Trending Now

മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ആശ്വാസമായി പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം

 

konnivartha.com : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റററിൽ പുതുതായി ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം 7 ന് രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആശുപത്രിക്ക് കിടത്തി ചികിത്സ കഴിഞ്ഞ ആഗസ്റ്റ് 23 മുതൽ പ്രഖ്യാപിച്ചിരുന്നെങ്കിലും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് കിടത്തി ചികിത്സ നീളാൻ ഇടയായതെന്നും എംഎൽഎ പറഞ്ഞു.

ഇതിനു വേണ്ടി എൻ എച്ച് എം ന്റെ സൗകര്യങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി. എം എൽ എ ആയപ്പോൾ മുതൽ നിരന്തരമായി നടത്തിയ ഇടപെടലുകളെ അനുഭാവപൂർവ്വം പരിഗണിച്ച ആരോഗ്യ മന്ത്രിയോടുള്ള നന്ദിയും എംഎൽഎ അറിയിച്ചു. തുടർന്ന് കെട്ടിടങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 2.25 കോടി രൂപയാണ് ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്നത്.

ആശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്കാണ് ഏറെ പ്രയോജനം ചെയ്യുക . തോട്ടം മേഖലയായപെരുനാട്, ചിറ്റാർ , നാറാണംമൂഴി, വടശ്ശേരിക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്കും പട്ടികജാതി -പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഉൾപ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ നിലയ്ക്കൽ കഴിഞ്ഞാൽ ശബരിമല പാതയിൽ ഏറ്റവും അടുത്തുള്ള ആശുപത്രി എന്ന നിലയിൽ അടിയന്തര സാഹചര്യങ്ങൾ തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ആശുപത്രി .

ഇപ്പോഴത്തെ അവസ്ഥയിൽ 20 മുതൽ 30 കിലോമീറ്റർ സഞ്ചരിച്ച് പത്തനംതിട്ടയിലും റാന്നിയിലും പോയാണ് രോഗികൾ വിദഗ്ധ ചികിത്സ തേടുന്നത്. മലയോരമേഖലയിൽ അപകടങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും പതിവായ സാഹചര്യത്തിൽ ഇവയ്ക്ക് വിധേയരാവുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിലൂടെ സാധിക്കും
കിഴക്കൻ മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ അടിയന്തരമായി നടപ്പാക്കണം എന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിനോടും അഭ്യർത്ഥിച്ചിരുന്നു.

എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ആശുപത്രി വികസനത്തിനായി 2.25 കോടി രൂപ അനുവദിച്ചതും ഇവിടെ കിടത്തി ചികിത്സ യാഥാർത്ഥ്യമാക്കിയതും.. പഞ്ചായത്ത് കണ്ടെത്തി നൽകുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുക.