Trending Now

ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം

കലോത്സവ വേദികളിൽ സർവ്വ സജ്ജമായി

ഫയർഫോഴ്‌സ് യൂണിറ്റുകൾ

കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്‌. മറ്റ് നാല് വേദികളിലായി ഓരോ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

 

പ്രധാന വേദിയിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമാണ് ഉള്ളത്. വേദികളിലൊന്നും അനിഷ്ട സംഭവങ്ങൾ സംഭവിക്കാതിരിക്കാനായി കൃത്യമായ ഇടപെടലാണ് വകുപ്പ് നടത്തുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു.

കലോത്സവ കാഴ്ച്ചകൾ ഒപ്പിയെടുത്തും

റിപ്പോർട്ടർമാരായും ലിറ്റിൽ കൈറ്റ്സ്

അംഗങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓരോ നിമിഷവും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തും കലോത്സവ നഗരിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. വേദികളിലും അണിയറകളിലും സജീവമായ നൂറുക്കണക്കിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് കലോത്സവം ഡോക്യുമെൻ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.

 

കലോത്സവത്തിന്റെ മനോഹര ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്തിയും കൈറ്റ്സ് ചാനലിന് വേണ്ടി വാർത്തകൾ തയ്യാറാക്കിയും സജീവ സാന്നിധ്യമാണ് ഈ കുട്ടിക്കൂട്ടം. ഓരോ വേദികളിലും രണ്ട് വീതം ക്യാമറമാൻമാരാണ് കലോത്സവ ചിത്രങ്ങൾ പകർത്താനുള്ളത്. കൂടാതെ ജനത്തിരക്കേറെയുള്ള വേദികളുടെ പരിസര കാഴ്ച്ചകൾ പകർത്താനും ഈ കുട്ടിക്കൂട്ടം ക്യാമറയുമായുണ്ട്. പത്തോളം കുട്ടികൾ ചാനലിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.

 

ലിറ്റിൽ കൈറ്റ്സിന് വേണ്ടി കുട്ടികൾ പകർത്തുന്ന ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്യുകയും ലിറ്റിൽ കൈറ്റ്സ് വെബ്സൈറ്റിൽ ചേർക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മത്സരാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ എല്ലാ വേദികളിലും ഹെല്പ് ഡെസ്കും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

 

കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍(കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനത്തിനും ലിറ്റിൽ കൈറ്റ്സ് വളൻ്റിയർമാരാണുള്ളത്.

ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം

കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്.

 

കലോത്സവത്തിന്റെ നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്കൂളിലെ ‘ഭൂമി’യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാർത്ഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

 

പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയിൽ നിന്ന് ലഭിച്ചത്.

 

വിവിധ യൂണിഫോം സേനകളും വളണ്ടിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വെക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വളണ്ടിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി.

 

നാളെ (ജനുവരി ഏഴ് ) കലോത്സവത്തിന് സമാപനമാവും. അഞ്ചു നാൾ നീണ്ട കലയുടെ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ മികച്ച കലോത്സവങ്ങളിലൊന്നായി നിലനിൽക്കും.

ഹൈടെക്ക് ഉത്സവം ഈ കലോത്സവം

61-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം അരങ്ങേറുന്നത് കോഴിക്കോടാണെങ്കിലും ലോകത്തിൻ്റെ ഏത് കോണിലുള്ളയാൾക്കും മത്സരങ്ങൾ വീക്ഷിക്കാനും ഫലങ്ങൾ അറിയാനും സാധിക്കും. അത്രക്കും ഹൈടെക്ക് സംവിധാനമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഈ കലോത്സവത്തിനും ഏർപ്പെടുത്തിയിരിക്കുന്നത്.

 

കലോത്സവം ടെലിവിഷനിൽ നിന്നു കാണാനായി കൈറ്റിൻ്റെ രണ്ട് ചാനലുകൾ വഴി മുഴുവൻ സമയ സംപ്രേക്ഷണവും ദൃശ്യങ്ങളും ഫലങ്ങളും രചനകളും അറിയാനും കാണാനും ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ സംവിധാനവും ആപ്പുമാണ് കൈറ്റ് ഏർപ്പെടുത്തിയത്.

 

കൈറ്റിൻ്റെ നേതൃത്വത്തിൽ അഞ്ച് വേദികളിൽ നിന്നും തത്സമയ സംപ്രേക്ഷണം രാത്രി 11 മണി വരെയാണ് തുടരുന്നുണ്ട്. ശേഷം രാത്രി 11 മണി മുതൽ പുനർ സംപ്രേക്ഷണവും നടക്കും. കൈറ്റിൻ്റെയും വിക്ടേഴ്സ് പ്ലസിൻ്റെയും ചാനലുകളിലൂടെയാണ് ഇടവേളകളില്ലാതെ കലോത്സവ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റിൻ്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെയുള്ള സംപ്രേക്ഷണം ഈ കലോത്സവം മുതലാണ് ആരംഭിച്ചത്.

കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ്പും വെബ്സൈറ്റുമാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE Ulsavam’ എന്ന് നല്‍കി നിരവധി പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്യുന്നത്. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവുമുണ്ട്.

 

കലോല്‍സവം പോര്‍ട്ടല്‍

www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്. വിധികർത്താക്കൾ ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ മത്സരാർത്ഥികളുടെ പേരും സ്കൂളും ഗ്രേഡുമെല്ലാം ഇതുവഴി അപ് ലോഡും ചെയ്യുന്നുണ്ട്. ഓരോ ദിവസവും നിരവധിയാളുകളാണ് വെബ്സൈറ്റ് സന്ദർശിക്കുന്നത്.

error: Content is protected !!