മുഖം മിനുക്കാനൊരുങ്ങി ഗാന്ധിസ്മൃതി മൈതാനം
അടൂര്‍ ഗാന്ധിസ്മൃതി മൈതാനം നിര്‍മ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു
ഗാന്ധിസ്മൃതി മൈതാനത്തിന്റെ പുനര്‍ നിര്‍മ്മാണം അടൂരിന്റെ പെരുമ വിളിച്ചോതുന്ന വിധം ആയിരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗാന്ധിസ്മൃതി മൈതാനത്തിന്റെ നിര്‍മാണോദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും പ്രകൃതിസൗഹൃദ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഒരുപാട് കാലത്തെ ചരിത്രം അവകാശപ്പെടാന്‍ ഉള്ളതും ഒരു കാലത്ത് അടൂര്‍ നഗരത്തിന്റെ മുഖ്യ ആകര്‍ഷണവുമായിരുന്നു അടൂര്‍ നഗരഹൃദയത്തിലുള്ള ഗാന്ധിസ്മൃതി മൈതാനം കഴിഞ്ഞ കുറച്ച് നാളുകളായി മെയിന്റനന്‍സ് നടത്താന്‍ സാധിക്കാത്തതിനാല്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുന്‍കൈ എടുത്തതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് അടൂരില്‍ തുടക്കമായത്.
മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അതിലെ പക്ഷികള്‍ക്ക് യഥേഷ്ടം താമസിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകാത്തക്ക വിധത്തിലും എന്നാല്‍ അതോടൊപ്പം തന്നെ അടൂര്‍ പട്ടണത്തിന്റെ പ്രൗഢത വിളിച്ചറിയിക്കുന്ന വിധത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ ചിലവഴിച്ചുള്ള പദ്ധതിയാണ് നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. രാഷ്ട്രപിതാവിന്റെ പേരില്‍ നഗരഹൃദയത്തിലുള്ള ഗാന്ധിസ്മൃതി മൈതാനത്തിന് 2014-15 വര്‍ഷത്തെ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ടൈല്‍ പാകുകയും കുട്ടികളുടെ കളിക്കോപ്പുകള്‍ സ്ഥാപിക്കുകയും ചുറ്റുമതില്‍ പെയിന്റ് ചെയ്യുകയും ചെയ്തതാണ്.
കവാടങ്ങളും ചുറ്റുമതിലും മോഡികൂട്ടി നവീകരിക്കുകയും തറ ടൈല്‍ പാകി മനോഹരമാക്കുന്നതിനും പ്രത്യേകരീതിയിലുള്ള മേല്‍ക്കൂര സ്ഥാപിക്കുന്നതും കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്ക്, ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും ആര്‍ട്ട് വാള്‍ ഉണ്ടാക്കാനും പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏരിയ ഉണ്ടാക്കാനും പൂന്തോട്ടം നിര്‍മിക്കുന്നതുമാണ് രൂപരേഖ. ഒപ്പം പരിപാടികള്‍ക്കായി നിലവിലുള്ള ഓപ്പണ്‍ സ്റ്റേജ് നവീകരിക്കാനും പദ്ധതിവിഭാവനം ചെയുന്നുണ്ട്. പദ്ധതി നിര്‍വഹണ ചുമതല ഹാബിറ്റാറ്റിനാണ്.
ചീഫ് ആര്‍ക്കിടെക്റ്റര്‍ പത്മശ്രീ ശങ്കര്‍ പദ്ധതി വിശദീകരിച്ചു. പ്രധാന കവാടങ്ങള്‍ക്ക് ചുറ്റിലുമായി സ്റ്റെയിന്‍ലസ് സ്റ്റീല്‍കൊണ്ടുള്ള ചുറ്റുമതില്‍, മൈതാനത്തിനുള്ളില്‍ പുതിയ ടൈലുകള്‍ പാകി തറ നവീകരിക്കുക, മരത്തില്‍ തങ്ങുന്ന കിളികളുടെ കാഷ്ടം തലയില്‍ വീഴാത്തവിധം വെളിച്ചം കടക്കുന്ന മേല്‍ക്കൂര, അടൂരിന്റെ സിനിമ – സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്നവരെ കുറിച്ച് ചെറുചരിത്രം അനാവരണം ചെയ്യുന്ന എല്‍ ഇ ഡി വാള്‍, പ്രത്യേക സൗണ്ട് സിസ്റ്റം,വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്ന റേഡിയോ കിയോസ്‌ക്ക് പുനസ്ഥാപിക്കുക എന്നിവയാണ് പദ്ധതികള്‍.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ബീനാ ബാബു, ഡി ശശികുമാര്‍, എ പി ജയന്‍, പി രവിന്ദ്രന്‍, കെ ജി വാസുദേവന്‍, വര്‍ഗ്ഗീസ് പേരയില്‍, ഏഴംകുളം നൗഷാദ്, ഏഴംകുളം അജു, കെ ആര്‍ ചന്ദ്രമോഹനന്‍, ജയന്‍ അടൂര്‍, സാംസണ്‍ ഡാനിയേല്‍, സജു മിഖായേല്‍, റോഷന്‍ ജേക്കബ്, മഹേഷ്‌കുമാര്‍,അനിത, അപ്‌സര സനല്‍, രജനീ രമേശ്, ആര്‍ ഡി ഒ തുളസീധരന്‍പിള്ള , തഹസില്‍ദാര്‍ പ്രദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.