തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളത്തുനിന്നും പുറപ്പെടും
മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. പന്തളം വലിയതമ്പുരാന്‍ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ മകയിരം നാള്‍ രാഘവ വര്‍മ പ്രതിനിധിയായി രാജരാജ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്.
ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. 11 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിയ്ക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.
മകരവിളക്ക്: വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആര്‍ ടി സി
മകരവിളക്ക് ദിവസമായ ജനുവരി 14 – ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി ആയിരം ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ ഷിബു കുമാര്‍ പറഞ്ഞു. മകര വിളക്ക് ദിവസമായ പതിനാലിന് രാവിലെ ബസുകള്‍ എത്തും. വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ ഹില്‍ടോപ്പ് ചുറ്റി നിലയ്ക്കല്‍ വരെ ഉണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കും.
നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നൂറ് ബസുകള്‍ ക്രമീകരിക്കും. ചെയിന്‍ സര്‍വീസിന്റെ ആദ്യ റൗണ്ടില്‍ നാനൂറ് ബസുകള്‍ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതല്‍ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും ബസുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിനൊപ്പം ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. ചെയിന്‍ സര്‍വീസിന്റെ രണ്ടാം റൗണ്ടില്‍ കുറഞ്ഞത് ഇരുന്നൂറ് ബസുകള്‍ ഓടിക്കും. നിലയ്ക്കല്‍ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി അമ്പത് ബസുകള്‍ സജ്ജമാക്കി നിര്‍ത്തും. പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകള്‍ പമ്പയിലേക്കെത്തിക്കും.
തുലാപ്പിള്ളി, ചെങ്ങന്നൂര്‍, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളില്‍ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്കൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകള്‍ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് നടത്തുകയെന്ന തീരുമാനം കൈ കൊണ്ടിട്ടുള്ളത്.
തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനും കെഎസ്ആര്‍സി ഇത്തവണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍മാരെയും മെക്കാനിക്കുമാരേയും ഉള്‍പ്പെടുത്തി ഇരുന്നൂറോളം ആളുകളെ ഇതിനായി നിയോഗിക്കും. ഇതിനുപുറമെ ഒരു മെക്കാനിക്കും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിലും നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തില്‍ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാല്‍ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവര്‍ തുടര്‍ സേവനം ഏറ്റെടുക്കും. യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാനാണ് ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനം നിരത്തില്‍ സാധ്യമാക്കുന്നത്.
നിലവില്‍ പമ്പയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്നു വരുന്ന ബസ് സര്‍വീസുകള്‍ക്ക് പുറമെ ഇരുന്നൂറ്റിയെഴുപതോളം ബസുകള്‍ എത്തിച്ചാണിപ്പോള്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ ഇരുന്നൂറ്റഞ്ചെണ്ണം ചെയിന്‍ സര്‍വീസിനായും അറുപത്തഞ്ചെണ്ണം ദീര്‍ഘദൂര സര്‍വീസിനായും ഉപയോഗിക്കുന്നു. ഇതില്‍ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളില്‍ നിന്നടക്കം അഞ്ഞൂറോളം ബസ് സര്‍വീസുകള്‍ നടന്ന് വരുന്നതായും കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും. തുടര്‍ന്ന് പിറ്റെ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക.
മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എഡിഎം പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.
മകരവിളക്ക് ദര്‍ശനത്തിനുള്ളില്‍ ഓരോ പോയിന്റുകളിലും പരമാവധി തങ്ങാന്‍ കഴിയുന്ന ഭക്തരുടെ ഏകദേശ എണ്ണം പോലീസ് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തും. പാണ്ടിത്താവളത്ത് 26000 പേര്‍ക്കും ശ്രീകോവില്‍ പരിസരത്ത് മൂവായിരം പേരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വൈദ്യസഹായം, കുടിവെള്ളം, സ്ട്രെച്ചറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് ക്രമീകരിക്കുന്നതിനും ഭക്തര്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സന്നിധാനത്തെ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പൂര്‍ണ്ണമായി വിനിയോഗിക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന പാണ്ടിത്താവളത്ത് ആരോഗ്യവകുപ്പ് താത്കാലിക ആശുപത്രിയും അടിയന്തര ചികിത്സാ സംവിധാനവുമൊരുക്കും. 16 സ്ട്രെച്ചറുകള്‍ വിവിധ കേന്ദ്രങ്ങളിലായുണ്ടാകും. അവശ്യ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. പാണ്ടിത്താവളത്തെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് സ്റ്റാഫ് നഴ്സുകളും ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളോട് കൂടിയ ട്രയാജ് സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാല്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിന്നുള്ള പരിക്കിന്റെ ആഘാതമനുസരിച്ച് ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളിലായി രോഗികളെ തിരിച്ച് ടാഗ് ചെയ്തായിരിക്കും ചികിത്സ ലഭ്യമാക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗികളെ റെഡ് സോണിലും അതിലും കുറഞ്ഞ പരിക്കുള്ളവരെ യെല്ലോ സോണിലും നിസാര പരിക്കുള്ളവരെ ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തിയാകും ടാഗ് ചെയ്യുക. റെഡ്, യെല്ലോ വിഭാഗത്തിലുള്ളവരെ മാത്രമേ സന്നിധാനത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഗ്രീന്‍ സോണിലുള്ളവരെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബംഗ്ലാവിലുള്ള ആശുപത്രിയിലാണ് എത്തിക്കുക. രണ്ട് ഡോക്ടര്‍മാരും ആറ് സ്റ്റാഫ് നഴ്സുകളും മറ്റ് അനുബന്ധ ജീവനക്കാരുമാണ് ഇവിടെയുള്ളത്. ഗ്രീന്‍ സോണിലുള്ള കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തും. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 15 ബെഡുകളുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 20 ബെഡുകളുള്ള സഹാസ് ആശുപത്രിയും പ്രയോജനപ്പെടുത്തും. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമായിരിക്കും സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഒരു ആംബുലന്‍സ് സന്നിധാനം ആശുപത്രിക്ക് മുന്നിലും മറ്റൊരു ഓഫ് റോഡ് ആംബുലന്‍സ് പാണ്ടിത്താവളത്തും സജ്ജമാക്കും.
തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പൊതുവായ നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കുന്നതിനു പകരം മെഗാഫോണ്‍ വഴി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും. സന്നിധാനത്ത് പാചകം ചെയ്യുന്നതിനും തീ കത്തിക്കുന്നതിനും കര്‍ശന നിരോധനമേര്പ്പെടുത്തിയിട്ടുണ്
ഭക്തര്‍ വരി നില്‍ക്കുന്ന യു-ടേണുകളില്‍ ബാരിക്കേഡുകളുടെ ഉയരം കൂട്ടുന്നതിന് നടപടി സ്വീകരിക്കും. ബാരിക്കേഡിനുള്ളിലൂടെ ഭക്തര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനാണിത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വനം വകുപ്പിന്റെയും പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ തിരിച്ചിറങ്ങുന്ന പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. പാണ്ടിത്താവളത്തില്‍ നിന്നെത്തുന്നവരെ രണ്ട് വഴികളിലേക്കായി തിരിച്ച് വിട്ട് തിരക്ക് കുറയ്ക്കും. ബാരിക്കേഡുകള്‍ ശക്തമാക്കും. 13 -ാം തീയതിയോടെ വേ ടു പമ്പ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഭക്തര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ ലൈറ്റുകളും സ്പോട്ട് ലൈറ്റുകളും സ്ഥാപിക്കും. മകരവിളക്ക് ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ദര്‍ശന പോയിന്റുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് 42 കുടിവെള്ള ടാപ്പുകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്.
പരാതികളില്ലാത്ത ഒരു തീര്‍ഥാടനകാലം ഒരുക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എഡിഎം പി. വിഷ്ണുരാജ് പറഞ്ഞു. വിവിധ വകുപ്പുകള്‍ മണ്ഡലകാലത്തെ സഹകരണം തുടര്‍ന്നും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. പ്രതാപന്‍ നായര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ തീര്‍ക്കുന്ന പര്‍ണ്ണശാലകളില്‍ അഗ്‌നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്തി. പര്‍ണ്ണശാലകളില്‍ അഗ്‌നി കൂട്ടാന്‍ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
തീപിടുത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനായി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തര്‍ പര്‍ണ്ണശാലകള്‍ തീര്‍ത്തിട്ടുള്ള ഇടങ്ങളില്‍ മെഗാഫോണിലൂടെ അറിയിപ്പ് നല്‍കിയാണ് സന്നിധാനം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണം നടത്തിയത്. ദര്‍ശനം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ തിരികെ നല്‍കാമെന്നറിയിച്ച് പാചകത്തിനും മറ്റുമായി ഭക്തര്‍ കൊണ്ടുവന്ന സാധന സാമഗ്രികള്‍ പോലീസ് മറ്റൊരിടത്തേക്ക് നീക്കി. പര്‍ണ്ണശാലകളില്‍ അഗ്‌നി കൂട്ടിയാല്‍ ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യത പോലീസ് അയ്യപ്പ ഭക്തരെ പറഞ്ഞ് ബോധ്യപ്പെടുത്തി.
മകരവിളക്കിന് തീര്‍ത്ഥാടകര്‍ പര്‍ണ്ണശാല കെട്ടി കാത്തിരിക്കുന്ന പാണ്ടിത്താവളമടക്കമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം നല്‍കാനുളള അവസാനവട്ട ജോലികളിലാണ് കെ എസ് ഇ ബി ജീവനക്കാര്‍.