Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/01/2023 )

വികസനവും ക്ഷേമവും മുഖമുദ്രയാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക്
മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി സമഗ്രമായ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാന്ത്വനരംഗം മുതല്‍ കാര്‍ഷികരംഗം വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ശുചിത്വത്തിനും സാന്ത്വന പരിചരണത്തിനും പ്ലാസ്റ്റിക് സംസ്‌കരണത്തിനും തൊഴില്‍ പരിശീലനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്നതിനുമാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിജീവന പദ്ധതി
അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കുവേണ്ടി ആവിഷ്‌കരിച്ച അതിജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം ജനുവരി 21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹൃദയം, കരള്‍, കിഡ്‌നി എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്ന് എല്ലാ മാസവും സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കള്‍ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രി വഴി മരുന്ന് ലഭ്യമാക്കും. 35 ലക്ഷം രൂപ ഈ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ചികിത്സയുടെ രേഖകള്‍ സഹിതം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സര്‍പ്പിക്കണം.

കൊടുമണ്‍ റൈസ് മില്‍
കൊടുമണ്‍ റൈസ് മില്‍ നിര്‍മാണം ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്.  നെല്‍കൃഷി വ്യാപിപ്പിക്കാനും, ഗുണമേന്മയുള്ള അരിയുടെ ലഭ്യത ഉറപ്പാക്കാനും ലക്ഷ്യംവച്ചിട്ടുള്ള കൊടുമണ്ണിലെ ഒറ്റത്തേക്കില്‍ ആധുനിക രീതിയിലുള്ള റൈസ് മില്ലിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

നിര്‍മല ഗ്രാമം-നിര്‍മല നഗരം – നിര്‍മല ജില്ല ശുചിത്വ പദ്ധതി
ശുചിത്വത്തിലേക്ക് ജില്ലയെ നയിക്കുന്നതിനായി നടപ്പാക്കുന്ന നിര്‍മല ഗ്രാമം-നിര്‍മല നഗരം – നിര്‍മല ജില്ല പദ്ധതി ഈ വര്‍ഷം നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍, ശുചിത്വ സര്‍വെ, ശുചിത്വ പ്രതിജ്ഞ, ഖര-ദ്രവ മാലിന്യ സംസ്‌കരണ ശാലകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാവും. ത്രിതലപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ ജില്ലാതല പദ്ധതിയായി ഇത് നടപ്പാക്കാന്‍ ജില്ലാ ആസൂത്രണ സമിതിയും തീരുമാനിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറി  
സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ തരം തിരിക്കല്‍, സംസ്‌കരണം, വൈവിധ്യവത്കരണം എന്നീ പ്രവൃത്തികള്‍ നടത്താന്‍ സംവിധാനമുള്ള പ്ലാസ്റ്റിക് സംസ്‌കരണശാല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം ആരംഭിച്ചു. അഞ്ച് കോടി രൂപ ചെലവ് ചെയ്ത് ജില്ലാ പഞ്ചായത്തും, ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.

ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം
ഗ്രാമപഞ്ചായത്തുതലത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംഭരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന പദ്ധതിയാണിത്. ഹരിത കര്‍മ്മ സേനയുടെ മികച്ച പ്രവര്‍ത്തനം നടക്കുന്ന 25 പഞ്ചായത്തുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ ത്രീ വീലര്‍ ആപ്പെ വാങ്ങി നല്കും. വാഹനത്തിന്റെ പരിപാലനം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം.

പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലന പദ്ധതി
വിവിധ തൊഴില്‍ മേഖലകളില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം നടത്താന്‍ പ്രതിമാസം 7,000 മുതല്‍ 10,000 രൂപ വരെ സ്‌റ്റൈപ്പന്റ് നല്‍കുന്ന പദ്ധതി ആരംഭിച്ചു. എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നീ തസ്തികകളില്‍ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലും, നഴ്‌സിംഗ് തസ്തികയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജോലി ചെയ്യാന്‍ സ്റ്റെപ്പന്റ് നല്‍കും. അപേക്ഷകരായ 80 പേര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.

തൊഴില്‍ സംരഭക മേള
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ രംഗങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങിയവരെയും അനുമതി തേടിയവരെയും ഉള്‍പ്പെടുത്തി ജില്ലാതല സംരംഭകമേള ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കും. സംരംഭകര്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും സംവിധാനം ഉണ്ടാക്കും.

ജില്ലാ ആശുപത്രിയുടെ വികസനം  
കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി 1300 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. രോഗികളുടെ കിടക്കകളിലേക്ക് പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനം നിലവില്‍ വന്നു. കൂടാതെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദ്രവ്യ മാലിന്യം സംസ്‌കരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഇവയുടെ നിര്‍മാണത്തിന് രണ്ട് കോടി രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു.

നെല്‍കൃഷി വികസന പദ്ധതി
നെല്‍ കര്‍ഷകര്‍ക്ക് കൃഷി ചെലവിനുള്ള സബ്‌സിഡിയായി 1.75 കോടി രൂപ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലാട് സീഡ് ഫാമില്‍ ഒരു വിത്ത് സംഭരണിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ക്ഷീര കര്‍ഷകര്‍ക്കായി പദ്ധതികള്‍
ക്ഷീരോല്പാദനം വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ ആരംഭിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരോത്പാദക സംഘങ്ങള്‍ക്ക് 64 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ട് നല്‍കി. ഒരു പശുവിന് 40,000 രൂപ കര്‍ഷകന് പലിശ രഹിത വായ്പയായും ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപ ധനസഹായമായും നല്‍കും. കര്‍ഷകര്‍ക്ക് സബ്‌സിഡി നല്കാന്‍ ഒരു കോടി രൂപ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തുക കൈമാറിയത് ഉള്ളനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കോയിപ്രം, കൈതപറമ്പ് എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ്.

നിര്‍മ്മാണം തുടങ്ങുന്നവ

എ.ബി.സി കേന്ദ്രം
തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാന്‍ ആധുനിക രീതിയിലുള്ള എ.ബി.സി കേന്ദ്രം പുളിക്കീഴില്‍ 1.5 കോടി രൂപ ചെലവ് ചെയ്ത് നിര്‍മാണം ഉടന്‍ ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധന തടയാനുള്ള ശസ്ത്രക്രിയ നടത്താന്‍ ഓപ്പറേഷന്‍ തീയേറ്റര്‍, വാക്‌സിനേഷന്‍ സെന്റര്‍, ഷെല്‍റ്ററുകള്‍ തുടങ്ങി സംവിധാനങ്ങള്‍ ഒരുക്കും.
ചില്‍ഡ്രന്‍സ് ഫെസ്റ്റ്  വര്‍ണ്ണച്ചിറകുകള്‍ ലോഗോ പ്രകാശനം (14)
കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ ഇനം കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  ജനുവരി 20,21,22 തീയതികളില്‍ തിരുവനന്തപുരം വഴുതക്കാട് ഗവ.വിമന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ്  വര്‍ണ്ണച്ചിറകുകള്‍ പരിപാടിയുടെ ലോഗോ പ്രകാശനം ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (ജനുവരി 14)ന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കും.

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ ( യോഗ്യത- ഡിഗ്രി ), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്.എസ്.എല്‍.സി),ഡിസിഎ ( യോഗ്യത- പ്ലസ്ടു ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ്ടു), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത- ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ), പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (യോഗ്യത- എം.ടെക്, ബി.ടെക്, എം.എസ്‌സി).
അപേക്ഷഫോറം www.ihrd.ac.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (ജനറല്‍),100 രൂപ (എസ്‌സി /എസ്റ്റി) ഡിഡി സഹിതം ജനുവരി 16 ന് വൈകുന്നേരം നാലിന് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547 005 029, 0492 3 241 766.

ടെന്‍ഡര്‍
അടൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 30ന് പകല്‍ രണ്ടു വരെ. ഫോണ്‍ : 0473 4 223 540, 9496 147 577.
)

ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഗുണഭോക്തൃ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പഞ്ചായത്ത് ഓഫീസില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട് , പഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരന്‍, അനൂപ് വേങ്ങവിള, ജീന ഷിബു, ലത, ജെ.പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യു.പി.എസ്) (മലയാളം മീഡിയം) (കാറ്റഗറി നം. 525/2019) തസ്തികയുടെ ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച 02/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

ക്വട്ടേഷന്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് മൂന്ന് മാസക്കാലയളവിലേക്ക് ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ തുകയ്ക്ക് ഓടുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി  20ന് പകല്‍ മൂന്നു വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്‍മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍  : 04682 319 998, 8281 954 196.


കെട്ടിട നികുതി ഒടുക്ക് വരുത്തണം

സര്‍ക്കാര്‍ പിഴപലിശ ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍  നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഒടുക്കു വരുത്താനുളള നികുതി ദായകരെല്ലാം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി കെട്ടിട നികുതി ഒടുക്കു വരുത്തി ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 216 094.


കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു

എന്‍. വി. കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ ക്ഷണിച്ചെന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. 2022 ജനുവരി-ഡിസംബര്‍ മാസത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാര്‍ഡിനും വിവര്‍ത്തന അവാര്‍ഡിനും സമര്‍പ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല/സംസ്‌കാരപഠനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗങ്ങളിലും അവാര്‍ഡിനായി പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവര്‍ത്തനപുരസ്‌കാരത്തിന് പരിഗണിക്കുക.  ഗവേഷണ പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍ 2022 ജനുവരിയ്ക്കും ഡിസംബറിനുമിടയില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധങ്ങളുടെ മലയാള വിവര്‍ത്തനമായിരിക്കണം. മലയാളം ഒഴികെ മറ്റുഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍.
പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍ ഫെബ്രുവരി 10നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തില്‍ ലഭിക്കണം. വൈജ്ഞാനിക പുരസ്‌കാരത്തിനും വിവര്‍ത്തന പുരസ്‌കാരത്തിനും സമര്‍പ്പിക്കുന്ന പുസ്തകങ്ങളുടെ നാലു കോപ്പി വീതമാണ് അയക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങളുടെ നാലു വീതം പകര്‍പ്പുകളും അയക്കണം. ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക.  സമര്‍പ്പണങ്ങള്‍ ഓരോന്നും മൂന്നു വിദഗ്ധര്‍ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരദാനം.


തൊഴില്‍ മേള

ജനുവരി 20ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന സ്പെക്ട്രം ജോബ് ഫെയര്‍ 2022 ലേക്ക് മുന്‍ വര്‍ഷങ്ങളില്‍ ഐടിഐ പാസായവര്‍ക്കും നിലവില്‍ സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന ട്രെയിനികള്‍ക്കും ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം.


ദേശീയ വിരവിമുക്ത ദിനം ജനുവരി 17ന്,

ജില്ലയിലെ 2,25,337 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും: ഡി.എം.ഒ
ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുളള 2,25,337 കുട്ടികള്‍ക്ക് ജനുവരി 17ന് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരയ്ക്കെതിരെയുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴും, ശുചിത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തില്‍ ധാരാളമായി വിരകള്‍ പ്രത്യേകിച്ച് കുട്ടികളില്‍ പ്രവേശിക്കുന്നുണ്ട്.  ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ പോഷക ഘടകങ്ങള്‍ വലിയൊരളവുവരെ ആഗിരണം ചെയ്യുന്നതുമൂലം കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടുന്നു. വിരബാധ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നത് കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ശുചിത്വശീലം പാലിക്കുകയും, ആറ് മാസം ഇടവിട്ട് വിരയ്ക്കെതിരെയുളള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുളള പ്രതിവിധി. സ്‌കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തില്‍ ഗുളികകള്‍ വിതരണം ചെയ്യും.
ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെളളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ട് വയസു മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ ഒരു ഗുളിക(400 മി.ഗ്രാം) ചവച്ചരച്ച് കഴിച്ച ശേഷം ഒരു ഗ്ലാസ് വെളളം കുടിക്കണം. ഭക്ഷണം കഴിക്കാതെ ഗുളിക കഴിക്കരുത്.  പനിയോ, മറ്റസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണ്. പനി, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ രോഗം ഭേദമായ ശേഷമോ, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമോ ഗുളിക കഴിക്കാം.
സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും 19നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ആശാപ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുളള അങ്കണവാടികളില്‍ നിന്നും ഗുളികകള്‍ നല്‍കും. ജനുവരി 17 ന് ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ ജനുവരി 24ന് വിരഗുളിക കഴിക്കണം. വിരബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുക, ശുദ്ധജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക, കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കുക, ശുചിമുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, ശുചിമുറി അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക.

error: Content is protected !!