Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 25/12/2022 )

സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയെത്തിയത്
44,484 പേര്‍

* ഗുരുതരാവസ്ഥയിലെത്തിച്ച 875 പേരില്‍ 851 പേരെയും രക്ഷിക്കാനായി
*മകരവിളക്കു പ്രമാണിച്ച് കരിമലയില്‍ ഒരു ഡിസ്‌പെന്‍സറി കൂടി

ശബരിമല: കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനായതുകൊണ്ട് ഈ മണ്ഡലകാലത്ത് സന്നിധാനത്തെ ആരോഗ്യവകുപ്പിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലൂടെ രക്ഷിക്കാനായത് 851 അയ്യപ്പന്മാരുടെ ജീവനുകള്‍. അതേസമയം അതീവ ഗുരുതരനിലയില്‍ സന്നിധാനത്തെ ആശുപത്രിയിലെത്തിയ 875 ഭക്തരില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടവുമായി.
സന്നിധാനത്തെ ആശുപത്രിയില്‍ ഈ സീസണില്‍ ഇന്നലെ (ഡിസംബര്‍ 25) ഉച്ചവരെ 44,484 ഭക്തരാണ് ചികിത്സക്കെത്തിയത്. ശരീരവേദന, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അപസ്മാരം, പനി തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഭൂരിഭാഗവും ചികിത്സ തേടിയത്.
ജീവന്‍ നഷ്ടമായവരില്‍ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരോ തുടര്‍ച്ചയായി മരുന്നുകഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തവരോ ആണെന്ന് മെഡിക്കല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രഷോദ് പറഞ്ഞു. വേണ്ടത്ര വിശ്രമമില്ലാതെയുള്ള മലകയറ്റവും ജീവന്‍ നഷ്ടമാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ഡോ. പ്രഷോദ് പറഞ്ഞു.

പമ്പയില്‍നിന്ന് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. മകരവിളക്കു പ്രമാണിച്ച് ജനുവരി ഒന്നുമുതല്‍ കരിമലയില്‍ ഒരു ഡിസ്‌പെന്‍സറി കൂടി പ്രവര്‍ത്തനമാരംഭിക്കും.

നിലവില്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മല, മരക്കൂട്ടം, വാവര്‍നട, പാണ്ടിത്താവളം, സന്നിധാനം എന്നിവിടങ്ങളിലെ ഇ.എം.സിയിലൂടെ ഭക്തര്‍ക്ക് വൈദ്യസഹായം നല്‍കിവരുന്നുണ്ട്. ഇവിടങ്ങളിലെത്തുന്ന രോഗികളില്‍ ഗുരുതരപ്രശ്‌നമുള്ളവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സൗകര്യമുണ്ട്. അവിടെനിന്നു പ്രാഥമിക ചികിത്സ നല്‍കി പമ്പയിലേക്കും തുടര്‍ന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോകും. ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സ് സേവനം മുഴുവന്‍ സമയവും ലഭ്യമാണ്.

കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി എന്നിങ്ങനെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ഡോക്ടര്‍മാര്‍, എട്ട് നഴ്‌സുമാര്‍, നാല് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് അറ്റന്‍ഡര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും സന്നിധാനത്തെ ആശുപത്രിയില്‍ ലഭ്യമാണ്.

തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത്
മണ്ഡലപൂജ  (ഡിസംബര്‍ 27)

ശബരിമല: കലിയുഗവരദന് ചാര്‍ത്താനുള്ള തങ്ക അങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര  (ഡിസംബര്‍ 26) വൈകിട്ട് സന്നിധാനത്ത് എത്തും. വൈകിട്ട് 5.30ന് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തങ്ക അങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.35ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. പിന്നീട് ഭക്തര്‍ക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. 26ന് രാത്രി 9.30 ന് അത്താഴപൂജ. രാത്രി 11.20ന് ഹരിവരാസനം പാടി 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഡിസംബര്‍ 27ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബര്‍ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും.

ശബരിമലയിലെ  ചടങ്ങുകള്‍
(26.12.2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
5.30 ന് ശരംകുത്തിയില്‍ തങ്കയങ്കി ഘോഷയാത്രക്ക് വരവേല്‍പ്പ്
6.35ന്… തങ്കയങ്കി ചാര്‍ത്തിയുള്ള
മഹാദീപാരാധന
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.