Trending Now

കാട് ഒരു സർവ്വമതദേവാലയം; വനയാത്ര തീർത്ഥാടനവും : ജിതേഷ്ജി

konnivartha.com : കാട് ഒരു സർവ്വമതദേവാലയമായി കണക്കാക്കി പവിത്രമായി പരിചരിക്കാനുള്ള പൊതുപൌരബോധം വളർത്തണമെന്നും വനയാത്രയെ തീർത്ഥാടനം പോലെ കണക്കാക്കണമെന്നും പ്രമുഖ പാരിസ്ഥിതിക ദാർശനികനും വനസഞ്ചാരിയും സ്വന്തമായി കാട് വളർത്തുന്ന കാർട്ടൂണിസ്റ്റുമായ ജിതേഷ്ജി പറഞ്ഞു.

അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ മറ്റു മനുഷ്യ നിർമ്മിത ആരാധനാലയങ്ങളിലോ പോകുന്നവർ അവിടെയെങ്ങും പ്ലാസ്റ്റിക്കോ ഇതര മാലിന്യങ്ങളോ വലിച്ചെറിയാറില്ലെങ്കിലും അനാദിയായ പ്രകൃതിയുടെ സ്വന്തം ദേവാലയമായ കാട് പ്ലാസ്റ്റിക്കും ഇതര മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഇടമായി കരുതുന്ന മാനസിക വൈകല്യം പെരുകി വരുകയാണ്.സ്കൂൾതലം മുതലേ മനുഷ്യരിൽ കാടറിവും മണ്ണുമര്യാദയും പാഠ്യവിഷയങ്ങളിലൂടെ പകരണമെന്നും ജിതേഷ്ജി പറഞ്ഞു

കേരള വനം വന്യജീവി വകുപ്പ്, കാട്ടാത്തി വനസംരക്ഷണസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോന്നി കല്ലേലി കാട്ടാത്തി കോളനിയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്, കാട്ടുതീ പ്രതിരോധ ക്യാമ്പ്, സൗജന്യ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത ലോകരാജ്യങ്ങളിലെ കാടകങ്ങളിലൂടെ സഞ്ചരിച്ച്‌ ജൈവ വൈവിദ്ധ്യ ഗവേഷണം നടത്തുന്ന വിഖ്യാത പാരിസ്ഥിതിക തത്വചിന്തകൻ കൂടിയായ ജിതേഷ്ജിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷവും ഇതോടൊപ്പം വനവാസികൾക്കും വനപാലകർക്കും കേക്ക് പങ്കുവെച്ചായിരുന്നു .

നടുവത്തുമുഴി ഫോറസ്ററ് റേയ്ഞ്ച് ഓഫീസർ ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യപ്രവർത്തകനും ഫോക് ലോർ ഗായകനുമായ ഉല്ലാസ് കോവൂർ, ഗ്രാമപഞ്ചായത്ത് അംഗം വി കെ രഘു, , കാട്ടാത്തി വന സംരക്ഷണ സമിതി സെക്രട്ടറി ഷൈൻ സലാം, കാട്ടാത്തി വി എസ് എസ് പ്രസിഡന്റ് വി ശശികുമാർ, കരിപ്പാൻതോട് ഡപ്യുട്ടി റേയ്ഞ്ച് ഓഫീസർ സി എസ് സതീഷ് കുമാർ, കരിപ്പാൻതോട് എസ് എഫ് ഓ എസ് അജയൻ, കൃഷ്ണകുമാർ സ്വാമി, ഫോക് ലോർ സിംഗർ അമ്പാടി കല്ലറ, വി എസ് എസ് റേഞ്ച് കോർഡിനേറ്റർ പി ആർ അഭിലാഷ്, ഷിബിൻ മേടയിൽ എന്നിവർ പ്രസംഗിച്ചു. കൊക്കാത്തോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ ശ്രീജയൻ. സി, ഡോ അനന്തു, പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിലെ ഡോക്ടർമാരായ എസ് അനസ് ഖാൻ, മുഹമ്മദ്‌ നാസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി

error: Content is protected !!