Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2023)

മകരജ്യോതി ദര്‍ശനം; സുസജ്ജമായി സന്നിധാനത്തെ മെഡിക്കല്‍ സംഘം

മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന്‍ ഇടയുള്ള തിരക്ക് മുമ്പില്‍ കണ്ട് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്‍ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ഡോക്ടര്‍മാര്‍, ആറ് നേഴ്സുമാര്‍, ആറ് നഴ്സിംഗ് അസിസ്റ്റന്റുമാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ആറ് സ്പെഷ്യല്‍ പ്യൂണുമാര്‍, ആറ് ഗ്രേഡ് 1, 2 ജീവനക്കാര്‍ തുടങ്ങിയവരാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ദിവസവും ആയിരത്തി അഞ്ഞൂറിന് മുകളില്‍ ആളുകള്‍ നിലവില്‍ ഒപി ടിക്കറ്റെടുത്ത് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്.

മകരജ്യോതി ദര്‍ശന വേളയില്‍ ചികിത്സ വേണ്ടി വരുന്നവര്‍ക്ക്, ആവശ്യമായ ചികിത്സയുടെ സ്വഭാവം തിരിച്ചറിഞ്ഞ് പച്ച, മഞ്ഞ, ചുവപ്പ് വിഭാഗങ്ങളായി ടാഗ് ചെയ്താകും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുക. മകര ജ്യോതി ദര്‍ശനത്തിന് കൂടുതല്‍ ആളുകള്‍ തമ്പടിക്കുന്ന പാണ്ടിത്താവളത്ത് സ്റ്റാഫ് നഴ്സുമാരെയുള്‍പ്പെടെ നിയോഗിച്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ സജ്ജമാക്കും. ഓക്സിജന്‍ ഡിഫിബലേറ്റര്‍ സൗകര്യവുമൊരുക്കും. ഗ്രീന്‍ ടാഗില്‍ ഉള്‍പ്പെടുന്ന, തിക്കിലും തിരക്കിലുമകപ്പെട്ട് സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ചികിത്സ വേണ്ടവരെ മാളികപ്പുറത്തിന് സമീപം എച്ച് ഐ ബംഗ്ലാവില്‍ ക്രമീകരിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ ഇരുപത് ബെഡുകള്‍ ക്രമീകരിക്കുന്നതിനൊപ്പം രണ്ട് ഡോക്ടര്‍മാരുടെയും ആറ് നഴ്സുമാരുടെയും നാല് നഴ്സിംഗ് അസിസ്റ്റന്റ്മാരുടെയും സേവനം ലഭ്യമാക്കും. ആളുകള്‍ അധികമായി എത്തിയാല്‍ സമീപത്തുള്ള അയ്യപ്പ സേവാ സംഘത്തിന്റെ പതിനഞ്ച് ബെഡുകളുള്ള കേന്ദ്രത്തിലേക്കും ഇരുപത് ബെഡുകള്‍ ഉള്ള സഹസിലേക്കും രോഗികളെ മാറ്റും. ഈ കേന്ദ്രങ്ങളിലൊക്കെയും ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനം ലഭ്യമാക്കും. മകര ജ്യോതി ദര്‍ശനത്തിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ഗുരുതരമായി പരിക്ക് സംഭവിക്കുന്നവരുണ്ടായാല്‍ അവരെ മഞ്ഞ, ചുവപ്പ് വിഭാഗത്തില്‍പ്പെടുത്തി സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. ആറ് ഐ സി യു ബെഡുകളടക്കം മുപ്പത് ബെഡുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഓര്‍ത്തോ, കാര്‍ഡിയോളജി, ശ്വാസകോശ രോഗം, അനസ്തേഷ്യ, കുട്ടികളുടെ വിഭാഗം, ഫിസിഷ്യന്‍, ഇ എന്‍ റ്റി, സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. അപകടാവസ്ഥയിലുള്ള ഒരു രോഗിക്ക് ഒരു മണിക്കൂര്‍ സമയം വരെ വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയിലും പാണ്ടിത്താവളത്തുമായി ആംബുലന്‍സ് സേവനവും ഉറപ്പാക്കും. വാവര് നടയിലും ശരംകുത്തിയിലും എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം സജ്ജീകരിച്ച് സ്റ്റാഫ് നേഴ്സുമാരുടെ സേവനം ഉറപ്പാക്കും. സന്നിധാനത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികള്‍ എത്തുന്ന സ്ഥിതി ഉണ്ടായാല്‍ ഈ രണ്ട് മെഡിക്കല്‍ കെയര്‍ യൂണിറ്റുകളിലെ ജീവനക്കാരെക്കൂടി സന്നിധാനത്തെ ആശുപത്രിയിലേക്കെത്തിക്കും. പാമ്പ് കടിയോ, നായ കടിയോ ഏറ്റാല്‍ വേണ്ടിവരുന്ന പ്രതിരോധ മരുന്നുകളും ലാബ്, എക്സ്റേ സൗകര്യങ്ങളും മുന്നൊരുക്ക നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

 

ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്

ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

1963 നവംബര്‍ പതിനാറിനായിരുന്നു സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 1974ല്‍ അയ്യപ്പന്റെ പേരില്‍ തപാല്‍മുദ്ര നിലവില്‍ വന്നു. രാജ്യത്താകെ മുപ്പത്തൊമ്പത് സ്ഥലങ്ങളിലാണ് വ്യത്യസ്തമായ തപാല്‍മുദ്രകള്‍ ഉള്ളത്. അതിലൊരിടമാണ് സന്നിധാനത്തെ ഈ തപാലോഫീസ്. രാജ്യത്ത് രാഷ്ട്രപതിക്കും ശബരിമല ശാസ്താവിനും മാത്രമാണ് സ്വന്തമായി പിന്‍കോഡുള്ളത് എന്നതും പ്രത്യേകതയാണ്. 689713 ആണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പിന്‍കോഡ്.

 

ദിവസവും സന്നിധാനത്തെ തപാലോഫീസിലേക്ക് അറുപത് മുതല്‍ എഴുപത് വരെ മണിയോഡറുകളും നൂറ് മുതല്‍ നൂറ്റമ്പത് വരെ കത്തുകളും ലഭിക്കാറുണ്ട്. ശബരീശനെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു കൊണ്ടും സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ചു കൊണ്ടും കത്തുകള്‍ എത്താറുണ്ട്.

 

പരീക്ഷ വിജയാനുഗ്രഹത്തിനായി കുട്ടികളുടെ കത്തുകളും എത്തുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറാണ് അയ്യപ്പനു വേണ്ടി ഈ കത്തുകള്‍ തപാലോഫീസില്‍ നിന്നും കൈപ്പറ്റുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 16 മുതല്‍ ജനുവരി 20 വരെയാണ് സന്നിധാനത്തെ തപാലോഫീസിന്റെ പ്രവര്‍ത്തനം. ഈ മൂന്ന് മാസക്കാലം മാത്രമാണ് തപാലിനും തപാല്‍ കോഡിനുമുള്ള കാലാവധി. വിഷുവിനോട് അനുബന്ധിച്ച് പത്ത് ദിവസവും ഈ തപാലോഫീസ് തുറന്നു പ്രവര്‍ത്തിക്കും. തപാലോഫീസ് അടയ്ക്കുന്നതോടെ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ടിന്റെ ലോക്കറിലേക്ക് മാറ്റും.

 

സന്നിധാനത്തെത്തുന്നവര്‍ അപ്പവും അരവണയും ഈ തപാലോഫീസിലെത്തി തങ്ങളുടെ നാടുകളിലേക്ക് തപാലില്‍ അയയ്ക്കാറുണ്ട്. ഓഫീസിലെ എം റ്റി എസുമാര്‍ അവ പമ്പവരെ തലചുമടായി എത്തിക്കും. പോസ്റ്റുമാസ്റ്റര്‍ പി.എസ്. അരുണ്‍, പോസ്റ്റുമാന്‍ എം.റ്റി. പ്രവീണ്‍, എംറ്റിഎസുമാരായ എസ്. അശാന്ത്, ഡി. അരുണ്‍ എന്നിവരാണ് ഇവിടെ ജീവനക്കാരായി ഉള്ളത്.

 

ഈ മണ്ഡലകാലത്തിതുവരെ അയ്യപ്പന്റ മുദ്രപതിച്ച പന്ത്രണ്ടായിരത്തോളം തപാല്‍ കാര്‍ഡുകളും ആയിരം ഇന്‍ലന്റുകളും 1000 കവറുകളും ആവശ്യക്കാര്‍ വാങ്ങിയിട്ടുണ്ട്. തപാല്‍ കാര്‍ഡിന് അമ്പത് പൈസയും ഇന്‍ലന്റിന് രണ്ടര രൂപയും കവറിന് അഞ്ച് രൂപയുമാണ് വില. 22.11.22 എന്ന തീയതി വരുന്ന കഴിഞ്ഞ നവംബര്‍ 22 ന് മാത്രം രണ്ടായിരം കാര്‍ഡുകള്‍ ഈ താപാലോഫീസില്‍ നിന്നും വിറ്റഴിഞ്ഞു. ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തപാല്‍ കാര്‍ഡുകള്‍ വിറ്റഴിഞ്ഞ ദിവസമായിരുന്നു ഈ പ്രത്യേക ദിനം. പെര്‍മനന്റ് പിക്വോറിയല്‍ ക്യാന്‍സലേഷന്‍ (പി പി സി) സംവിധാനം പ്രയോജനപ്പെടുത്തിയും സന്നിധാനത്തെ തപാലോഫീസില്‍ നിന്നും ആളുകള്‍ കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. മറ്റ് പോസ്റ്റ് ഓഫീസുകള്‍ വഴി സാധ്യമാകുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സംവിധാനം സന്നിധാനത്തെ ഈ തപാലോഫീസ് വഴിയും സാധ്യമാകും.

ശബരിമലയിലെ  ചടങ്ങുകള്‍
(13.01.2023)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
തുടര്‍ന്ന് ബിംബ ശുദ്ധി ക്രിയകള്‍
12.30 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
9.30 മണിക്ക് …..അത്താഴപൂജ
11.20 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

സന്നിധാനത്ത് ജീവനക്കാരുടെ ഭക്തി ഗാനാര്‍ച്ചന

ശബരിമല സന്നിധാനത്തെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ബുധനാഴ്ച്ച വൈകിട്ട് സന്നിധാനത്ത് ഭക്തിഗാനാര്‍ച്ചന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരാണ് ഗാനാര്‍ച്ചനയുമായി ശബരി സന്നിധിയില്‍ എത്തിയത്.

സോപാന സംഗീതവും സംസ്‌കൃത ശ്ലോകങ്ങളും സംഘം ഭക്തിയോടെ അവതരിപ്പിച്ചു. ഭക്തിഗാനാലാപന ത്താല്‍ ശബരി സന്നിധി സംഗീത സാന്ദ്രമാക്കിയാണ് രാജേഷ് കുമാറും സംഘവും ഭക്തിഗാനാര്‍ച്ചന അവസാനിപ്പിച്ചത്.

ശബരീ സന്നിധിയില്‍ സംഗീതാര്‍ച്ചനയുമായി 13-ാം വര്‍ഷം

ശബരിമല അയ്യപ്പ സന്നിധിയില്‍ തുടര്‍ച്ചയായ 13-ാം വര്‍ഷവും സംഗീതാര്‍ച്ചന നടത്തിയതിന്റെ നിര്‍വൃതിയിലാണ് സംഗീതജ്ഞന്‍ പെരുമ്പുഴ പ്രമോദ്. മകരവിളക്കിനെത്തിയ ഭക്തജനങ്ങള്‍ക്ക് മുന്നിലാണ് ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ സംഗീത സദസ് അവതരിപ്പിച്ചത്. തിരുനെല്ലൂര്‍ അജിത് വയലിനും ചേര്‍ത്തല കൃഷ്ണകുമാര്‍ മൃദംഗവും പുത്തൂര്‍ സൂരജ് ഘടവും വായിച്ചു. കാരിക്കോട് ടി.കെ.എം. പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപകനാണ് പ്രമോദ്. തന്റെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും പിന്നില്‍ അയ്യന്റെ മുന്നിലുള്ള സംഗീതാര്‍ച്ചനയാണെന്ന് പ്രമോദ് വിശ്വസിക്കുന്നു.

സംഗീത സപര്യയുടെ 25-ാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പ്രമോദിന് കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് ആസ്ഥാന വിദ്വാന്‍ പട്ടവും അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലും കഴിഞ്ഞ 25 വര്‍ഷമായി പ്രമോദ് പാടാറുണ്ട്. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണവും ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണയും പ്രമോദ് പാസായിട്ടുണ്ട്.

error: Content is protected !!