഴവില്ലാത്ത ഏകോപനം; മനം നിറച്ച് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം

പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്ന് എത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വഴി സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനാല്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരവും പരാതികളില്ലാത്തതുമായ ദര്‍ശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡല-മകര വിളക്ക് കാലം സമാപിക്കവേ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷ, ശുചിത്വം, ഇടവേളകളില്ലാത്ത ഭക്തപ്രവാഹം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്, പോലീസ്, റവന്യു-ദുരന്ത നിവാരണം, വനം വകുപ്പ്, ആരോഗ്യം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, എക്സൈസ് ഉള്‍പ്പെടെ സേവനം ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് അക്ഷീണപ്രയത്നം ചെയ്തു.
ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ നിര്‍ണായകമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരും അവലോകന യോഗങ്ങള്‍ നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ദേവസ്വം മന്ത്രി സന്നിധാനത്തും പമ്പയിലും ആറ് തവണയെത്തി സൗകര്യങ്ങളും ക്രമീകരണങ്ങളും നേരിട്ടു വിലയിരുത്തി. പുനലൂര്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം എന്നീ ഇടത്താവളങ്ങളിലെ സൗകര്യങ്ങളും ദേവസ്വം മന്ത്രി അവലോകനം ചെയ്തു. പുല്ലുമേട് അടക്കമുള്ള കാനനപാതകളും ദേവസ്വം മന്ത്രി സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തിയത് തീര്‍ഥാടന വിജയത്തിലേക്കു നയിച്ചു. മണ്ഡല – മകരവിളക്ക് തീര്‍ഥാടന വിജയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെയും റവന്യു (ദേവസ്വം) സെക്രട്ടറി കെ. ബിജുവിന്റെയും നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനമികവ് പ്രതിഫലിപ്പിക്കുന്നതായി.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരും ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കുകയും ചെയ്തു. തീര്‍ഥാടനത്തിനു മുന്‍പായി പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നേരിട്ടെത്തി വിലയിരുത്തല്‍ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മികച്ച ആരോഗ്യ സംവിധാനം ഒരുക്കുന്നതിന് നേതൃത്വം നല്‍കി. പ്രധാന ഇടത്താവളമായ പന്തളത്തെ ക്രമീകരണങ്ങള്‍ മികവുറ്റതാക്കുന്നതിന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നടത്തിയ യോഗങ്ങളും നേരിട്ടു നടത്തിയ സന്ദര്‍ശനങ്ങളും വഴിയൊരുക്കി. കോന്നി, റാന്നി എംഎല്‍എമാര്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ നിരന്തരം സന്ദര്‍ശിക്കുകയും ഇവിടങ്ങളില്‍ ചേര്‍ന്ന വിവിധ യോഗങ്ങളില്‍ പങ്കെടുക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും പത്തനംതിട്ട ജില്ലയിലെ തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ ക്യാമ്പ് ചെയ്തു വിലയിരുത്തിയ ശബരിമല എഡിഎം പി. വിഷ്ണുരാജ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഏറ്റെടുത്തതിനൊപ്പം സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഒരു ഘട്ടത്തില്‍ തിരക്ക് ഒരുലക്ഷം കടന്നപ്പോള്‍ വെര്‍ച്വല്‍ക്യു ബുക്കിംഗ് 90,000 ആയി ക്രമീകരിക്കുകയും ദര്‍ശന സമയം 19 മണിക്കൂറായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം നിലയ്ക്കലില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി. പ്രതിദിന സന്ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തിയതിലൂടെ തീര്‍ഥാടകര്‍ക്ക് സുരക്ഷയും സൗകര്യവും വര്‍ധിച്ചു. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചതോടെ കൂടുതല്‍ സൗകര്യമായി. നിലയ്ക്കലില്‍ കൂടുതല്‍ സ്ഥലം കണ്ടെത്തിയതോടെ പാര്‍ക്കിങ്ങ് പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു.
ദേവസ്വം ബോര്‍ഡ് വിരി, ഭക്ഷണം, കുടിവെള്ളം, ശൗചാലയം എന്നിവ ഉറപ്പാക്കി. 2406 ശൗചാലയങ്ങളും 34,100 വിരിവയ്ക്കാനുള്ള സൗകര്യവും സജ്ജമാക്കി. ഔഷധ കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് വിവിധ പോയിന്റുകളില്‍ വിപുലമായ വിതരണ സംവിധാനം ഏര്‍പ്പെടുത്തി. ദിവസേന ശരാശരി രണ്ടര ലക്ഷം അരവണയും രണ്ടുലക്ഷം അപ്പവും വിതരണം ചെയ്തു. അപ്പവും അരവണയും ആവശ്യത്തിന് ലഭ്യമാക്കാനായി. ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപങ്ങളിലൂടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് അന്നദാനം നടത്തി. മകരവിളക്ക് ദര്‍ശനത്തിനായി തീര്‍ഥാടകര്‍ എത്തിയ സ്ഥലങ്ങളിലെല്ലാം മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി. പാണ്ടിത്താവളത്ത് കൂടുതല്‍ സൗകര്യം ഒരുക്കി.
ദീര്‍ഘ നേരത്തെ ക്യൂ ബുദ്ധിമുട്ടായപ്പോള്‍ കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍, പ്രായമായ സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. ക്യൂ നില്‍ക്കുന്നവര്‍ക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും നല്‍കിയത് ആശ്വാസമായി. തീര്‍ഥാടകരുടെ തിരക്കേറിയപ്പോള്‍ സന്നിധാനത്ത് സ്റ്റീല്‍ കുപ്പികളില്‍ ഔഷധവെള്ളം വിതരണം ആരംഭിച്ചു. 500 സ്റ്റീല്‍ കുപ്പികളാണ് വെള്ളം വിതരണം ചെയ്യാനായി സജ്ജമാക്കിയത്. ഹരിതചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനും സ്റ്റീല്‍ കുപ്പികളുടെ ഉപയോഗത്തിലൂടെ കഴിഞ്ഞു.
തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മല കയറി വരുന്നവര്‍ക്ക് സഹായമേകുന്നതിനായി ശരംകുത്തി കഴിഞ്ഞുള്ള ആറ് ക്യു കോപ്ലക്‌സുകള്‍ സജ്ജമാക്കിയിരുന്നു. തീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 52 ഇടത്താവളങ്ങള്‍ സജ്ജമാക്കിയിരുന്നു. ഇതിന് പുറമേ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്കു കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും സര്‍വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കി. ഇവ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. പൊലീസിന്റെ നൈറ്റ് പട്രോളിംഗ്, വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്‌ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിരുന്നു.
തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആവശ്യമായ ചികിത്സാ കേന്ദ്രങ്ങളും വിദഗ്ധ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കി. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ വിഭാഗങ്ങള്‍ പൂര്‍ണസജ്ജമായിരുന്നു. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ളാഹയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരെ പരിചരിക്കുന്നതില്‍ മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് കാഴ്ചവെച്ചത്. തീര്‍ഥാടകരുടെ അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനത്തിനായി നിയോഗിച്ചു. പമ്പയിലും സന്നിധാനത്തും ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികളാണ് സജ്ജമാക്കിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, എക്സ്റേ, ലബോറട്ടറി സൗകര്യം, ഇസിജി, വെന്റിലേറ്റര്‍, കാര്‍ഡിയോളജി സെന്ററുകള്‍ എന്നിവയും തയാറാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള 18 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് അപകടങ്ങളുണ്ടായാല്‍ സ്വീകരിക്കാനുള്ള പ്രത്യേക പദ്ധതികളും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു.
സന്നിധാനത്ത് അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രികള്‍ തീര്‍ഥാടന കാലയളവില്‍ 24 മണിക്കൂറും പൂര്‍ണസജ്ജമായാണ് പ്രവര്‍ത്തിച്ചത്. അടിയന്തിര സാഹചര്യത്തിലുള്ള രോഗികളെ സന്നിധാനം ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പമ്പയിലേക്കും അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു മാറ്റുന്നതിന് കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
ആന്റി വെനം, ആന്റി റാബിസ് വാക്‌സിന്‍ പോലുള്ള മരുന്നുകളുടെ ലഭ്യതയും കോവിഡാനന്തര തീര്‍ഥാടന കാലം ആയതിനാല്‍ ശ്വാസകോശ, ഹൃദയ സംബന്ധമായ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പമ്പ ഗവ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു.
ശബരിമലയില്‍ എത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള എല്ലാ തീര്‍ഥാടകരും ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയ്ക്ക് ഇതു സഹായകമാകുമെന്നും അറിയിപ്പുകള്‍ നല്‍കിയത് ഏറെ സഹായകമായി. നീലിമല, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, ചരല്‍മേട് ആശുപത്രി എന്നിവയും പമ്പയില്‍ നിന്നു ശബരിമല സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും പ്രവര്‍ത്തിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും അടിയന്തിര സേവനം നല്‍കുന്നതില്‍ മാതൃകയായി. ശ്വാസംമുട്ട്, ഹൃദയാഘാതം എന്നിവ അനുഭവപ്പെട്ട തീര്‍ഥാടകര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയതിലൂടെ മരണനിരക്ക് കുറയ്ക്കാനും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിന്റെ സേവനത്തിലൂടെ കഴിഞ്ഞു.
തീര്‍ഥാടകര്‍ക്ക് ശബരിമലയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡുകളെല്ലാം സമയബന്ധിതമായി നവീകരിച്ചു. കുടിവെള്ളം ലഭ്യമാക്കാന്‍ 1855 കിയോസ്‌കുകള്‍ സജ്ജമാക്കി. പമ്പാ നദിയിലെ ത്രിവേണിയില്‍ നിന്നു പമ്പു ചെയ്തു പ്രതിദിനം 70 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശരംകുത്തിയില്‍ എത്തിച്ച് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തത്.
ഇതിനു പുറമേ 12 റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ മുഖേന മണിക്കൂറില്‍ 35,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു. പമ്പ സന്നിധാനം പാതയില്‍ 102 കിയോസ്‌കുകള്‍ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്നു. ചൂടുവെള്ളവും തണുത്ത വെള്ളവും വിതരണം ചെയ്യുന്ന ഏഴു വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ പമ്പ കെഎസ്ആര്‍ടിസി മുതല്‍ ശരംകുത്തി വരെ സ്ഥാപിച്ചിരുന്നു. തീര്‍ഥാടകര്‍ കടന്നു വരുന്ന വനപാതകളില്‍ ഉള്‍പ്പെടെ മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബിക്കു കഴിഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട് പാണ്ടിത്താവളത്ത് അധികമായി 50 ലൈറ്റുകളും 40 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചു.
ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക എല്ലാ സ്ഥാപനങ്ങളിലും കടകളിലും പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കിയിരുന്നു. അതേപോലെ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും സ്‌ക്വാഡ് പരിശോധന നിരന്തരം നടത്തി. തീര്‍ഥാടനകാലത്ത് കര്‍ശനമായ പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. ശബരിമലയിലേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതിനും മടക്കി കൊണ്ടുപോകുന്നതിനും കെഎസ്ആര്‍ടിസി ഏറ്റവും മാതൃകാപരമായ സേവനമാണ് നടത്തിയത്. മണ്ഡല പൂജയ്ക്കും മകരവിളക്കിനും തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വലിയ പ്രയത്‌നമാണ് നടത്തിയത്.
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശുചിത്വം ഉറപ്പാക്കുന്നതിന് നിതാന്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തിയത്. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് 1000 വിശുദ്ധി സേനാംഗങ്ങളെയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയോഗിച്ചിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിപുലമായ ശുചീകരണമാണ് മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് വിശുദ്ധി സേന നടത്തിയത്. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ കൈയ്മെയ് മറന്നുള്ള പ്രവര്‍ത്തനമാണ് സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധ സേനാംഗങ്ങള്‍ നടത്തുന്നത്. സന്നിധാനവും പരിസരവും സദാ സമയവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇവരുടെ പങ്ക് ശ്രദ്ധേയമാണ്.
പൂങ്കാവനത്തെ ശുചിയായി സൂക്ഷിക്കണമെന്ന സന്ദേശം തീര്‍ഥാടകര്‍ക്ക് നല്‍കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മിഷന്‍ഗ്രീന്‍ ശബരിമല, ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല, പോലീസിന്റെ പുണ്യം പൂങ്കാവനം എന്നീ പദ്ധതികള്‍ വിജയകരമായി തീര്‍ഥാടനകാലത്ത് നടപ്പാക്കി. പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്കരണവും നടത്തി. പമ്പാ നദിയിലെ മലിനജലം ഒഴുക്കി കളയുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിച്ചു.
ശബരിമലയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും തിരക്ക് നിയന്ത്രിച്ച് തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉറപ്പാക്കുന്നതിലും പോലീസിനൊപ്പം, ദ്രുതകര്‍മ്മസേന, ഫയര്‍ഫോഴ്‌സ് എന്നിവയും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകര്‍ക്ക് സഹായം നല്‍കി ഇത്തവണയും പോലീസ് സേന മഹനീയ സേവനത്തിന് മാതൃകയായി. കുഞ്ഞുങ്ങള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി മിനിറ്റില്‍ ശരാശരി 80 പേരെ പടി കയറാന്‍ പോലീസ് സേന സഹായിച്ചു. ഇതിനു പുറമേ വലിയ നടപ്പന്തലില്‍ കുട്ടികള്‍ക്കും ഭിന്ന ശേഷിക്കാക്കും, പ്രായമായ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യു സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ മാത്രം മകരവിളക്കുമായി ബന്ധപ്പെട്ട് 11 സ്ഥലങ്ങളിലായി 10,000 വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിംഗ് സൗകര്യം ഒരുക്കി. മകരവിളക്കിനു ശേഷം തീര്‍ഥാടകര്‍ക്ക് സന്നിധാനത്തു നിന്നും പമ്പയിലേക്ക് സുരക്ഷിതമായി പോകുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള അടിയന്തിര ഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍-ഇ.ഒ.സി) ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു.
വന്യജീവി ശല്യം ഒഴിവാക്കുന്നതിന് മികച്ച ക്രമീകരണങ്ങളാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ വനപാതകളില്‍ ദേവസ്വം ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവയുമായി ചേര്‍ന്ന് തീര്‍ഥാടകര്‍ക്കായി ചികിത്സ, കുടിവെള്ള വിതരണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തി. ലഹരി ഉപയോഗം കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന്റെ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സഹായകമായി.

അയ്യപ്പനെ തൊഴുത് തെലുങ്കാന എംഎല്‍എ ശങ്കര്‍നായിക്

തെലുങ്കാന മഹ്ബൂബബാദ് എം എല്‍ എ ബനോത്ത് ശങ്കര്‍ നായിക് ശബരിമല അയ്യപ്പ ദര്‍ശനം നടത്തി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു എം എല്‍ എ മലകയറി സന്നിധാനത്തെത്തിയത്. മണ്ഡല, മകരവിളക്ക് കാലത്ത് തെലുങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ ആയിരക്കണക്കിന് ഭക്തര്‍ ശബരിമലയിലും പമ്പയിലുമൊക്കെ എത്തുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കേരള സര്‍ക്കാര്‍ ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്നും ശങ്കര്‍ നായിക് എം എല്‍ എ പറഞ്ഞു. ശബരിമലയില്‍ ഉണ്ടായിരുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനേയും അദ്ദേഹം സന്ദര്‍ശിച്ചു.

error: Content is protected !!