Trending Now

വാഹനത്തിന്‍റെ അമിതവേഗത ചോദ്യം ചെയ്തതിന് വീട്ടിൽ കയറി മർദ്ദനം : 4 പേർ അറസ്റ്റിൽ

 

പത്തനംതിട്ട : വാഹനം അമിതവേഗത്തിൽ പോയതിനെചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്,
വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാലുപേരെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. ഈമാസം ഏഴിന് രാത്രി 10.30 നാണ് സംഭവം.

ആലപ്പുഴ വീയപുരം മേൽപ്പാടത്തുനിന്നും കുന്നന്താനം ആഞ്ഞിലിത്താനത്ത് പഴമ്പള്ളി ആഞ്ഞിലിമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അപ്പുക്കുട്ടന്റെ ശശികുമാറിന്റെ വീട്ടിൽ ആക്രമണം നടത്തിയ 5 പേരിൽ നാലുപേരാണ് അറസ്റ്റിലായത്. മാമാട്ടി കവലയിലുള്ള കാവുങ്കൽ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചുണ്ടായ തർക്കമാണ് വീടുകയറി ആക്രമണത്തിന്
പ്രതികളെ പ്രേരിപ്പിച്ചത്. രണ്ട് മുതൽ 5 വരെ പ്രതികളാണ് പിടിയിലായത്.

ഒന്നാം പ്രതി ഒളിവിലാണ്. കവിയൂർ ആഞ്ഞിലിത്താനം പഴമ്പിള്ളി കൊച്ചുകുന്നക്കാട്ടിൽ
കുട്ടപ്പന്റെ മകൻ ജയേഷ് കെ കെ (39), ചിറയക്കുളം മാവേലി കിഴക്കേക്കാലായിൽ രവീന്ദ്രൻ പിള്ളയുടെ മകൻ രതീഷ് കുമാർ (39), മൈലക്കാട് മോനിഷ ഭവനിൽ മോഹനന്റെ മകൻ
മനീഷ് (25), മൈലക്കാട് ഞാറക്കലോടി വീട്ടിൽ കുഞ്ഞുകുഞ്ഞു മകൻ ആംബ്രോസ് എന്ന് വിളിക്കുന്ന ഹരികുമാർ (31) എന്നിവരെയാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. രാത്രി 10.30 ന് വീട്ടിൽ അതിക്രമിച്ചകയറിയ പ്രതികൾ സംഘം ചേർന്ന്
ശശികുമാറിനെയും ഭാര്യ മിനിയെയും മകൻ അനന്ദുവിനെയും മർദ്ദിക്കുകയായിരുന്നു.

സിറ്റൗട്ടിൽ നിന്ന ശശികുമാറിനെ രണ്ടും മൂന്നും പ്രതികൾ ചേർന്ന് കൈകൾ കൊണ്ട്
ദേഹമാസകാലം മർദ്ദിക്കുകയും, നാലാം പ്രതി വാൾ കൊണ്ട് വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മുറ്റത്തു നിന്ന അനന്ദുവിനെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും വടികൊണ്ട് തലയിലും പുറത്തും അടിക്കുകയും ചെയ്തു. തടസ്സം പിടിച്ച മിനിയെ 5 പ്രതികളും ചേർന്ന് അടിച്ച് താഴെയിട്ട് ചവുട്ടുകയും മുറിവേൽപ്പിക്കുകയുമായിരുന്നു.
അനന്ദുവിന്റെപരിക്കുകൾ ഗുരുതരമാണ്.

പ്രതികൾ മുറ്റത്തുകിടന്ന ഓട്ടോറിക്ഷ നശിപ്പിക്കുകയും, മിനിയുടെ കഴുത്തിലെ മാലയുടെ ഒരുഭാഗം കവർന്നെടുത്തതിൽ 70,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയുണ്ട്. കയ്യുടെ
അസ്ഥിക്ക് പൊട്ടലുമുണ്ടായി. എട്ടാം തിയതി ശശികുമാറിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് സ്ഥലത്ത് ശാസ്ത്രീയ അന്വേഷണവും മറ്റും നടത്തുകയും, പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, നാല് പ്രതികളെ വീടുകളിൽ നിന്നും മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. അഞ്ചാം പ്രതി
ഹരികുമാറിനെ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് ഇയാളുടെ വീടിന് സമീപത്ത് കുറ്റിക്കാട്ടിൽ നിന്നും രണ്ട് വടിവാളുകൾ പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതിക്കായുള്ള
തെരച്ചിൽ തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.