ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/01/2023)

സന്നിധാനത്ത് ഭക്തജന തിരക്കേറി

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിച്ച്, ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന് പോലീസ് സുസജ്ജമാണന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി എസ് അജി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് തീര്‍ന്നാലും സ്‌പോര്‍ട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാണെന്നും ഇതര സംസ്ഥാന ഭക്തന്മാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ദര്‍ശന ശേഷം ഭക്തര്‍ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന് വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ അറിയിക്കുന്നുമുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ 65,670പേര്‍ മലചിവിട്ടിയതായാണ് കണക്ക്. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണിത്. ഇതിനുപുറമേ പുല്ല്‌മേട് വഴിയും ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തജന പ്രവാഹമേറുമെന്നാണ് കരുതുന്നത്.

 

ശബരിമലയിലെ  ചടങ്ങുകള്‍
(05.01..2023)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
9.30 മണിക്ക് …..അത്താഴപൂജ
11.20 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

വയലിനില്‍ അമൃതധാരായി കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍

ശബരിനാഥന് വയലിനില്‍ സംഗീതാര്‍ച്ചനയുമായി യുവ വയലിനിസ്റ്റ് കൊട്ടയൂര്‍ ജനാര്‍ദ്ദനന്‍. തമിഴ്‌നാട്ടിലെ യുവ കര്‍ണ്ണാടക സംഗീതജ്ഞരില്‍ ശ്രദ്ധേയനായി വരുന്ന കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍ തന്റെ അമ്മാവനൊപ്പമാണ് സന്നിധാന മുഖ്യ മണ്ഡപത്തെ സംഗീത സാന്ദ്രമാക്കിയത്. കര്‍ണ്ണാടക സംഗീതത്തിലെ അനശ്വരകൃതികള്‍ക്കൊപ്പം ഭക്തിഗാനങ്ങളും ഗീതങ്ങളും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്ക് അമൃതധാരയായി.

പ്രസിദ്ധമായ വാതാപി ഗണപതിം ഭജേ.. എന്ന കൃതിയോടെയാണ് ജനാര്‍ദ്ദനന്‍ വയലിന്‍ കച്ചേരി തുടങ്ങിയത്.തുടര്‍ന്ന് അന്നമാചാര്യരുടെ ബ്രഹ്മം ഒക്കടെ പരം ബ്രഹ്മം ഒക്കടെയെന്ന കീര്‍ത്തനവും ഭക്തി ഗായകന്‍ വീരമണിരാജിന്റെ സ്വാമി അയ്യപ്പ എന്ന ഭക്തിഗാനവും ജനാര്‍ദ്ദനന്‍ വായിച്ചു . ശിങ്കാരവേലനെ ദേവാ എന്ന ജനപ്രിയ സിനിമാ ഭക്തിഗാനവും കാനഡ രാഗത്തിലെ ജനപ്രിയ കൃതിയായ അലൈ പായുതെയും പുരന്ദരദാസ കൃതിയായ ഭാഗ്യാത ലക്ഷ്മി ബാരമ്മയും വായിച്ചത് ശ്രോതാക്കളെ ആനന്ദത്തിലാഴ്ത്തി.തവിലില്‍ അമ്മാവന്‍ കൂടിയായ തൃക്കണമഗെ ജി രാജ അകമ്പടിയായി. തഞ്ചാവൂരിലെ സംഗീത കുടുംബത്തില്‍ ജനിച്ച ജനാര്‍ദ്ദനന്‍ പത്ത് വയസ് മുതല്‍ വയലിന്‍ അഭ്യസിക്കുന്നു. പ്രമുഖ വയലിന്‍ ആചാര്യന്‍ ദേവി പ്രസാദാണ് ഗുരു. ഭാരതി ദാസന്‍ സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ജനാര്‍ദ്ദനന്‍ നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ച് വരുന്നു.

 

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- ജില്ലാ കളക്ടര്‍
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഹാളില്‍ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനതിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വന്‍ ജനതിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടത്തുക. തിരക്ക് ക്രമീകരിക്കലാണ് ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല. ഇരുനൂറ് പോലീസുകാര്‍ അടങ്ങുന്ന സംഘം തിരുവാഭരണ ഘോഷയാത്രയില്‍ സുരക്ഷയൊരുക്കും.
ഒരു മെഡിക്കല്‍ ടീം ആംബുലന്‍സ് ഘോഷയാത്രയോടൊപ്പം ഉണ്ടാവും. കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം ആറു വരെ ചികിത്സാ സംവിധാനമൊരുക്കും.  ചെറുകോല്‍ പ്രാഥമികാരോഗ്യകേന്ദ്രം,  കാഞ്ഞീറ്റുകര, റാന്നി പെരുനാട്, എന്നീ ആശുപത്രികളില്‍ ഇരുപത്തിനാലു മണിക്കൂര്‍ സേവനമൊരുക്കും. വടശേരിക്കര ആശുപത്രിയില്‍ രാത്രി എട്ടു വരെയും ചികിത്സാ സഹായമൊരുക്കും. ഫയര്‍ഫോഴ്സിന്റെ പതിനൊന്നു പേരടങ്ങുന്ന ഫസ്റ്റ് റസ്പോണ്‍സ് ടീം, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഘോഷയാത്രയോടൊപ്പം ഉണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു.

 

യാതൊരു വിധ പരാതികളും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ തിരുവാഭരണ ഘോഷയാത്ര നടത്തും. സമാധാനപരമായി ഘോഷയാത്ര നടത്തുന്നതിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാവണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മ, കൊട്ടാരം നിര്‍വഹണ സംഘം പ്രസിഡന്റ് ടി.ജി. ശശികുമാര വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ, ട്രഷറര്‍ ദീപാവര്‍മ്മ, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥിപാല്‍, സെക്രട്ടറി ആഘോഷ് വി സുരേഷ്, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ സൈനു രാജ്, ഡിവൈഎസ്പി ആര്‍. ബിനു, വകുപ്പുതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തിരുവാഭരണ ഘോഷയാത്ര : ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവാഭരണ ഘോഷയാത്ര സുഗമമായി കടന്നു പോകുന്നതിനതിനുള്ള ഒരുക്കങ്ങള്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തിരുവാഭരണ പാതയിലെ സാധാരണ ബള്‍ബുകള്‍ നീക്കി 25 വാട്ട് വീതമുള്ള വലിയ ബള്‍ബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് നേതൃത്വത്തിലാണ് നടക്കുന്നത്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊന്നുംതോട്ടം അമ്പലം മുതല്‍ ചെറുകോല്‍ പുഴകടവ് വരെയാണ് തിരുവാഭരണ പാത കടന്നുപോകുന്നത്. പൊന്നും തോട്ടം അമ്പലത്തിന് സമീപം നൂറ് വാട്ടിന്റെ രണ്ട് ബള്‍ബുകളും ഇടുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയതു.
പാതയോരങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അയ്യപ്പ ഭക്തന്മാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി നല്‍കുമെന്നും പ്രസിഡന്റ് ജിജി വര്‍ഗീസ് പറഞ്ഞു. പാതയോരം വൃത്തിയായി സൂക്ഷിക്കുന്നതിന് ശുചികരണ പ്രവര്‍ത്തനങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ വിതരണവും ഹരിതകര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കും.
error: Content is protected !!