Konnivartha. Com :
പ്രവാസി മലയാളി ഫോറത്തിന്റെആഭിമുഖ്യത്തില്‍ അവാര്‍ഡ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിന് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡും സമ്മാനിച്ച ചടങ്ങില്‍ അന്‍പതിലധികം രാജ്യങ്ങളിലെ പ്രവാസികള്‍ ഒത്തുചേര്‍ന്നു. കൊച്ചി നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടിലാണ് സല്യൂട്ട് – ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
കഴിഞ്ഞ നാല് വര്‍ഷം കേരളത്തിലെ കോവിഡ് – വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത പ്രവാസി സംഘടനകള്‍, പ്രവര്‍ത്തകര്‍ എന്നിവരെയാണ് പുരസ്‌കാരം നല്‍കി സമൃദ്ധമായി ആദരിച്ചത്.
മാധ്യമരംഗത്തെ അറിയപ്പെടുന്ന പ്രതിഭകള്‍ക്കും, വ്യാവസായിക, കാര്‍ഷിക, കല, സാംസ്‌കാരിക രംഗത്ത് തനതായ സാന്നിദ്ധ്യം അറിയിച്ചവരുമായ വ്യക്തികള്‍ക്കും പ്രവാസി മലയാളി ഫോറം അവാര്‍ഡുകളും പ്രശസ്തി പത്രവും നല്‍കി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ അഡ്വ. നടയ്ക്കല്‍ ശശി, വേള്‍ഡ് മലയാളി ഫെഡറേഷന്റെ ടോം ജേക്കബ്ബ്, നവോദയ ഓസ്‌ട്രേലിയ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ രമേഷ് വി കുറുപ്പ്, വനിത യു.എസ്.എയുടെ സാരഥിയായ ഗീത ജോര്‍ജ്, സിഡ്‌നി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് മെമ്പര്‍ ജെറോമി, യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങരത്തറയ്ക്കു വേണ്ടി നിഷാദ് തുടങ്ങിയവര്‍ പ്രവാസി ഹുമാനിറ്റേറിയന്‍ 2022 അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റി ചെയര്‍മാന്‍ അലക്‌സ് കോശി വിളനിലം, ഫൊക്കാനയുടെ സ്ഥാപക നേതാവ് പോള്‍ കറുകപ്പള്ളി, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി ഹരി നമ്പൂതിരി, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍, തിരുവല്ല പ്രവാസി അസോസിയേഷന്റെ സാരഥി കുര്യന്‍ ചെറിയാന്‍, യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (യുഗ്മ) ചെയര്‍മാന്‍ എബ്രഹാം ജോണ്‍ തുടങ്ങിയവരെയും പ്രവാസി മലയാളി ഫോറം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. അവാര്‍ഡ് ജേതാക്കള്‍ തദവസരത്തില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സാജ് എര്‍ത്ത് റിസോര്‍ട്ടിലെ സന്ധ്യയില്‍ കലാ-സാഹിത്യ-വ്യാവസായിക രംഗത്ത് നൂനതനമായ ആശയങ്ങള്‍ വിന്യസിച്ച വ്യക്തികളെയും ആദരിക്കുകയുണ്ടായി. ഓര്‍ഗാനിക് ഭക്ഷ്യ വിഭവങ്ങളുടെ രംഗത്ത് നാവില്‍ വെള്ളമൂറുന്ന രുചിക്കൂട്ടുമായി രംഗത്തുള്ള എല്‍സാ ഓര്‍ഗാനിക് കറി മസാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വര്‍ഗീസ് മുട്ടം സ്‌പെഷ്യല്‍ അവാര്‍ഡ് സ്വീകരിച്ചു. സഞ്ജീവനി ലൈഫ് കെയര്‍ വില്ലേജ്, സ്‌പോര്‍ട്‌സ് ആന്‍ഡ് വെല്‍നസിന്റെ സാരഥി ഡോ. രഘുനാഥ്, പ്രീമിയം കേറ്ററിങ്ങ് രംഗത്തെ മികവിനുള്ള പുരസ്‌കാരം വീകെയ്‌വീസ് കേറ്റേഴ്‌സിന്റെ സാരഥി വി.കെ വര്‍ഗീസ് ഏറ്റുവാങ്ങി.
പ്രവാസി മലയാളി ഫോറത്തിന്റെ ഫാഷന്‍ ബിസിനസ് അവാര്‍ഡുകളും തദവസരത്തില്‍ വിതരണം ചെയ്തു. ഫാഷന്‍ മേഖലയില്‍ നിന്നും മിസ് ലുലു 2022 കിരീടം നേടിയ കൊച്ചിയിലെ ഹര്‍ഷ ശ്രീകാന്ത് ഈ മേഖലയില്‍ തിളങ്ങുന്ന ഹരി ആനന്ദ്, അജിത് പെഗാസിസ്, അരുണ്‍ രത്‌ന തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ലോക്ക്ഡ് ഇന്‍ സിനിമയ്ക്കുവേണ്ടി നായക നടനായ ആല്‍ബിന്‍ ആന്റോയ്ക്കും അവാര്‍ഡ് നല്‍കി.
വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് നേരില്‍ കാണുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചത് ഈ പ്രവാസി സംഗമത്തിന്റെ വിജയമായി. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുവാനും ഭാവിയില്‍ കൂട്ടായ ഒരു ആശയത്തിന്റെ പതാകയേന്തി വീണ്ടും സംഗമിക്കുവാനും സാധിക്കുമെന്ന ആശയം ഈ വേദിയില്‍ ഉരുത്തിരിഞ്ഞു.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക സമയത്തും, കോവിഡ് മഹാമാരിയുടെ സമയത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസികള്‍ എല്ലാം ഒരേ മനസ്സോടെ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവരെയെല്ലാമാണ് ഒരു കുടക്കീഴില്‍ അണിനിരത്തുകയും ‘ഹ്യുമാനിറ്റേറിയന്‍’ അവാര്‍ഡ് നല്‍കി ആദരിച്ചതും.
കേരളത്തില്‍ പ്രവാസികളെ ഇത്തരത്തില്‍ ആദരിക്കുന്ന പ്രഥമ പരിപാടി കൂടിയായിരുന്നു പ്രവാസി മലയാളി ഫോറം സംഘടിപ്പിച്ചത്.