Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)

ശബരിമല: വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി-പ്രസിഡന്റ്

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെയുള്ള 310,40,97309 രൂപയില്‍ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വില്‍പ്പനയില്‍ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. രാത്രി 8.45നാണ് മകരസംക്രമ പൂജ. തുടര്‍ന്ന് തിരുവാഭരണം അണിയിച്ചുള്ള ദര്‍ശനം നടക്കും.
മകരവിളക്കിന് കൂടുതല്‍ ഭക്തര്‍ എത്തും എന്ന് മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ ദേവസ്വവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തര്‍ക്കും മൂന്നു നേരം അന്നദാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദര്‍ശിക്കാനുള്ള ശബരിമലയിലെ വ്യൂ പോയിന്റുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വ്യൂ പോയിന്റുകളില്‍ ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നു. ആവശ്യമായ വെളിച്ചമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പോലീസും മറ്റ് സേനാവിഭാഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംതൃപ്തികരവും സമാധാനകരവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അരവണ നിര്‍മ്മാണം 24 മണിക്കൂറും നടത്തുന്നു: പ്രസിഡന്റ്

അയ്യപ്പന്റെ പ്രസാദമായ അരവണയും അപ്പവും ആവശ്യത്തിന് നല്‍കാനുള്ള നടപടി സ്വീകരിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. വിശ്രമമില്ലാതെ 24 മണിക്കൂറും അരവണ നിര്‍മ്മാണം പ്ലാന്റില്‍ പുരോഗമിക്കുന്നുണ്ട്. പ്ലാന്റില്‍ 24 മണിക്കൂറിനുള്ളില്‍ 2.40 ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു.

അന്നദാനത്തിന് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്യൂ

സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്യൂ സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.

സന്നിധാനം സംഗീത സാന്ദ്രമാക്കി ശ്രീധര്‍മ്മ ശാസ്താ ഭജനസംഘം

ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന ശ്രീധര്‍മ്മശാസ്താ ഭജനസംഘം വെള്ളിയാഴ്ച്ച രാവിലെ സന്നിധാനത്തെ അയ്യപ്പ ഭക്തരെ ഭക്തിഗാനാര്‍ച്ചനയിലൂടെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചു. ഹരിഹരനാണ് ഭക്തിഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് ദര്‍ശനത്തിനെത്താറുണ്ടെങ്കിലും വലിയ നടപ്പന്തലിലെ ഭക്തിഗാനാര്‍ച്ചന അവതരിപ്പിക്കുന്നത് ആദ്യമായാണ്.
താളവും മേളവും പാട്ടും മുറുകിയതോടെ ആസ്വാദകരുടെ എണ്ണമേറി. മൂന്ന് മണിക്കൂറിലേറെ സമയം ഭക്തിഗാനാര്‍ച്ചന നീണ്ടു. തമിഴ്, മലയാളം ഭാഷകളിലാണ് സംഘം ഗാനങ്ങളധികവും ആലപിച്ചത്. ഭജന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തവരാണ്. ഗുരുസ്വാമി മണികണ്ഠന്‍ തമിഴ്‌നാട് പോലീസില്‍ ജോലി ചെയ്യുന്നു. ഹരിഹരന്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് ജോലി ചെയ്യുന്നു. ശബരീശ സന്നിധിയില്‍ ഭക്തിഗാനാര്‍ച്ചന അര്‍പ്പിച്ച് ആത്മീയ സായൂജ്യമണഞ്ഞ സംഘം മകരജ്യോതി ദര്‍ശനവും കഴിഞ്ഞേ മലയിറങ്ങൂ.

 

മകരജ്യോതിക്ക് ശേഷം തിരക്കുകൂട്ടാതെ മലയിറങ്ങുക: തന്ത്രി കണ്ഠര് രാജീവര്

ശനിയാഴ്ച ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട മകരജ്യോതി ദര്‍ശന ശേഷം ഭക്തര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍നിന്നുള്ള മകരജ്യോതി, തിരുവാഭരണ ദര്‍ശനം കാത്ത് ഏതാനും ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാല്‍ അയ്യപ്പ ഭക്തര്‍ ആചാര മര്യാദകള്‍ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തുക. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തന്‍മാരും പരസ്പരം സഹായത്തോടെ പ്രവര്‍ത്തിക്കണമെന്നും തന്ത്രി പറഞ്ഞു.

ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്നത്. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തര്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.

 

മകര ജ്യോതി ദര്‍ശനം; സന്നിധാനത്ത് പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് അനുഭവപ്പെടാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും ജാഗ്രതയുമൊരുക്കാന്‍ പോലീസ് സേന സുസജ്ജമായി കഴിഞ്ഞുവെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍ പറഞ്ഞു. തിരുവാഭരണ ദര്‍ശനത്തിനും മകരജ്യോതി ദര്‍ശനത്തിനും ശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര സുഗമാക്കുന്നതിനായി പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമായി പോലീസ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തോട് ചേര്‍ന്ന് പാണ്ടിത്താവളത്തും സമീപ ഇടങ്ങളിലുമായി അയപ്പ ഭക്തര്‍ പര്‍ണ്ണശാലകള്‍ കെട്ടി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെ വരുന്ന ആളുകളെ സുരക്ഷിതമായി തിരികെ ഇറക്കുന്നതിനായി രണ്ട് പാതകള്‍ ക്രമീകരിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ പാതകളില്‍ ചെയ്ത് തീര്‍ക്കേണ്ട മരാമത്തു ജോലികള്‍ തീര്‍ക്കുന്നതിനായി ദേവസ്വം എന്‍ജിനീയറിംഗ് വിഭാഗവും വാട്ടര്‍ അതോററ്റിയുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ സഹകരണത്തോടെ ഈ പാതകള്‍ പ്രകാശപൂരിതമാക്കിയിട്ടുണ്ട്. പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്നും അന്നദാന മണ്ഡപത്തിന്റെ പിറകില്‍ കൂടി പോലീസ് ബാരക്ക് വഴി ബെയിലി പാലത്തില്‍ എത്തുന്ന രീതിയിലും പാണ്ടിത്താവളത്തു നിന്നും നൂറ്റെട്ട് പടിക്ക് സമീപം പോലീസ് വയര്‍ലെസ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും തിരിഞ്ഞ് ഗസ്റ്റ് ഹൗസുകളുടെ പിറകില്‍ കൂടി ട്രാക്ടര്‍ റോഡ് വഴി സന്നിധാനം റോഡില്‍ കയറുന്ന രീതിയിലുമാണ് സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളത്. മകരജ്യോതി ദര്‍ശനത്തിന് ശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും. ഇത്തവണ ഉണ്ടാകാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് മുമ്പില്‍ കണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് ഐ പി എസ്, എസ് പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

പാണ്ടിത്താവളം മുതല്‍ ബെയിലിപ്പാലം വരെ ഒരു ഡിവിഷനും വടക്കെ നടയും തിരുമുറ്റവും മാളികപ്പുറവുമടങ്ങുന്ന കേന്ദ്രങ്ങള്‍ മറ്റൊരു ഡിവിഷനുമാണ്.
പാണ്ടിത്താവളം മുതല്‍ ബെയ്‌ലി പാലം വരെയുള്ള ഡിവിഷന്റെ ചുമതല വയനാട് എസ്.പി. ആര്‍. ആനന്ദിനും വടക്കേനട തിരുമുറ്റം മാളികപ്പുറം മേഖലയുടെ ചുമതല കോഴിക്കോട് ഡി.സി.പി കെ.ഇ. ബൈജുവിനുമാണ് നല്‍കിയിരിക്കുന്നത്.

നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കുകയും ഈ മേഖലകളില്‍ എത്തി സ്ഥിതി വിലയിരുത്തുകയും ചെയ്തു. രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.

എ.ഡി.ജി.പി. ഉള്‍പ്പടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവസാനവട്ട വിലയിരുത്തലുകള്‍ നടക്കും. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. ആറ് ഡിവൈഎസ്പിമാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വന്നാല്‍ അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ കമാന്‍ഡോ വിഭാഗങ്ങളും ഇതര സേനാ വിഭാഗങ്ങളും ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിനായുള്ള സൗകര്യമൊരുക്കാന്‍ സജ്ജരായി കഴിഞ്ഞു. പര്‍ണ്ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തര്‍ അഗ്‌നി കൂട്ടി ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലായെന്ന
കോടതി നിര്‍ദേശവും പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

error: Content is protected !!